left-handers

ഇന്ന് വേൾഡ് ലെഫ്ട് ഹാൻഡേഴ്സ് ഡേ ആണ്. വലംകൈയ്ക്ക് സ്വാധീനമുള്ളവരാണ് ഏറെയെങ്കിലും ഇടംകൈ കൊണ്ട് ലോകം കീഴടക്കിയവർ ഒട്ടും കുറവല്ല. കായികരംഗത്ത് വിസ്മയം തീർത്ത ഇടംകൈയൻ പ്രതിഭകളെ പരിചയപ്പെടാം. ക്രിക്കറ്റിലും ടെന്നീസിലും ബേസ്ബാളിലുമൊക്കെയാണ് ഇടംകൈയൻമാർ കൂടുതലും കരുത്തുകാട്ടാറുള്ളത്.

ബ്രയാൻ ലാറ

ക്രിക്കറ്റ്

ക്രിക്കറ്റിൽ റെക്കാഡുകളുടെ രാജകുമാരനായി മാറിയ വെസ്റ്റ് ഇൻഡീസുകാരൻ ബ്രയാൻ ലാറ ഇടംകൈയനായിരുന്നു. ടെസ്റ്റിലും ഫസ്റ്റ്ക്ളാസ് ക്രിക്കറ്റിലും ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന് ഉടമയായ ലാറ ഇടംകൈയൻ ബാറ്റിംഗിന്റെ അപൂർവചാരുത പ്രദർശിപ്പിച്ചയാളാണ്. ലാറയുടെ ഷോട്ടുകൾ സൗന്ദര്യത്തികവേറിയതും ശക്തവുമായിരുന്നു. ബൗളർമാരുടെ ഏതുതരത്തിലുള്ള പന്തുകളും നേരിടാനുള്ള കൈവഴക്കവും ലാറയ്ക്ക് ഉണ്ടായിരുന്നു.

സൗരവ് ഗാംഗുലി

ക്രിക്കറ്റ്

ക്രീസിൽ നിന്ന് മുന്നോട്ടുചാ‌ടിയിറങ്ങി ഇടംകൈകൊണ്ട് ഗാലറിക്ക് മുകളിലേക്ക് തൂക്കിയുയർത്തുന്ന ഗാംഗുലിയുടെ ഷോട്ടുകൾ ഇന്നും ക്രിക്കറ്റ് ആരാധകർക്ക് രോമാഞ്ചമുണ്ടാക്കുന്നു. ഇടംകയ്യനായതിനാൽ ഗാംഗുലിയുടെ ഷോട്ടുകൾ ഏറെയും പാഞ്ഞത് ഒാഫ് സൈഡിലേക്ക്. അതുകൊണ്ടുതന്നെ ഒാഫ്സൈഡിലെ ദൈവം എന്ന വിളിപ്പേരും അദ്ദേഹത്തെ തേടിയെത്തി.എന്നാൽ വലതുകൈകൊണ്ട് ബൗൾ ചെയ്യാനാണ് അദ്ദേഹം താത്പര്യപ്പെട്ടത്.

സനത് ജയസൂര്യ

ക്രിക്കറ്റ്

ലങ്കൻ ക്രിക്കറ്റിന്റെ തലവരമാറ്റിയെഴുതിയത് ജയസൂര്യയുടെ ഇടംകൈയൻ ബാറ്റിംഗാണ്. 1996 ലോകകപ്പിൽ ജയസൂര്യയുടെ ബാറ്റിൽ നിന്ന് ഉതിർന്ന വെടിയുണ്ടകൾ ഏകദിന ക്രിക്കറ്റിന്റെ മുഖംതന്നെ മാറ്റി മറിച്ചുകളഞ്ഞു. അതിവേഗത്തിൽ റൺസ് നേടാനും ഗ്രൗണ്ടിന്റെ ഏതുഭാഗത്തേക്ക് ഷോട്ടുതിർക്കാനും ജയസൂര്യയ്ക്ക് കഴിഞ്ഞിരുന്നു. മികച്ച ഇടംകൈയൻ സ്പിന്നറുമായിരുന്നു ജയസൂര്യ.

ഗാരി സോബേഴ്സ്

ക്രിക്കറ്റ്

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ആൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാമതുള്ള വിൻഡീസുകാരൻ ഗാരി സോബേഴ്സ് ഇടംകൈയനാണ്. ലാറയ്ക്ക് മുന്നേ ടെസ്റ്റിലെ ഏറ്റവും ഉയർന്ന സ്കോർ സ്വന്തമാക്കിയിരുന്നത് സോബേഴ്സാണ്. ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ ഒരോവറിൽ ആറ് സിക്സുകൾ അടിച്ച റെക്കാഡും ഇദ്ദേഹത്തിനുണ്ട്. ഇടംകൈ കൊണ്ട് മീഡിയം പേസ്, ഒാർത്തഡോക്സ്, ചൈനാമാൻ സ്റ്റൈലുകളിൽ ബൗളിംഗും നടത്തി.

ക്ളൈവ് ലോയ്ഡ്

ക്രിക്കറ്റ്

കരീബിയൻ ക്രിക്കറ്റിലെ മറ്റൊരു ഇടംകൈയൻ പ്രതിഭ.രണ്ട് ദശകത്തോളം വിൻഡീസ് ക്രിക്കറ്റിൽ നിറഞ്ഞുനിന്നു. നല്ല ഉയരവും കട്ടിമീശയും ഒക്കെയായി അതികായനായി മാറിയ ലോയ്ഡിന്റെ ശക്തിയേറിയ ഷോട്ടുകൾ ബൗളർമാർക്ക് പേടിസ്വപ്നമായിരുന്നു.

വാസിം അക്രം

ക്രിക്കറ്റ്

ഇടംകൈയൻ പേസ് ബൗളിംഗിന്റെ മാസ്മരികത അനുഭവിപ്പിച്ച ആളാണ് വാസിം അക്രം. ഒരോവറിലെ ആറുപന്തുകളും ആറ് വ്യത്യസ്ത രീതിയിൽ എറിയാൻ കഴിവുണ്ടായിരുന്നു.സ്വിംഗ് ബൗളിംഗിന് അനുയോജ്യമായ പിച്ചുകളിൽ വാസിമിനെ നേരിടുക ഏത് ബാറ്റ്സ്മാനും വെല്ലുവിളിയായിരുന്നു. ബാറ്റിംഗിലും അരക്കൈ നോക്കിയിട്ടുണ്ട്.

മാത്യു ഹെയ്ഡൻ

ക്രിക്കറ്റ്

ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ മിന്നിത്തിളങ്ങിയ , സ്ഥിരതയുടെ പര്യായമായ ബാറ്റ്സ്മാനായിരുന്നു ഹെയ്ഡൻ. താരതമ്യേന നീളം കുറഞ്ഞ മംഗൂസ് ബാറ്റ് ഉപയോഗിച്ചുള്ള ഹെയ്ഡന്റെ ബാറ്റിംഗിന്റെ അനായാസതയായിരുന്നു ഏറ്റവും വലിയ ആകർഷണം.

യുവ്‌രാജ് സിംഗ്

ക്രിക്കറ്റ്

ഇടംകൈകൊണ്ട് വിസ്മയം തീർത്ത യുവരാജാവ്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളിൽ യുവിയുടെ ഇടംകെെയൊപ്പ് പതിഞ്ഞിരിക്കുന്നു. 2007 ട്വന്റി-20 ലോകകപ്പിൽ സ്റ്റുവർട്ട് ബ്രോഡിനെ ഒരോവറിൽ ആറ് സിക്സുകൾ പറത്തിയ മാന്ത്രികൻ. ഇടംകൈ സ്പിൻ മികവുകൊണ്ടും 2011 ലോകകപ്പിൽ ശ്രദ്ധേയനായി.

സഹീർ ഖാൻ

ഇന്ത്യൻ ക്രിക്കറ്റിൽ ഇടംകൈ പേസ് ബൗളിംഗിന് ഇടം നേടിക്കൊടുത്തയാളാണ് സഹീർ. ഇൻസ്വിംഗറുകളും ഒൗട്ട്സ്വിംഗറുകളുമായിരുന്നു സഹീറിന്റെ വജ്രായുധം. മികച്ച വേഗം നില നിറുത്താനും കഴിഞ്ഞു. സഹീറിന് പിന്നാലെ മറ്റൊരു ഇടംകയ്യനായ ആശിഷ് നെഹ്റയുമെത്തി.

ആദം ഗിൽക്രിസ്റ്റ്

ക്രിക്കറ്റ്

വിക്കറ്റ് കീപ്പറായിരുന്നു ഗിൽക്രിസ്റ്റിന്റെ ഇടംകൈയൻ ബാറ്റിംഗ് കാണികൾക്ക് ബൗണ്ടറികളുടെ ഉത്സവമാണ് സൃഷ്ടിച്ചിരുന്നത്. ഹെയ്ഡനൊപ്പം നിരവധി ഒാപ്പണിംഗ് ഇന്നിംഗ്സുകളിൽ ഗില്ലി തകർത്തടിച്ചിട്ടുണ്ട്.

കുമാർ സംഗക്കാര

ക്രിക്കറ്റ്

ശ്രീലങ്കൻ വിക്കറ്റ് കീപ്പറും ക്യാപ്ടനുമൊക്കെയായിരുന്ന സംഗക്കാരയുടെ ബാറ്റിംഗ് സൗന്ദര്യാത്മകമായിരുന്നു. മഹേലയ്ക്കൊപ്പം ദീർഘങ്ങളായ നിരവധി ഇന്നിംഗ്സുകൾ കളിച്ചു.അപൂർവമായി ബൗൾ ചെയ്തിട്ടുണ്ട്. അത് വലംകൈ കൊണ്ടായിരുന്നു.

ഡേവിഡ് ഗവർ

ക്രിക്കറ്റ്

ഏതെങ്കിലും ഒരു ഇടംകൈയൻ ബാറ്റ്സ്മാന്റെ കവർ ഡ്രൈവുകൾ കാണികളെ അത്രയേറെ ഹരംപിടിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ഇംഗ്ളീഷുകാരനായ ഡേവിഡ് ഗവറിന്റേതാണ്. സൗന്ദര്യം വഴിഞ്ഞൊഴുകുന്നതായിരുന്നു ആ ഇന്നിംഗ്സുകൾ.

അലൻ ബോർഡർ

ക്രിക്കറ്റ്

ഒരു കാലത്ത് ആസ്ട്രേലിയൻ ക്രിക്കറ്റ് അടക്കി ഭരിച്ച, റൺ റെക്കാഡുകൾ സൃഷ്ടിച്ച അലൻ ബോർഡറും മികച്ച ഇടംകൈയൻ ബാറ്റ്സ്മാനായിരുന്നു.

ഇപ്പോഴത്തെ ഇടംകൈയൻമാർ

ഇപ്പോഴത്തെ ഇന്ത്യൻ ടീമിലും നിരവധി ഇടംകൈയന്മാരുണ്ട്. ഒാപ്പണർ ശിഖർ ധവാനാണ് കൂട്ടത്തിലെ സീനിയർ.ആൾറൗണ്ടർ രവീന്ദ്ര ജഡേജ,വിക്കറ്റ് കീപ്പർ റിഷഭ് പന്ത്, ക്രുനാൽ പാണ്ഡ്യ,കുൽദീപ് യാദവ് എന്നിവർ പട്ടികയിലുണ്ട്. വാഷിംഗ്ടൺ സുന്ദർ ഇടംകൈ ബാറ്റ്സ്മാനും വലംകൈ ബൗളറുമാണ്.

ടെന്നിസിലെ ഇടതുപക്ഷം

ഇതിഹാസതാരങ്ങളായ റോഡ് ലേവറും ജോൺ മക്എൻറോയും മാർട്ടിന നവ്‌രത്തിലോവയും ജിമ്മി കോണേഴ്സും മാനുവൽ ഒരാന്റസും മോണിക്കാ സെലസും ഗൊരാൻ ഇവാനിസേവിച്ചും ഗ്വില്ലർമോ വിലാസും മുതൽ ഇപ്പോഴത്തെ സൂപ്പർ താരം റാഫേൽ നദാൽ വരെ ടെന്നിസിലെ ഇടംകയ്യൻ സൂപ്പർസ്റ്റാറുകളുടെ പട്ടിക നീളുന്നു. വനിതാ ടെന്നീസിൽ ഇപ്പോഴത്തെ മുൻനിര ഇടതുതാരങ്ങൾ പെട്ര ക്വിറ്റോവയും ഏൻജലിക് കെർബറുമാണ്.

കാൽപന്തിലെ കൈ

ഫുട്ബാളിൽ ഗോളിയല്ലാതെ കൈകൊണ്ട് തൊടുന്നത് ഫൗളാണ്. എന്നാൽ ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ താരങ്ങളിൽ പലരും ഇടംകൈയന്മാരായിരുന്നു. സാക്ഷാൽ പെലെയും ഡീഗോ മറഡോണയും റൊമാരിയോയും യൊഹാൻ ക്രൈഫും ഒക്കെ ഇടംകയ്യന്മാരായിരുന്നു. 1986 ലോകകപ്പിൽ ഇംഗ്ളണ്ടിനെതിരെ മറഡോണ തന്റെ ഇടംകൈ കൊണ്ട് ഗോളടിച്ച ശേഷമാണ് "ദൈവത്തിന്റെ കൈ " എന്ന പ്രയോഗം നടത്തിയത്. കളിക്കളത്തിൽ വലംകാലുകൊണ്ട് ഷോട്ടുതിർക്കാൻ പാകത്തിൽ പന്തുകിട്ടിയാലും ഇടംകാലിലേക്ക് മാറ്റുന്ന ശീലമുണ്ടായിരുന്നു മറഡോണയ്ക്ക്. ഇക്കാലത്തെ ഏറ്റവും വലിയ ഇടംകാൽ പ്രതിഭ സെമി പക്ഷേ എഴുതുന്നത് വലംകൈകൊണ്ടാണ്.

മറ്റ് ഇടംകൈ വീരന്മാർ

മാർക്ക് സ്പിറ്റ്സ് (നീന്തൽ)

ലിൻ ഡാൻ (ബാഡ്മിന്റൺ)

ജ്വാല ഗുട്ട (ബാഡ്മിന്റൺ)

വലന്റീനോ റോസി (റേസിംഗ്)

സാം പെർക്കിൻസ് (ബാസ്കറ്റ് ബാൾ)

വിൽ റസൽ (ബാസ്കറ്റ് ബാൾ)

കേരള കൗമുദി ഇ പേപ്പറിൽ ഇടംകൈയന്മാർക്കുള്ള സ്പെഷ്യൽ പേജിന് ഇടം കൊടുക്കാൻ തോന്നിയതിന് പ്രത്യേക നന്ദി. കേരള ക്രിക്കറ്റ് ടീമിൽ ഒരു സമയത്ത് ഞങ്ങൾ ഇടംകൈയന്മാരുടെ ഒരു കൂട്ടം തന്നെയുണ്ടായിരുന്നു. ക്യാപ്ടനായിരുന്ന സച്ചിൻ ബേബി, രോഹൻ പ്രേം,മനു കൃഷ്ണൻ, കെ.ജെ രാകേഷ്, പ്രശാന്ത് പരമേശ്വരൻ ,ഞാൻ എന്നിങ്ങനെ ഒരു സംഘം. ഇപ്പോൾ സച്ചിൻ ബേബിക്കാപ്പം പരമ്പര നിലനിറുത്താനായി സൽമാൻ നിസാറുമുണ്ട്. ഞങ്ങൾക്ക് മുന്നേ വന്നുപോയവരും വരാനിരിക്കുന്നവരുമായ , ലോകത്തമ്പാടുമുള്ള എല്ലാ ഇടംകൈയൻമാർക്കും എല്ലാ ആശംസകൾ.

പ്രശാന്ത് പത്മനാഭൻ

കേരള ക്രിക്കറ്റർ