chennithala-new

തിരുവനന്തപുരം: സമനില തെറ്റിയ നിലയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണങ്ങളെന്ന് ആക്ഷേപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി പുറത്തുകൊണ്ടുവരുമ്പോൾ അത് ഉപജാപമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

'കൊവിഡ് പ്രതിരോധം പത്രസമ്മേളനങ്ങളിൽ മാത്രമാണ്. മാദ്ധ്യമപ്രവർത്തകരെ സൈബർ ഗുണ്ടകളെ വിട്ട് ആക്രമിക്കുന്നു. തന്റെ ഫീസിനെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കരുതെന്നാണ് മുഖ്യമന്ത്രി പറയുന്നത്.പുകഴ്ത്തിയാൽ പരവതാനി, വിമർശിച്ചാൽ സൈബർ ആക്രമണം എന്നതാണവസ്ഥ. മാദ്ധ്യമ ആക്രമണത്തിനുളള ലൈസൻസ് കിട്ടുന്നത് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്നാണ്. മാദ്ധ്യമപ്രവർത്തകരെ ആരോ പറഞ്ഞുവിടുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. സർക്കാരിന്റെ അഴിമതികൾ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നതിലുളള പ്രശ്നമാണ് മുഖ്യമന്ത്രിക്ക്. വാഷിംഗ്ടണിൽ ട്രംപ് ചെയ്യുന്നതും ന്യൂഡൽഹിയിൽ മോദിചെയ്യുന്നും തിരുവനന്തപുരത്ത് പിണറായി ചെയ്യുന്നതും ഒന്നുതന്നെയാണ്'- അദ്ദേഹം പറഞ്ഞു.

പ്രസ് സെക്രട്ടറി നടത്തുന്ന മോശം പരാമർശങ്ങളെപ്പോലും തളളിപ്പറയാൻ തയ്യാറാകാത്ത മുഖ്യമന്ത്രി ആളുകളെ ചിത്രവധം നടത്തി അപമാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'എന്നെ ചാരി അവിടത്തെ പ്രശ്നങ്ങൾ ഉന്നയിക്കരുത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഞാൻ ചോദിച്ച ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടി പറഞ്ഞിട്ടില്ല. പക്ഷേ താൻ ഒരിക്കലും മുഖ്യമന്ത്രിയെ ചാരിയിട്ടില്ല എന്നും ചെന്നിത്തല പറഞ്ഞു.