ന്യൂഡൽഹി: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജാമ്യാപേക്ഷയുമായെത്തിയ പ്രതിയോട് ശ്രീകൃഷ്ണൻ ജനിച്ച ജയിലിൽ നിന്ന് പുറത്തു പോകണോയെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ധർമേന്ദ്ര വാൽവിയുടെ അപേക്ഷ പരിഗണിക്കവേയായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം.
'നിങ്ങൾക്ക് ജാമ്യം വേണോ, ജയിൽ വേണോ? ഇന്ന് ശ്രീകൃഷ്ണൻ ജയിലിൽ ജനിച്ച ദിനം, നിങ്ങൾക്ക് ജയിലിൽ നിന്ന് പോകണോ?' ബോബ്‌ഡെ പ്രതിയോട് ചോദിച്ചു. ജാമ്യം മതിയെന്നായിരുന്നു മറുപടി.'കൊള്ളാം, മതം നിങ്ങളെ അത്രയധികം സ്വാധീനിച്ചിട്ടില്ല.'-ജാമ്യം അനുവദിക്കുന്നതിന് മുമ്പ് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന്റെ ജനനം ആഘോഷിക്കുന്ന ഉത്സവമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി. മാതാപിതാക്കളായ ദേവകിയും വാസുദേവറും അമ്മാവൻ കംസനാൽ തടവിലാക്കപ്പെട്ട സമയത്ത്, മഥുരയിലെ കാരാഗൃഹത്തിലാണ് കൃഷ്ണൻ ജനിച്ചതെന്ന് കരുതുന്നു.
1994 ൽ ബി.ജെ.പി പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിലാണ് കോൺഗ്രസ് പ്രവർത്തകനായ ധർമേന്ദ്ര വാൽവിയേയും മറ്റ് അഞ്ച് പാർട്ടി പ്രവർത്തകരെയും കോടതി ശിക്ഷിച്ചത്. വിചാരണക്കോടതി അവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. 2017ൽ ഇത് ബോംബെ ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെയുള്ള അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.