ഗ്രാഫിക്‌സും അനിമേഷനും ഒന്നുമില്ലാത്ത കാലത്ത് കാട്ടുമൃഗങ്ങളോട് നേരിട്ട് പോരാടി സിനിമ പിടിച്ച ഒരു കൂട്ടം മനുഷ്യരുടെ കഥ ഹോളിവുഡിന് പറയാനുണ്ട്. ഒരു പക്ഷേ മനുഷ്യന് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറം മനുഷ്യരും മൃഗങ്ങളും കട്ടയ്‌ക്ക് നിന്ന് അഭിനയിച്ച് തകർത്ത ചിത്രം. ലോകത്ത് ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും അപകടകരമാം വിധത്തിൽ ഷൂട്ട് ചെയ്‌ത ചിത്രമാണ് 1981ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചലച്ചിത്രമായ റോർ. ഭയത്തോടെയല്ലാതെ റോർ കണ്ടിരിക്കാനാവില്ല. ചിലപ്പോൾ കണ്ട് മുഴുവിപ്പിച്ചെന്നും വരില്ല. ടിപ്പി ഹെഡ്രെൻ, മകൾ മെലാനി ഗ്രിഫിത്ത്, 150 സിംഹങ്ങൾ, കടുവകൾ, പുള്ളിപ്പുലികൾ, ആനകൾ എന്നിവരാണ് ഈ സാഹസിക ചിത്രത്തിന് പിന്നിൽ. ഒരു കാലത്ത് പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടിയ റോർ വർഷങ്ങൾക്ക് ശേഷം 2015ൽ വീണ്ടും പ്രദർശനത്തിന് എത്തിയിരുന്നു.
സിനിമ ചിത്രീകരണത്തിനിടെ സിംഹങ്ങൾ അഭിനേതാക്കളെ കൂട്ടത്തോടെ ആക്രമിച്ച സംഭവങ്ങൾ നിരവധി. പലപ്പോഴും സംഭവം കൈവിട്ട് പോയ അവസ്ഥ വരെയുണ്ടായി. സിംഹത്തിന്റെ വലയിൽ അകപ്പെടുകയും അവരോട് മല്ലിടുകയും ചെയ്യുന്ന മനുഷ്യരെ ചിത്രത്തിലുടനീളം കാണാം. ചിത്രീകരണ സമയത്തെ പരിക്കുകളുടെ എണ്ണം ഒരു തർക്കവിഷയമായി ഇന്നും തുടരുകയാണ്. ഷൂട്ടിംഗ് സെറ്റ് ഒരു പേടി സ്വപ്‌നമായാണ് അണിയറ പ്രവർത്തകരിൽ പലരും ഓർക്കുന്നത്. അഭിനേതാകൾക്ക് പറ്റിയ മുറിവുകൾ അക്കാലത്ത് പത്രവാർത്തകളിലും ഹെഡ്രെന്റെ 1985-ൽ പുറത്തിറങ്ങിയ ദ ക്യാറ്റ്സ് ഓഫ് ഷംബാല എന്ന പുസ്തകത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു സന്ദർഭത്തിൽ സിംഹം നടന്റെ തലയുടെ പിന്നിൽ കടിച്ച സാഹചര്യം വരെയുണ്ടായി.
അഭിനേതാകൾക്ക് മാത്രമല്ല, അപകടകാരികളായ കാട്ടുമൃഗങ്ങളുടെ ആക്രമണം നിരവധി സാങ്കേതിക പ്രവർത്തകർക്കും നേരിടേണ്ടി വന്നു. ഛായാഗ്രാഹകൻ ജാൻ ഡി ബോണ്ടിന് ഷൂട്ടിംഗിനിടെ സിംഹം ആക്രമിച്ചു. ഇതേ തുടർന്ന് ശരീരമാകെ 120 തുന്നലുകൾ അദ്ദേഹത്തിന് ആവശ്യമായി വന്നു. സംവിധായകൻ നോയൽ മാർഷലിന്റെ മകൻ ജോൺ മാർഷലിനെ ഒരു സിംഹം തലയ്ക്ക് പിടിച്ച് ആക്രമിച്ചതിന്റെ വേദനാജനകമായ നിമിഷം അദ്ദേഹം പിന്നീട് ഓർത്തെടുക്കുകയുണ്ടായി. രണ്ടുപേരെയും വേർതിരിക്കാൻ ആറ് പുരുഷന്മാർക്ക് 25 മിനിറ്റ് വേണ്ടിവന്നുവെന്നാണ് പറയപ്പെടുന്നത്. ആ ഏറ്റുമുട്ടലിന് ശേഷം മകന് 56 തുന്നലുകൾ ആവശ്യമായി വന്നു.
അഭിനേതാക്കൾ സഹായത്തിനായി നിലവിളിക്കുമ്പോൾ പോലും 'കട്ട്' പറയാൻ സംവിധായകൻ വിസമ്മതിച്ചു. ഒരു ടേക്ക് പോലും നഷ്ടപ്പെടുത്താൻ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചില്ല. മൃഗങ്ങൾക്ക് മുന്നിൽ മനുഷ്യരുടെ ഒരു ബലഹീനതയും കാണിക്കാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. നിർമ്മാണ വേളയിൽ, ലോസ് ഏഞ്ചൽസിന് 50 മൈൽ വടക്ക് സോളിഡാഡ് മലയിടുക്കിലുള്ള ഷംബാലയിലെ സെറ്റിൽ രണ്ട് തവണ കാട്ടുതീ പടർന്നുപിടിച്ചു. ഒരു തവണ വെള്ളപ്പൊക്കവുമുണ്ടായി.
പ്രളയസമയത്ത് ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഏതാനും സിംഹങ്ങൾ രക്ഷപ്പെട്ടു. അലഞ്ഞുതിരിഞ്ഞ സിംഹങ്ങൾ മനുഷ്യ ജീവന് ഭീഷണിയാകുമെന്ന് കണ്ടപ്പോൾ നിയമപാലകർക്ക് അവയിൽ മൂന്നെണ്ണത്തെ വെടിവയ്ക്കേണ്ടിവന്നു. സിംഹവുമായി ഏറ്റുമുട്ടേണ്ടി വന്ന ഒരു അണിയറപ്രവർത്തകൻ പിന്നീട് വൃണം ബാധിച്ചാണ് മരണപ്പെട്ടത്. 1976ൽ ഷൂട്ടിംഗ് ആരംഭിച്ച 'റോർ' അഞ്ച് വർഷമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. 17 മില്യൺ ഡോളറായിരുന്നു ചിത്രത്തിന്റെ ആകെ നിർമ്മാണ ചെലവ്. ഡിസ്‌കവറി പ്ളസ് ആപ്പിൽ ചിത്രത്തിന്റെ പ്രദർശനം കാണാം.