fish

ആലപ്പുഴ: കനത്തമഴയിൽ റോഡ് നിറയെ വെള്ളമായപ്പോൾ കുട്ടനാട്ടുകാർ മീൻപിടിക്കാൻ നേരെ റോഡിലിറങ്ങി. റോഡിൽ ഒഴികിപ്പായുന്ന മീനുകളാണ്. തോർത്ത് മറ്റും ഉപയോഗിച്ച് റോഡിലെ വെള്ളത്തിലെ മീൻ ഊറ്റിയെടുക്കുകയാണ് കുട്ടനാട്ടിലെ മങ്കൊമ്പ് പ്രദേശത്തെ നാട്ടുകാ‌ർ.

ചിലരാകട്ടെ സഞ്ചികളിൽ പെറുക്കിയുമെടുത്തു. മറ്റു ചില‌ർ നിരത്തിലൂടെ മുട്ടിലിഴഞ്ഞുമാണ് മീൻപിടുത്തം. മുതിർന്നവർ മുതൽ കുട്ടികൾ വരെയുണ്ട് ഇക്കൂട്ടത്തിൽ. നിരവധി മീനുകളാണ് റോഡുകളിൽ നിന്ന് ഇവർ പെറുക്കിയെടുത്തത്. പള്ളത്തി മത്സ്യമാണ് തോട് കരകവിഞ്ഞപ്പോൾ നിരത്തിലേക്ക് കയറിയത്.

അതേസമയം, കുട്ടനാട്ടിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും കിഴക്ക് ഭാഗത്തെ വെള്ളത്തിന്റെ വരവ് ആലപ്പുഴയെ ദുരിതത്തിലാക്കുകയാണ്. വ്യാപകമായ കൃഷിനാശമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യ്തത്. വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം വീണ്ടും മടവീണിരുന്നു. പള്ളാത്തുരുത്തി കരുവേലി പാടശേഖരത്താണ് മടവീണത്.