anchal-kola

കൊല്ലം: ഭാര്യാപിതാവിനെ യുവാവ് കുത്തിക്കൊന്നു. കൊല്ലം ജില്ളയിലെ അഞ്ചലിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം നടന്നത്. ഇടമുളയ്ക്കൽ സ്വദേശി സാംസണാണ് കൊല്ലപ്പെട്ടത്. കൊലയ്ക്കുശേഷം രക്ഷപ്പെടാൻ ശ്രമിച്ച മരുമകൻ സജീറിനെ പൊലീസ് അറസ്റ്റുചെയ്തു.

സാംസണും മകളുടെ ഭർത്താവായ സജീറും തമ്മിൽ വഴക്ക് പതിവായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. നിരന്തരം വഴക്കായതിനാൽ നാട്ടുകാർ ആരും പ്രശ്നത്തിൽ ഇടപെട്ടിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രിയിലും ഇവർ തമ്മിൽ വഴക്കും അടിപിടിയുമുണ്ടായി. ഒടുവിൽ അടിപിടി കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. കുത്തേറ്റ് ചോരയൊലിപ്പിച്ച് റോഡിൽ കിടന്ന സാംസണെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.