akshay-kumar

2020 ഫോബ്സ് പട്ടികയിൽ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പത്ത് നടന്മാരുടെ പട്ടികയിൽ ഇടം നേടി ബോളിവുഡ് നടൻ അക്ഷയ് കുമാർ. അമ്പത്തിരണ്ടുകാരനായ നടൻ പട്ടികയിൽ ആറാം സ്ഥാനത്താണ്. അദ്ദേഹത്തിന്റെ വരുമാനം ഏകദേശം 48.5 മില്യൺ ഡോളർ ആണെന്ന് കണക്കാക്കപ്പെടുന്നു. പട്ടികയിൽ ഇടംനേടിയ ഏക ഇന്ത്യക്കാരനെന്ന പ്രത്യേകതയും അക്ഷയ് കുമാറിനുണ്ട്.

ഹോളിവുഡ് നടൻ ഡ്വെയ്ൻ ജോൺസണാണ് (അദ്ദേഹത്തിന്റെ വരുമാനം 87.5 മില്യൺ ഡോളർ ആണെന്ന് കണക്കാക്കപ്പെടുന്നു) പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഡെഡ്പൂൾ താരം റയാൻ റെയ്‌നോൾഡ്സ് രണ്ടാം സ്ഥാനത്താണ്. മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനങ്ങൾ യഥാക്രമം മാർക്ക് വാൾബെർഗ്, ബെൻ അഫ്‌ലെക്ക്, വിൻ ഡീസൽ എന്നിവർക്ക് ലഭിച്ചു.

എന്നിരുന്നാലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അക്ഷയ് കുമാർ രണ്ട് സ്ഥാനം പിറകിലേക്ക് പോയി. 2019ൽ പട്ടികയില്‍ താരം നാലാം സ്ഥാനത്തായിരുന്നു. ജൂണ്‍ 2018 വരെയുള്ള കണക്കുകള്‍ പ്രകാരം 466 കോടി രൂപയായിരുന്നു അക്ഷയ് കുമാര്‍ കൈപ്പറ്റിയിരുന്നത്. ഹോളിവുഡ് നടന്‍ ഡ്വെയ്ന്‍ ജോണ്‍സണ്‍ തന്നെയായിരുന്നു അന്ന്പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

2020 ജൂണിൽ പുറത്തിറങ്ങിയ ലോകത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിലും അക്ഷയ്കുമാർ ഇടം നേടിയിരുന്നു. ഫോബ്‌സ് മാസിക പുറത്തിറക്കിയ നൂറുപേരുടെ പട്ടികയില്‍ 52-ാം സ്ഥാനക്കാരനായിരുന്നു. പ്രതിഫലം 366കോടി രൂപയായിരുന്നു. ലിസ്റ്റിലെ ഏക ഇന്ത്യക്കാരനും അക്ഷയ് കുമാറായിരുന്നു.