തിരുവനന്തപുരം: രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽപെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനം. പുനരധിവാസം നടപ്പാക്കുന്നതിന് മുന്നോടിയായി ഇതു സംബന്ധിച്ച ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് വാങ്ങാനാണ് മന്ത്രിസഭയിൽ തീരുമാനമുണ്ടായത്. പെട്ടിമുടിയിൽ നടന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനവും തെരച്ചിലും പൂർണമായ ശേഷമായിരിക്കും ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് വാങ്ങുക. വിശദമായ ചർച്ചകൾക്ക് ശേഷമാകും തുടർനടപടികൾ. ദുരന്തത്തിൽ അകപ്പെട്ടവരുടെ ചികിത്സ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കും.
വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയെടുക്കാനും മന്ത്രിസഭ തീരുമാനിച്ചു.വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണത്തിലെ അന്വേഷണത്തിൽ സംഭവിച്ച വീഴ്‌ചകളെ കുറിച്ച് ഹനീഫ കമ്മിഷൻ അന്വേഷിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിലെ ശുപാർശകൾ പ്രകാരമാകും കേസ് ആദ്യം അന്വേഷിച്ച് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയെടുക്കും. വീഴ്ച വരുത്തിയ എല്ലാ ഉദ്യോഗസ്ഥർക്കും എതിരെ നടപടിയെടുക്കാനാണ് മന്ത്രിസഭയുടെ നിർദേശം. കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് മന്ത്രിസഭായോഗം ചേർന്നത്.