തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണച്ചുമതല അഞ്ചംഗ ഭരണസമിതിക്ക് കൈമാറാമെന്ന് വ്യക്തമാക്കിക്കൊണ്ട് ക്ഷേത്രം ട്രസ്റ്റി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. സുപ്രീം കോടതി നിർദേശ പ്രകാരമാണ് ക്ഷേത്രം ട്രസ്റ്റി മൂലം തിരുനാൾ രാമവർമ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്.
ട്രസ്റ്റി നൽകിയിരിക്കുന്ന സത്യവാങ്മൂലം സുപ്രീം കോടതി അംഗീകരിച്ചാൽ ഭരണസമിതിയും, ഉപദേശക സമിതിയും ഏറെ വൈകാതെ രൂപീകരിക്കാൻ സാധിക്കും. ജില്ലാ ജഡ്ജിയുടെ അദ്ധ്യക്ഷതയിൽ ഉള്ള ഭരണസമിതിയുടെ കാലാവധി മൂന്ന് വർഷമായിരിക്കും. ഈ കാലയളവിൽ ഏതെങ്കിലും അംഗം ഒഴിയുകയാണെങ്കിൽ, ആ സ്ഥാനത്തേക്ക് പകരം വ്യക്തിയെ നിയമിക്കും.
ആചാരവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ ക്ഷേത്രത്തിലെ മുഖ്യതന്ത്രിയുടെ നിർദേശം നടപ്പിലാക്കാൻ ഭരണസമിതി ബാദ്ധ്യസ്ഥരായിരിക്കുമെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ട്രസ്റ്റിയുടെ മുൻകൂർ അനുവാദം വാങ്ങാതെ ഒരുമാസം 15 ലക്ഷത്തിൽ കൂടുതൽ തുക ചിലവഴിക്കാൻ ഭരണസമിതിക്ക് അധികാരം ഉണ്ടായിരിക്കില്ലെന്നും, ഭക്തരുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന വിഷയങ്ങളിൽ തീരുമാനം എടുക്കുന്നതിന് മുമ്പ് ട്രസ്റ്റിയുടെ അനുവാദം വാങ്ങണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ക്ഷേത്ര ഭരണത്തെ സംബന്ധിച്ച് എന്തെങ്കിലും രീതിയിലുള്ള പരാതി ഉണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ടുള്ള നിർദേശം ട്രസ്റ്റിക്ക് ഭരണസമിതിക്ക് കൈമാറാൻ സാധിക്കുമെന്നും അഭിഭാഷകൻ ശ്യാം മോഹൻ മുഖേനെ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ട്രസ്റ്റി വ്യക്തമാക്കുന്നു.