shoukathali

തി​രുവനന്തപുരം: അർഹതയ്ക്ക് ലഭിച്ച അംഗീകാരം- കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുളള പുരസ്കാരം എൻ.ഐ.എ അഡി.എസ്.പി എ.പി ഷൗക്കത്തലിക്ക് ലഭിച്ചതിനെപ്പറ്റിയുളള ജനങ്ങളുടെ പ്രതികരണമാണിത്. ഷൗക്കത്തലിയും സ്വർണക്കടത്ത് കേസിലെ അന്വേഷണ സംഘത്തലവൻ എൻ.ഐ.എ ഡിവൈ.എസ്.പി രാധാകൃഷ്‌ണപിളളയും ഉൾപ്പടെ ഒമ്പത് മലയാളികൾക്കാണ് പുരസ്കാരം ലഭിക്കുന്നത്.

അധികാര കേന്ദ്രങ്ങളെ ഭയക്കാതെ കൃത്യമായ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ യഥാർത്ഥ പ്രതികളെ അഴിക്കുളളിലാക്കുക. ഇതാണ് ഷൗക്കത്തലിയുടെ രീതി. പ്രലോഫനങ്ങളും ഭീഷണിയും അന്വേഷണത്തിനിടെ ഒട്ടനവധി ഉണ്ടായെങ്കിലും അതൊന്നും അദ്ദേഹത്തെ പിന്നോട്ടുവലിച്ചില്ല. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടുംക്രിമിനൽ കൊടിസുനി അടക്കമുളളവരെ രാഷ്ട്രീയ എതിർപ്പുകൾ വകവയ്ക്കാതെ അകത്താക്കിയപ്പോൾ ഷൗക്കത്തലിയുടെ ഈ ധീരത കേരളം കണ്ടതാണ്.

1995ൽ ഒന്നാംറാങ്കോടെ കേരള പൊലീസിൽ എസ്.ഐയായ ഷൗക്കത്തലി തലശേരി ഡിവൈ.എസ്.പിയായിരിക്കെ 2014ലാണ് ഡെപ്യൂട്ടേഷനിൽ എൻ.ഐ.എയിലെത്തിയത്.ഐസിസ് റിക്രൂട്ട്മെന്റ്, കനകമല കേസ്, തമിഴ്നാട്ടിലെ തീവ്രവാദക്കേസുകൾ എന്നിങ്ങനെ സുപ്രധാന കേസുകളുടെ അന്വേഷണം ഷൗക്കത്തിനായിരുന്നു. 150ലേറെപ്പേർ കൊല്ലപ്പെട്ട പാരീസ് ഭീകരാക്രമണക്കേസിൽ ഫ്രഞ്ച് ഏജൻസികളുമായി ചേർന്നുളള അന്വേഷണത്തിലും ഷൗക്കത്തലിയുണ്ടായിരുന്നു.

ഒന്നിനെയും കൂസാത്ത പ്രകൃതമാണ് അദ്ദേഹത്തിന്റേത്. കെടിസുനിയെയും സംഘത്തെയും അറസ്റ്റുചെയ്തതുതന്നെ ഇതിന് ഏറ്റവും മികച്ച ഉദാഹരണം. പകൽ വെളിച്ചത്തിൽപ്പോലും ആരും പോകാൻ മടിക്കുന്ന മുടക്കോഴി മലയിലായിരുന്നു കൊടിസുനിയുടെയും സംഘത്തിന്റെയും ഒളിസങ്കേതം. നാട്ടിൽ കഴിയുന്നതിനെക്കാൾ സുഖത്തിലായിരുന്നു ക്രിമനിൽ സംഘം ഒളികേന്ദ്രത്തിൽ കഴിഞ്ഞിരുന്നത്. ഇഷ്ടമുളളതെല്ലാം ആവശ്യംപോലെ ലഭിക്കും. തങ്ങൾക്കെതിരെ പൊലീസിന്റെ നീക്കങ്ങൾ കൊടി സുനി അപ്പപ്പോൾ അറിഞ്ഞുകൊണ്ടിരുന്നു. പൊലീസിലെ ചിലരായിരുന്നു ഇതിനുപിന്നിൽ.

പ്രതികളെ പിടികൂടാൻ അന്വേഷണ സംഘം വഴികൾ പലത് സ്വീകരിച്ചെങ്കിലും അതെല്ലാം ഒറ്റുകാർ പൊളിച്ചടുക്കി. ഇക്കാര്യം മനസിലാക്കിയ ഷൗക്കത്തലി രഹസ്യ ഓപ്പറേഷൻ നടത്താൻ തന്നെ അദ്ദേഹം തീരുമാനിച്ചു. വിശ്വസ്തരായവരെ മാത്രം ഇക്കാര്യം അറിയിച്ചു. മുടക്കോഴി മലയിലേക്കുളള എല്ലാ വഴികളും അടച്ച് പൊലീസിനെ വിന്യസിച്ചു. അപ്പോഴും പതിവ് വാഹന പരിശോധന എന്ന തോന്നൽ മാത്രം ഉണ്ടാക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. രക്ഷപ്പെടാനുളള വഴികൾ ഭദ്രമായി അടച്ചശേഷം ഇരുപതോളം പേരുമായി ഷൗക്കത്തലി നേരെ മുടക്കോഴി മഴയിലേക്ക് തിരിച്ചു. ലുങ്കി ധരിച്ച് തോർത്തും തലയിൽകെട്ടി ചെങ്കൽ തൊഴിലാളികളുടെ വേഷത്തിലായിരുന്നു ഷൗക്കത്തലിയും സംഘവും.

കനത്തമഴയിൽ മൊബൈൽ വെളിച്ചത്തിലായിരുന്നു കാട്ടിലൂടെയുള്ള മലകയ​റ്റം. പുലർച്ചെ നാലിന് സുനിയുടെ ഒളിസങ്കേതം കണ്ടെത്തി.പ്ലാസ്​റ്റിക് ഷീ​റ്റു കൊണ്ട് കെട്ടിയ ടെന്റിൽ നിലത്ത് കമ്പിളി വിരിച്ചാണ് സുനിയും സംഘവും കഴിഞ്ഞിരുന്നത്. കൂടാരം വളഞ്ഞു പൊലീസ് അകത്തു കടക്കുമ്പോൾ കൊടി സുനി, ഷാഫി, കിർമാണി മനോജ് എന്നിവരും മൂന്നു സഹായികളും സുഖനിദ്രയിൽ. പൊലീസാണെന്ന് അറിയിച്ചപ്പോഴേക്കും തോക്കുചൂണ്ടി എതിരിടാനായി ശ്രമം. അര മണിക്കൂർ നീണ്ട

ബലപ്ര യോഗത്തിലൂടെയാണ് സംഘത്തെ കീഴടക്കിയത്. പിന്നീട് സിപിഎം നേതാക്കളെ അറസ്​റ്റു ചെയ്യാൻ മ​റ്റ് ഉദ്യോഗസ്ഥർ മടിച്ചപ്പോൾ, ആ ദൗത്യം ഏ​റ്റെടുത്തതും ഷൗക്കത്തലിയാണ്.

ഷൗക്കത്തലിയുടെ കൂസലില്ലായ്മയ്ക്ക് ഇനിയും ഉദാഹരണങ്ങളുയ്. തലശേരി ഡിവൈ.എസ്.പിയായിരുന്ന കാലം. പൊലീസ് സ്റ്റേഷൻ ആക്രമിച്ച പ്രതികളെ തേടി തലശേരി സി പി എം ഏരിയാ കമ്മറ്റി ഓഫീസിൽ ഷൗക്കത്തലി എത്തി. നിങ്ങൾക്ക് സ്റ്റേഷൻ ആക്രമിക്കാമെങ്കിൽ ഞങ്ങൾക്ക് പാർട്ടി ഓഫീസിലും കയറാമെന്ന് ഷൗക്കത്ത് അലി പറയുന്നതിന്റെ ദൃശ്യങ്ങൾ അന്ന് ചാനലുകളിൽ ഏറെ പ്രചരിച്ചിരുന്നു

സ്വർണക്കടത്തുകേസിലും അദ്ദേഹത്തിന്റെ ഈ അന്വേഷണമികവ് രാജ്യം കണ്ടതാണ്. ചുമതലയേറ്റെടുത്ത് ഇരുപത്തിനാണ് മണിക്കൂറിനുളളിൽ പ്രധാന പ്രതികളായ സ്വപ്നയെയും സന്ദീപിനെയും ഒളിത്താവളം കണ്ടെത്തി കുടുക്കാൻ അദ്ദേഹത്തിനായി.