independence

നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 73 - ാം വാർഷികം ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വം സ്വർണത്തളികയിൽ വച്ച് സമ്മാനിച്ചതല്ല ഈ സ്വാതന്ത്ര്യമെന്ന ചരിത്രവസ്തുത ഓർമിക്കേണ്ട സുദിനമാണ് സ്വാതന്ത്ര്യദിനം. നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന തലമുറ ഇന്ന് നമ്മോടൊപ്പമില്ല. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പുത്തൻ തലമുറയാണ് സ്വാതന്ത്ര്യം അനുഭവിക്കുന്നതും ആഘോഷിക്കുന്നതും. സ്വാതന്ത്ര്യത്തിന്റെ മഹത്വത്തെക്കുറിച്ച് പാടിയത് കവി കുമാരനാശാനാണ്. ''സ്വാതന്ത്ര്യം തന്നെ അമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം.'' ഈ ഈരടിയിൽ സ്വാതന്ത്ര്യത്തിന്റെ ജീവൻ ത്രസിച്ചു നിൽക്കുന്നുണ്ട്. 1950-ൽ സ്വാതന്ത്ര്യസമര സേനാനികൾ രൂപം നൽകിയ നമ്മുടെ ഭരണഘടനയുടെ ആത്മാവാണ് ജനാധിപത്യവും, മതേതരത്വവും, സോഷ്യലിസവും. ജനക്ഷേമത്തിൽ അധിഷ്ഠിതമായ ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രനിർമിതിക്കുള്ള ദേശീയബോധമാണ് സ്വാതന്ത്ര്യസമരത്തിന് ഊർജം പകർന്നതെന്ന് സ്വാതന്ത്ര്യസമര ചരിത്രത്തിൽ കണ്ണോടിക്കുമ്പോൾ നമുക്ക് ബോധ്യമാകും.

സ്വാതന്ത്ര്യത്തിന്റെ 73 -ാം വാർഷികത്തിൽ സ്വാതന്ത്ര്യത്തിനു നേരെ അഗ്നിജ്വാലകൾ ആളിക്കത്തുകയാണ്. ജനാധിപത്യവും മതേതരത്വവും ആടി ഉലയുക മാത്രമല്ല ക്രമേണ തകർക്കപ്പെടുന്നു. അവയുടെ മരണമണി മുഴങ്ങുമ്പോൾ നമുക്ക് എങ്ങനെ ആഘോഷിക്കാനാവും. ജനാധിപത്യത്തിന്റെ പുറന്തോടിനുള്ളിൽ ഏകാധിപത്യം വളരുകയാണ്. മതനിരപേക്ഷതയുടെ അടിസ്ഥാനശിലയെ തകർത്തെറിഞ്ഞ് മതാധിഷ്ഠിത രാഷ്ട്രത്തിന്റെ ശില പാകിക്കഴിഞ്ഞു. സോഷ്യലിസത്തെ മുതലാളിത്തം വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ജനാധിപത്യവും, മതേതരത്വവും വളർന്നുവന്ന വഴികളെക്കുറിച്ചും, അവ വളർത്തിയെടുത്ത നമ്മുടെ സ്വാതന്ത്ര്യസമര നായകരുടെ സ്വപ്നത്തെക്കുറിച്ചും ചിന്തിക്കേണ്ട ദിവസമാണിന്ന്; അവർ നമുക്ക് കൈമാറിയ അമൂല്യമായ സ്വാതന്ത്ര്യത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കേണ്ട ദിനമാണ് സ്വാതന്ത്ര്യദിനം. നൂറ്റാണ്ടുകളായി ഭിന്നിപ്പിച്ചു ഭരിക്കൽ നിലനിന്ന വൈദേശിക അടിമത്തത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാനുള്ള ശക്തമായ ജനകീയമുന്നേറ്റത്തിന് തുടക്കം കുറിച്ച ചരിത്രസംഭവമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പിറവി. 1885 ഡിസംബർ 28 ന് ബോംബെയിലെ ഗോകുൽദാസ് തേജ്പാൽ സംസ്‌കൃത കോളേജിൽ ജന്മമെടുത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസാണ് വിശാലമായ ഇന്ത്യയിലെ ജനങ്ങളിൽ ദേശീയബോധം വളർത്തിയതും, സ്വാതന്ത്ര്യദാഹം ഉണർത്തിയതും. അതിനുശേഷം 1887-ൽ നടന്ന ശിപായിലഹളയെയാണ് ആദ്യത്തെ സ്വാതന്ത്ര്യസമരമായി ചരിത്രം അടയാളപ്പെടുത്തുന്നത്. കോൺഗ്രസ് ജനങ്ങളിൽ ദേശീയബോധം വളർത്തുകയും, ജാതി-മത-ദേശ ചിന്തകൾക്കതീതമായി ഒറ്റക്കെട്ടായി അണിനിരത്തുകയും ചെയ്തതോടെ ബ്രിട്ടീഷ് ഭരണാധികാരികൾക്ക് ജനകീയ ഐക്യത്തെ തകർത്തില്ലെങ്കിൽ അധികകാലം അധികാരം നിലനിറുത്താനാവില്ലെന്നു മനസിലായി. ഹിന്ദു-മുസ്ലിം ഐക്യമാണ് സ്വാതന്ത്ര്യസമരത്തിന്റെ വിജയരഹസ്യമെന്ന കണക്കുകൂട്ടലിലാണ് ബ്രിട്ടീഷുകാർ വർഗീയതയെ ആളിക്കത്തിക്കാൻ ശ്രമിച്ചത്. അതിന് അവർ പ്രയോഗിച്ച തന്ത്രമാണ് ഭിന്നിപ്പിച്ചു ഭരിക്കൽ. 1905 ലെ ബംഗാൾ വിഭജനം ജാതി അടിസ്ഥാനത്തിൽ ബംഗാളിനെ വിഭജിക്കാനുള്ള കഴ്സൺപ്രഭുവിന്റെ കുതന്ത്രമായിരുന്നു. 42 വർഷം കഴിഞ്ഞപ്പോൾ മൗണ്ട് ബാറ്റൺ പ്രഭു മതാടിസ്ഥാനത്തിൽ ഇന്ത്യയെ വെട്ടിമുറിച്ചതിലൂടെയാണ് ബ്രിട്ടീഷ് ഭിന്നിപ്പിക്കൽ തന്ത്രം അവസാനിപ്പിച്ചത്. 1947 ഓഗസ്റ്റ് 15 ന് പുതിയൊരു ഇന്ത്യ ജനിച്ചത് രക്തത്തിൽ കുളിച്ചാണ്. സ്വതന്ത്ര ഇന്ത്യ ഏഴു പതിറ്റാണ്ടുകൾ പിന്നിട്ടപ്പോൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പ്രേതബാധയേറ്റ ഒരു സർക്കാർ ഇവിടെ അധികാരത്തിലേറി. വർഗീയ ധ്രുവീകരണത്തിലൂടെ കയ്യടക്കിയ അധികാരം ഉപയോഗിച്ച് അത് നിലനിറുത്താൻ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്നത്. രാജാറാം മോഹൻ റായി രൂപം നൽകിയ ബ്രഹ്മസമാജവും, സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ച ആര്യസമാജവും, ശ്രീരാമകൃഷ്ണപരമഹംസർ സ്ഥാപിച്ച ശ്രീരാമകൃഷ്ണമിഷനും, സ്വാമി വിവേകാനന്ദന്റെ നവോത്ഥാനപ്രവർത്തനങ്ങളും, ആനിബസന്റിന്റെ നേതൃത്വത്തിലുള്ള തിയോസഫിക്കൽ സൊസൈറ്റിയും സാമൂഹ്യപരിഷ്‌കരണത്തിലൂടെ ഹിന്ദുമതത്തെയും ഇന്ത്യൻ ജനതയെയും ഉറക്കത്തിൽ നിന്നും ഉണർത്തുകയായിരുന്നു. സാമൂഹ്യപരിഷ്‌കരണ സംരംഭങ്ങളെ ദേശീയസ്വാതന്ത്ര്യസമരവുമായി ബന്ധിപ്പിച്ചത് മഹാത്മാഗാന്ധിയാണ്. ഗാന്ധിജി സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടെ മതവിശ്വാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുതന്നെ മാറി. ഹിന്ദുമതത്തെ പരിഷ്‌കരിക്കാൻ സാമൂഹ്യപരിഷ്‌കർത്താക്കൾ നടത്തിയ ശ്രമങ്ങളിലൂടെ അവർ വിഭാഗീയത പ്രചരിപ്പിക്കുന്നതിനു പകരം സാർവദേശീയത വിളംബരം ചെയ്യുകയായിരുന്നു. എല്ലാ മതങ്ങളുടെയും അടിസ്ഥാനതത്വം ഏകമാണെന്ന് അവർ വാദിച്ചു. മതനിരപേക്ഷമായ സാമൂഹ്യപരിഷ്‌കരണത്തിലേക്കാണ് അതിന്റെ ചിന്താഗതി ഒന്നിനൊന്നു വളർന്നത്. കാലക്രമത്തിൽ ഒറ്റപ്പെട്ട സംരംഭങ്ങളെക്കാൾ, സമഗ്രസംരംഭങ്ങൾക്കാണ് കാര്യക്ഷമത വർദ്ധിക്കുകയെന്ന ബോധം അവരിലുണ്ടായി. ഒടുവിൽ സ്വാതന്ത്ര്യസമരവും സാമൂഹ്യപരിഷ്‌കരണവും ഒരേ ബിന്ദുവിൽ ലയിച്ചു. ആ വളർച്ചയുടെ ശില്പിയും പ്രതീകവും ഗാന്ധിജി ആയിരുന്നു. മതതത്വങ്ങൾ പ്രസംഗിച്ചു നടക്കാനുള്ളതല്ലെന്നും, ആചാരാനുഷ്ഠാനങ്ങളിലൂടെ സാക്ഷാത്കരിക്കാനുള്ളതാണെന്നും ഗാന്ധിജി ജനങ്ങളെ പഠിപ്പിച്ചു. മതബോധമുള്ള പൗരൻ തന്റെയും അന്യന്റെയും നേരെ നടക്കുന്ന നെറികേടിനെ എന്തുവിലകൊടുത്തും ചെറുക്കേണ്ടതാണെന്ന് ഗാന്ധിജി അനുശാസിച്ചു. സമന്വയത്തിന്റെ സന്ദേശമാണ് ആവശ്യം. അതിന് ഏറ്റവും ഉദാരമായ വീക്ഷണം പുലർത്തേണ്ടത് ഭൂരിപക്ഷമാണെന്ന് ഗാന്ധിജി അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന മതേതരത്വത്തിന്റെ മഹനീയത കണ്ടെത്തിയ മഹാത്മാവാണ് ഇന്ത്യയുടെ മതേതരത്വത്തിന്റെ മുഖ്യശില്പി. ഗാന്ധിജിയും, നെഹ്റുവും അബ്ദുൽകലാം ആസാദും സർദാർ പട്ടേലും അംബേദ്കറും ഉൾപ്പെടെയുള്ള സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്നമാണ് മതനിരപേക്ഷ ഇന്ത്യ. ജനാധിപത്യത്തിൽ അധിഷ്ഠിതമായ ക്ഷേമരാഷ്ട്രമാണ് അവർ വിഭാവനം ചെയ്തത്. സ്വാതന്ത്ര്യം നമുക്ക് ജീവിതമാണ്. അത് അനുഭവിക്കുമ്പോഴാണ് ആഘോഷിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 73-ാം വാർഷികത്തിൽ,​ നമ്മിൽ നിന്ന് അകന്നകന്നു പോകുന്ന സ്വാതന്ത്ര്യത്തെ വീണ്ടെടുക്കാൻ എന്തു ത്യാഗവും സഹിക്കുമെന്ന ദൃഢപ്രതിജ്ഞ എടുക്കേണ്ട സന്ദർഭമാണിത്. ജയ് ഹിന്ദ്!