ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഡെമോക്രാറ്റിക് നേതാവുമായ ജോ ബൈഡന്‍, ഇന്ത്യന്‍ വംശജയും കാലിഫോര്‍ണിയയില്‍ നിന്നുളള സെനറ്ററുമായ കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ട് മണിക്കൂറികൾ പിന്നിടുന്നേയുള്ളു. ഈ വേളയിൽ വികാരാധീനമായ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുകയാണ് കമലയുടെ സഹോദരി മായ ഹാരിസ്.
അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയാണ് കമല. 'ഞങ്ങളുടെ അമ്മ ആരാണെന്ന് അറിയാതെ കമല ഹാരിസ് ആരാണെന്ന് നിങ്ങൾക്ക് മനസിലാക്കാൻ കഴിയില്ല. അമ്മയെ വല്ലാതെ മിസ് ചെയ്യുന്നു. എന്നിരുന്നാലും അമ്മയും ഞങ്ങളുടെ പൂർവികരും ഇന്ന് പുഞ്ചിരിക്കുന്നുണ്ടെന്ന് അറിയുക.'- മായ ഹാരിസ് ട്വീറ്റ് ചെയ്തു. # BidenHarris2020 എന്ന ഹാഷ്ടാഗും ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
You can’t know who @KamalaHarris is without knowing who our mother was. Missing her terribly, but know she and the ancestors are smiling today. #BidenHarris2020 pic.twitter.com/nmWVj90pkA
— Maya Harris (@mayaharris_) August 12, 2020
അമ്മ ശ്യാമള ഗോപാലനെ കുറിച്ച് പറയുന്ന കമലയുടെ വീഡിയോയാണ് സഹോദരി ട്വീറ്റ് ചെയ്തിരിക്കുന്നത്. ക്യാൻസർ ഗവേഷകയും മനുഷ്യാവകാശ പ്രവർത്തകയുമായിരുന്നു ശ്യാമള. കമലയെപ്പോലെത്തന്നെ ശ്യാമളയും കഠിനമായ പരിശ്രമത്തിലൂടെയാണ് നേട്ടങ്ങൾ സ്വന്തമാക്കിയത്. ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം യുസി ബെർക്ക്‌ലിയിൽ നിന്ന് ന്യൂട്രീഷ്യൻ ആൻഡ് എൻഡോക്രൈനോളജിയിൽ നിന്നാണ് പി.എച്ച്.ഡി കരസ്ഥമാക്കിയത്. 2009ൽ ക്യാൻസർ ബാധിച്ച് മരണമടഞ്ഞു. തുല്യ അവകാശങ്ങൾക്ക് വേണ്ടിയുള്ള കമലയുടെ പോരാട്ടത്തിന് എന്നും പ്രചോദനം കുടിയേറ്റക്കാരായ മാതാപിതാക്കൾ തന്നെയായിരുന്നു. പിതാവ് ജമൈക്കന്‍ വംശജനായിരുന്നു.