തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ 59 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 99പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം ഒരു തടവുകാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് ആന്റിജൻ പരിശോധന നടത്തിയത്. ജയിലിലെ മുഴുവൻ തടവുകാരെയും പരിശോധനയ്ക്ക് വിധേയരാക്കും. ജയിലിലിലെ ഓഡിറ്റോറിയം നിരീക്ഷണകേന്ദ്രമാക്കിയിട്ടുണ്ട്. തടവുകാർക്ക് രോഗം സ്ഥിരീകരിച്ചത് കടുത്ത ആശങ്ക ഉയർത്തുകയാണ്.
ഇപ്പോൾത്തന്നെ തലസ്ഥാന ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുളളത്. ഇന്നലെ 297 പേർക്കാണ് തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 279 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്. ഉറവിടം അറിയാത്ത 11 കേസുകളും തലസ്ഥാനത്തുണ്ട്. 12 ആരോഗ്യ പ്രവർത്തകർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭാ പരിധിയിൽ 66പേർക്കും പോസിറ്റീവായി.