covid

തിരുവനന്തപുരം: സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികൾക്ക് തലസ്ഥാന ജില്ലയിൽ വീട്ടിൽ ചികിത്സ തുടങ്ങി. തിരുവനന്തപുരത്തെ 27 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലായി (സി.എഫ്.എൽ.ടി.സി) 2,200 ഓളം രോഗികളാണ് ചികിത്സയിലുള്ളത്. ആറ് ആരോഗ്യപ്രവർത്തകർ വീട്ടിൽ ചികിത്സയിലുണ്ട്. ജില്ലയിലെ പോസിറ്റീവ് കേസുകളിൽ 70 ശതമാനവും ലക്ഷണമില്ലാത്ത കൊവിഡ് രോഗികളാണ്. സി.എഫ്.എൽ.ടി.സികളിലെ 70 ശതമാനം കിടക്കകളും ഇപ്പോൾ തന്നെ നിറഞ്ഞു കഴിഞ്ഞു. ഇതോടെയാണ് വീട്ടിലെ ചികിത്സയ്ക്ക് സർക്കാർ അനുമതി നൽകിയത്. സർവെയ്ലൻസിനായി കൊവിഡ് ജാഗ്രതാ പോർട്ടൽ ഉപയോഗിക്കും. രോഗം മൂർച്ഛിക്കുന്ന അവസ്ഥ ഉണ്ടായാൽ പോർട്ടൽ വഴി ആംബുലൻസ് സേവനം തേടാം. ഇതിനായി 150 ഓളം ആംബുലൻസുകൾ ഇപ്പോൾ തന്നെ തയ്യാറാണ്.

വീട്ടിൽ ചികിത്സ നടത്തുന്നതിന് പ്രഥമ ചികിത്സാ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർ പരിശോധന നടത്തി മറ്റു പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തണമെന്നതാണ് പ്രധാന കാര്യം. വീടുകളിൽ മറ്റുള്ളവരുമായി സമ്പർക്കമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണം. ഇത് തദ്ദേശസ്ഥാപന പ്രതിനിധികൾ ഉറപ്പുവരുത്തണം. വികേന്ദ്രീകൃത ഗതാഗത സൗകര്യവും ഉറപ്പാക്കും. പൾസ് ഓക്‌സീമീറ്റർ വീട്ടിൽ നിർബന്ധമായും ഉണ്ടാകണം തുടങ്ങിയ നിബന്ധനകളും വീട്ടിൽ തന്നെ ചികിത്സയിൽ കഴിയുന്നവർക്ക് നൽകിയിട്ടുണ്ട്.

12 വയസിൽ താഴെയുള്ളവർക്കൊപ്പം രക്ഷിതാവിനോ മറ്റൊരു കുടുംബാംഗത്തിനോ സമ്പർക്ക വിലക്കിൽ കഴിയാം. ഇവരെ പരിചരിക്കേണ്ടത് മൂന്നാമതൊരംഗമായിരിക്കണം. രോഗലക്ഷണം പ്രകടമായാൽ തീവ്രതയനുസരിച്ച് കഴിവതും വേഗം പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്കോ ആശുപത്രികളിലേക്കോ മാറണം. പത്താം ദിവസം സി.എഫ്.എൽ.ടി.സികളിലോ പരിശോധനാ കേന്ദ്രങ്ങളിലോ എത്തി പരിശോധന നടത്തണം. ഇതിനായി ആരോഗ്യവകുപ്പിന്റെ ആംബുലൻസുകൾ വിട്ടുനൽകും. തിരുവനന്തപുരത്ത് കൊവിഡ് രോഗികളെ വീട്ടിൽതന്നെ ചികിത്സ നടത്തുന്നത് വിജയകരമായാൽ മറ്റ് ജില്ലകളിലേക്കും വൈകാതെ വ്യാപിപ്പിക്കും.

നേട്ടങ്ങൾ

 രോഗം സ്ഥിരീകരിച്ചാൽ ആംബുലൻസിൽ രോഗികളെ മാറ്റുന്ന പേടിപ്പിക്കുന്ന അന്തരീക്ഷം ഒഴിവാകും

 രോഗികളുടെ മാനസിക സംഘർഷം കുറയും

 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ ആളുകൾ കൂടുകയാണെന്ന പരാതി ഒഴിവാകും

 രോഗികൾക്ക് വീട്ടിൽ നിന്ന് ആവശ്യമായ ഭക്ഷണവും വിശ്രമവും ലഭിക്കും

 സർക്കാരിന് ഒരുപാടു പേർക്ക് ഭക്ഷണം ലഭ്യമാക്കേണ്ടി വരില്ല

വെല്ലുവിളികൾ

 എല്ലാ ദിവസവും രോഗിയുമായി ബന്ധപ്പെടാൻ ആരോഗ്യപ്രവർത്തകരെ സജ്ജമാക്കണം

 ആരോഗ്യപ്രശ്നമുണ്ടായാൽ രോഗിക്കോ ബന്ധുവിനോ ബന്ധപ്പെടാനുള്ള ഫോൺ നമ്പരുകൾ വേണം

 ആംബുലൻസ് സേവനം ഏത് സമയവും ലഭ്യമാകണം, ഐസൊലേഷൻ ലംഘനം ഉണ്ടാകരുത്

 ഐസൊലേഷൻ കാലയളവിൽ വീടുകളിൽ അവശ്യ സാധനങ്ങൾ എത്തിക്കണം

രോഗികളുടെ വീടുകളെ അയൽവാസികൾ ഒറ്റപ്പെടുത്താതെ ശ്രദ്ധിക്കണം