തിരുവനന്തപുരം: പൊലീസിലെ ധീരൻ.. ഈ വിശേഷണം ശരിക്കും ചേരുന്നൊരു പൊലീസ് ഓഫീസർമാരിലൊരാളാണ് എൻ.ഐ.എ അഡി.എസ്.പി എ.പി. ഷൗക്കത്തലി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലിന് ഷൗക്കത്തലി ഉൾപ്പെടെ ഒൻപത് മലയാളികൾ അർഹരായത്. മെഡൽ നേടിയ ഷൗക്കത്തലി അന്വേഷണ മികവിന്റെ കാര്യത്തിൽ വേറിട്ട വ്യക്തിത്വമാണ്.
മുഖം നോക്കാതെയുള്ള നടപടി, രാഷ്ട്രീയ നിറം നോക്കാതെയുള്ള ആക്ഷൻ, ഏത് പ്രതികൂല സാഹചര്യത്തെയും കൂസാതെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം, പ്രതികൾക്ക് എന്നും പേടി സ്വപ്നം. ഷൗക്കത്തലിയെക്കുറിച്ചുള്ള വിലയിരുത്തൽ ഇങ്ങനെ എത്രവേണമെങ്കിലും നീട്ടാനാവും.
വേഷം മാറിയും രഹസ്യമായുമൊക്കെ അന്വേഷണം നടത്തി കേസ് തെളിയിച്ചിട്ടുള്ള ഒട്ടേറെ പേരുണ്ട് പൊലീസ് സേനയിൽ. അതിനൊപ്പമോ, അതിനെക്കാൾ ഒരുപടി മുന്നിലോ ആണ് അന്വേഷണ മികവിൽ ഷൗക്കത്തലി എപ്പോഴും നിന്നിട്ടുള്ളത്.
ടി.പി ചന്ദ്രശേഖരൻ കൊലപാതക കേസിലെ പ്രതികളെ അതി സാഹസികമായി പിടികൂടിയത് കേരളം ഏറെ ചർച്ച ചെയ്തതാണ്. ഇതുമാത്രമല്ല, ഇത്തരത്തിൽ ഒരു ഡസനിലേറെ കേസുകളുണ്ട് എടുത്തുപറയാൻ. ഐസിസ് റിക്രൂട്ടുമെന്റ്, കനകമല കേസ്, തമിഴ്നാട്ടിലെ തീവ്രവാദ കേസുകൾ, പാരീസ് ഭീകരാക്രമണക്കേസിൽ ഫ്രഞ്ച് ഏജൻസികളുമായി ചേർന്നുള്ള അന്വേഷണം തുടങ്ങിയവ അതിൽ ചിലത് മാത്രം.
ഇപ്പോൾ രാജ്യ ശ്രദ്ധയാകർഷിച്ച സ്വർണക്കടത്ത് കേസിന്റെ അന്വേഷണ സംഘത്തിലും അംഗമാണ് ഷൗക്കത്തലി. സ്വർണക്കടത്ത് അന്വേഷണം എൻ.ഐ.എ ഏറ്റെടുത്ത് 24 മണിക്കൂറിനകം കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപിനെയും വലയിലാക്കാനായതും ഷൗക്കത്തലിയുടെയും സംഘത്തിന്റെയും അന്വേഷണ മികവാണ്. കേസിൽ ഇനിയും പലതും ചുരുളഴിയാനുണ്ട്. അതിലേക്കുള്ള അന്വേഷണപാതയിലാണ് എൻ.ഐ.എ സംഘം. അതിനിടയിലാണ് ഷൗക്കത്തലിയെ തേടി അംഗീകാരം എത്തുന്നത്.
എസ്.ഐയായി തുടക്കം
കേരള പൊലീസിൽ എസ്.ഐയായാണ് ഷൗക്കത്തലിയുടെ സർവീസ് തുടങ്ങുന്നത്. ഒന്നാം റാങ്കോടെയാണ് എസ്.ഐ യൂണിഫോം അണിഞ്ഞത്. ഏറ്റെടുക്കുന്ന കേസുകളിൽ കാട്ടുന്ന മികവ് അന്നുമുതൽ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. അങ്ങനെ പൊലീസിൽനിന്നുതന്നെ അദ്ദേഹത്തിന് സേനയിലെ ചുണക്കുട്ടി എന്ന പേരും ചാർത്തികിട്ടി. അങ്ങനെയാണ് എൻ.ഐ.എയിലേക്കുള്ള വരവ്. 2014ൽ തലശേരി ഡിവൈ.എസ്.പിയായിരിക്കെയാണ് ഡെപ്യൂട്ടേഷനിൽ എൻ.ഐ.എയുടെ ഭാഗമായത്.
മുടക്കോഴി മലകയറ്റം
കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചതാണ് ടി.പി. ചന്ദ്രശേഖരൻ വധം. ആ കേസിൽ കൊടി സുനി ഉൾപ്പെടെയുള്ളവരെ വേഷം മാറി അർദ്ധരാത്രി പിടികൂടാൻ പോയത് ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു. പല തവണ രഹസ്യ ഓപ്പറേഷൻ പ്ളാൻ ചെയ്തെങ്കിലും അതൊക്കെ ചോർന്നു. അങ്ങനെയാണ് പ്രതികളെ പിടിക്കാൻ 'ആക്ഷൻ ബി' പ്ലാൻ ചെയ്തത്. കണ്ണൂരിലെ മുടക്കോഴി മലയിൽ ഒളിച്ചിരുന്ന പ്രതികളെ പിടിക്കാൻ ഷൗക്കത്തിയും വേഷം മാറിയാണ് പോയത്.
മുഴക്കുന്ന്, തില്ലങ്കേരി, മാലൂർ പഞ്ചായത്തുകളിലൂടെയുള്ള എല്ലാ വഴികളും അടച്ചു. പതിവു വാഹന പരിശോധനയ്‌ക്കെന്ന് തോന്നിക്കുന്ന വിധത്തിൽ അവിടെയെല്ലാം പൊലീസിനെ വിന്യസിച്ചു. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ ഇരുപതിലധികം പേരടങ്ങുന്ന സംഘം വടകരയിൽ നിന്നു ടിപ്പർ ലോറിയിൽ പുലർച്ചെ രണ്ടു മണിയോടെ മുഴക്കുന്നിലെത്തി. ലുങ്കി ധരിച്ച് തോർത്തും തലയിൽക്കെട്ടി ചെങ്കൽ തൊഴിലാളികളുടെ വേഷത്തിലായിരുന്നു ഷൗക്കത്തലിയും സംഘവും. കനത്ത മഴയുണ്ടായിട്ടും പിന്തിരിഞ്ഞില്ല. മൊബൈൽ വെളിച്ചത്തിലായിരുന്നു കാട്ടിലൂടെയുള്ള മലകയറ്റം. പുലർച്ചെ നാലിന് കൊടിസുനിയുടെ ഒളിസങ്കേതം കണ്ടെത്തി. പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് കെട്ടിയ ടെന്റിൽ നിലത്ത് കമ്പിളി വിരിച്ചാണ് സുനിയും സംഘവും കഴിഞ്ഞിരുന്നത്. കൂടാരം വളഞ്ഞു പൊലീസ് അകത്തു കയറി. കൊടി സുനിയെ കൂടാതെ ഷാഫി, കിർമാണി മനോജ് എന്നിവരും മൂന്നു സഹായികളും ഉണ്ടായിരുന്നു. ആ സമയം അവരെല്ലാം സുഖനിദ്രയിലായിരുന്നു. പൊലീസാണെന്ന് അറിയിച്ചപ്പോഴേക്കും തോക്കുചൂണ്ടി എതിരിടാനായി ശ്രമം. അര മണിക്കൂർ നീണ്ട ബല പ്രയോഗത്തിലൂടെയാണ് സംഘത്തെ അന്ന് ഷൗക്കത്തലിയുടെ നേതൃത്വത്തിൽ കീഴടക്കിയത്.