വില്ലിംഗ്ടൺ: കൊവിഡ് പൂർണമായും നിയന്ത്രണവിധേയമായെന്ന് കരുതിയിരിക്കെ, രാജ്യത്ത് വീണ്ടും വൈറസ് റിപ്പോർട്ട് ചെയ്തതോടെ സെപ്തംബറിൽ നടക്കാനിരുന്ന ന്യൂസിലൻഡ് തിരഞ്ഞെടുപ്പ് പ്രതിസന്ധിയിലായി. രാജ്യം വീണ്ടും ലോക്ക്ഡൗണിലേയ്ക്ക് നീങ്ങിയ സാഹചര്യത്തിൽ സെപ്തംബർ 19ന് നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർലമെന്റ് പിരിച്ചു വിടുന്നത് അടുത്ത തിങ്കളാഴ്ച വരെ നീട്ടിവച്ചതായി പ്രധാനമന്ത്രി ജസീന്ത ആർഡേൻ ടി.വിയിലൂടെ അറിയിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ഇക്കാര്യത്തിൽ സ്വീകരിക്കാവുന്ന സാദ്ധ്യതകളെപ്പറ്റി തിരഞ്ഞെടുപ്പ് കമ്മിഷനോട് ഉപദേശം തേടിയിട്ടുണ്ടെന്നും അവർ പറഞ്ഞു. പക്ഷേ, ആവശ്യമെങ്കിൽ തിരഞ്ഞെടുപ്പ് അൽപം നീട്ടി വയ്ക്കേണ്ടതുണ്ടെന്നും നവംബർ 21ന് മുൻപുള്ള ഏതു ദിവസം വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താമെന്നും അവർ കൂട്ടിച്ചേർത്തു.