kamala

അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാകുന്ന ആദ്യ ഇന്ത്യൻ വംശജ

വാഷിംഗ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജ കമലഹാരിസിനെ പ്രഖ്യാപിച്ചതോടെ അമേരിക്കയുടെ ഭരണതലപ്പത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യൻ -അമേരിക്കൻ വംശജയാവുകയാണ് 55കാരിയായ കമല. ഡെമോക്രാറ്റ് പക്ഷത്തെ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനാണ് കമലയുടെ പേര് നിർദ്ദേശിച്ചത്. നിലവിൽ കാലിഫോർണിയയിലെ സെനറ്ററാണ് കമല ഹാരിസ്.

'അങ്ങനെ ചരിത്രം പിറക്കാൻ കാഹളം മുഴങ്ങുന്നു. ധീരയായ പോരാളി. രാജ്യത്തെ ഏറ്റവും മികച്ച പൊതുപ്രവർത്തകരിൽ ഒരാളെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ അഭിമാനമുണ്ട്.'- ജോ ബൈഡൻ ട്വീറ്റ് ചെയ്തു. ' രാജ്യത്തെ ജനങ്ങളെ ഏകോപിപ്പിക്കാൻ കഴിവുള്ള നേതാവാണ് ബൈഡൻ" എന്ന് കമല തിരിച്ചും ട്വീറ്റ് ചെയ്തു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കമല തിരഞ്ഞെടുക്കപ്പെട്ടാൽ അത് ചരിത്രമാകും. കൂടാതെ 2024ൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാനും സാദ്ധ്യതയുണ്ട്. ഒരുപക്ഷേ, അമേരിക്കയുടെ പ്രസിഡന്റ് ആകുന്ന ആദ്യവനിതയെന്ന ചരിത്രനേട്ടവും കമലയെ കാത്തിരിക്കുന്നുണ്ടാവാം. അതേസമയം, കൊവിഡിൽ അടിപതറി നിൽക്കുന്ന ട്രംപിനും റിപ്പബ്ലിക്കൻപക്ഷത്തിനും വലിയ വെല്ലുവിളിയാകും ബൈഡൻ –കമല കൂട്ടുകെട്ട് എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

'ഫീമെയിൽ ബരാക്ക് ഒബാമ'

വർണവിവേചനത്തിനെതിരായ മുന്നണി പോരാളിയായ കമലയെ 'ഫീമെയിൽ ബരാക്ക് ഒബാമ' എന്നാണ് അനുയായികൾ വിശേഷിപ്പിക്കുന്നത്. കമലയെ സഹമത്സരാർത്ഥിയായി തിരഞ്ഞെടുത്ത ബൈഡൻ ലക്ഷ്യമിടുന്നത് ആഫ്രോ-ഏഷ്യൻ വോട്ട് ബാങ്കിനെയാണ്. കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങളെ അതിർത്തിയിൽ പിടിച്ചുകൊണ്ടുപോയ നടപടിയെക്കുറിച്ച് 'മാനവരാശിക്കെതിരായ കുറ്റകൃത്യമാണ് ട്രംപ് നടപ്പാക്കുന്നതെന്ന്' വിമർശിച്ചയാളാണ് കമല. ബൈഡൻ വർണവിവേചനത്തെ അനുകൂലിക്കുന്നു എന്ന് ആരോപിച്ച് കഴിഞ്ഞവർഷം പാർട്ടി സംവാദത്തിൽ കമല നിശിതമായി വിമർശിച്ചിരുന്നു. അതേതുടർന്ന് കമലയെ ഒഴിവാക്കാൻ ബൈഡന്റെ സംഘം ശ്രമിക്കുന്നതായി ആരോപണം ഉയർന്നിരുന്നു.

കാപട്യക്കാരിയെന്ന് ട്രംപ്,

മികച്ച നേതാവെന്ന് ഒബാമ

കാപട്യക്കാരിയും തീവ്ര ഇടതുവാദിയുമാണ് കമല ഹാരിസെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. തന്റെ ദീർഘകാല സുഹൃത്തായ കമല ഭരണഘടന സംരക്ഷിക്കുന്നതിന് വേണ്ടി പോരാടുന്ന, കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങേകുന്ന നേതാവാണെന്ന് മുൻ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു.

ഇന്ത്യൻ ബന്ധം

ഡൽഹിയിൽനിന്ന്‌ ഹോം സയൻസിൽ ബിരുദം നേടിയ ശേഷം 1960കളിൽ സ്കോളർഷിപ്പുമായി ഉന്നത പഠനത്തിന് അമേരിക്കയിലേക്ക് കുടിയേറിയതാണ് കമലയുടെ അമ്മ ചെന്നൈ സ്വദേശിയായ ഡോ. ശ്യാമള ഗോപാലൻ. പിന്നീടവർ സ്തനാർബുദ ഗവേഷകയായി. ജമൈക്കൻ വംശജനും സാമ്പത്തികശാസ്ത്രം പ്രൊഫസറുമായിരുന്ന ഡോണാൾഡ് ഹാരിസിനെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് 1964 ഒക്ടോബർ 20ന് കമല പിറന്നു. പിന്നീട് കമലയ്ക്ക് ഏഴു വയസുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. ശേഷം കമലയും സഹോദരി മായയും മീനയും അമ്മയ്‌ക്കൊപ്പമാണ് ജീവിച്ചത്. അഭിഭാഷകയായ മായ, ഹിലരി ക്ലിന്റന്റെ ഉപദേശകയാണ്.

കമല ഹാരിസ്

 വാഷിംഗ്ടണിലെ ഹോവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദം.

 ആഫ്രിക്കൻ -അമേരിക്കൻ വനിതാസമാജമായ ആൽഫ കാപ്പ ആൽഫയിലെ അംഗമായിരുന്നു.

 കാലിഫോർണിയ സർവകലാശാലയിലെ ഹേസ്റ്റിംഗ്സ് കോളേജ് ഒഫ് ലായിൽ നിന്ന് നിയമബിരുദം.

 സാൻഫ്രാൻസിസ്‌കോയിലെ ഡിസ്ട്രിക്ട് അറ്റോർണിയായി രണ്ടുതവണ പ്രവർത്തിച്ചു.

 2011 മുതൽ 2017 വരെ കാലിഫോർണിയ അറ്റോർണി ജനറൽ

 2017 മുതൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കാലിഫോർണിയ ജൂനിയർ സെനറ്റർ.

 2014ൽ ഡഗ്ലസ് എംഹോഫിനെ വിവാഹം ചെയ്തു.

 യു.എസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത

 കാലിഫോർണിയയിലെ കറുത്ത വംശജയായ ആദ്യ അറ്റോർണി ജനറൽ. ഈ പദവി കൈകാര്യം ചെയ്ത ആദ്യത്തെ സ്ത്രീയും അവർ തന്നെ.

അമ്മ സൂപ്പർ ഹീറോ, മുത്തച്ഛൻ രാഷ്ട്രീയ ഗുരു

വാഷിംഗ്ടൺ: 'ഇന്ന് ഞാനെന്റെ അമ്മയെക്കുറിച്ച് ചിന്തിച്ചു. അമ്മ സമർത്ഥയും പോരാളിയും എന്റെ ആദ്യ പ്രചാരണ തൊഴിലാളിയുമായിരുന്നു. ഈ നിമിഷം അമ്മ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു. മൂല്യങ്ങൾക്കായി പോരാടാൻ അമ്മയുടെ ആത്മാവ് ഇപ്പോഴും എന്നെ പ്രേരിപ്പിക്കുന്നു' - സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തിന് ശേഷം കമല ഹാരിസ് ട്വീറ്റ് ചെയ്തു. അമ്മ ശ്യാമള ഗോപാലനൊപ്പമുള്ള തന്റെ ബാല്യകാല ചിത്രവും കമല പങ്കുവച്ചിട്ടുണ്ട്.

2009 ൽ ദ ഓപ്ര വിൻഫ്രി ഷോയിൽ അമ്മ തന്റെ ജീവിതത്തിൽ ഉണ്ടാക്കിയ സ്വാധീനത്തെ പറ്റി കമല വാചാലയായിരുന്നു. അമ്മയുണ്ടാക്കിയിരുന്ന ഇഡലിയും സാമ്പാറും മാത്രമല്ല തീവ്രരാഷ്ട്രീയ നിലപാടുകളും എന്റെ ഇഷ്ടങ്ങളിൽ ഒന്നാണെന്നാണ് കമല പറഞ്ഞത്. ഇന്ത്യൻ സംസ്‌കാരത്തെ വിലമതിക്കുന്നവരായാണ് അമ്മ വളർത്തിയത്. സ്‌നേഹവും ദേഷ്യവും അമ്മ പ്രകടിപ്പിച്ചിരുന്നത് തമിഴിലായിരുന്നു. 2009 ലാണ് ശ്യാമള ഗോപാലൻ മരിച്ചത്. തമിഴ്‌നാട്ടിലുള്ള മുത്തച്ഛനെയും മുത്തശ്ശിയെയും ബന്ധുക്കളെയും കമലയും സഹോദരി മായയും സന്ദർശിക്കാറുണ്ടായിരുന്നു. ശ്യാമള നല്ലൊരു ഗായിക കൂടിയാണ്. കർണാടക സംഗീതം അഭ്യസിച്ചിട്ടുണ്ട്. ദേശീയ മത്സരത്തിൽ സ്വർണമെഡലും നേടിയിട്ടുണ്ട്. ഇർവിൻ കോളജിലായിരുന്നു ശ്യാമള ഹോം സയൻസ് പഠിച്ചത്. പിന്നീട് ശ്യാമള ബെർക്ക്ലിയിൽ ഉന്നത പഠനത്തിന് പോയി. അന്ന് ടെലിഫോൺ പോലും അസാധാരണമായിരുന്നു. കറുത്തവർഗക്കാരുടെ അവകാശ പോരാട്ടത്തിനിടെയാണ് ജമൈക്കൻ വിദ്യാർർത്ഥിയായിരുന്ന ഡൊണാൾഡ് ഹാരിസിനെ ശ്യാമള പരിചയപ്പെടുന്നത്. അങ്ങനെ ഇരുവരും 1963ൽ വിവാഹിതരായി. വീട്ടുകാരെ അറിയിക്കാതെയായിരുന്നു വിവാഹം. ജമൈക്കക്കാരനായതുകൊണ്ടായിരുന്നില്ല, കുടുംബത്തിന് എതിർപ്പ്. ഇന്ത്യയിൽ വച്ച് വിവാഹം കഴിക്കാത്തതായിരുന്നു. ശ്യാമളയുടെ കുടുംബത്തിൽ നിന്നാരും വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. പിന്നീട് ശ്യാമളയും ഡൊണാൾഡും മക്കളായ കമലയ്ക്കും മായയ്ക്കും ഒപ്പം സാംബിയയിൽ എത്തി പിതാവ് പി.വി.ഗോപാലനെ കണ്ടു. 1970ൽ ശ്യാമളയും ഹാരിസും വിവാഹമോചിതരായി. അതിനുശേഷം മക്കളുമായി നിരന്തരം ഇന്ത്യയിൽ എത്തിയിരുന്നു ശ്യാമള. മുത്തച്ഛനായിരുന്നു ഗുരു സമത്വത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടം കമല പഠിച്ചത് മുത്തച്ഛൻ പി.വി ഗോപാലനിൽ നിന്നാണ്. ദഷിണ ചെന്നൈയിലുള്ള പൈങ്കനാട്ടിലാണ് ഗോപാലൻ ജനിച്ചത്. ഭാര്യ രാജം. നാലുമക്കളിൽ മൂത്തത് ശ്യാമള. സ്റ്റെനോഗ്രാഫറായിരുന്ന ഗോപാലൻ ന്യൂഡൽഹിയിലും മുംബയിലും കൊൽക്കത്തയിലും ജോലി നോക്കി. ഒടുവിൽ സിവിൽ സർവീസ് നേടി. കൊളോണിയൽ കാലഘട്ടത്തിന് ശേഷം റൊഡേഷ്യയിൽ (സിംബാബ്‌വെയുടെ പഴയ പേര്) നിന്നുള്ള അഭയാർത്ഥികളുടെ വരവ് കൈകാര്യം ചെയ്യുന്നതിന് സാംബിയയെ സഹായിക്കാൻ ഇന്ത്യ നിയോഗിച്ച ഉദ്യോഗസ്ഥനായി ജോലി നോക്കി. ഫോൺ പോലും ഇല്ലാത്ത കാലത്ത് മക്കളുടെ അഭിരുചികൾ അറിഞ്ഞ് വളർത്താൻ ഗോപാലനും രാജവും മുൻകൈ എടുത്തു. ശ്യാമളയുടെ സഹോദരനായ ബാലചന്ദ്രൻ വിസ്കോൻസിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇക്കണോമിക്സിലും കമ്പ്യൂട്ടർ സയൻസിലും പി.എച്ച്.ഡി എടുത്തു. മെക്സിക്കൻ വനിതയെ വിവാഹം ചെയ്തു. സഹോദരിമാർ ഡോക്ടറും ശാസ്ത്രജ്ഞയുമായി.

കമലാ എനിക്ക് നിന്നെ ഇപ്പോൾ കാണണം എന്നറിയിച്ചാൽ, അടുത്ത ദിവസം അവൾ അവിടെ ഉണ്ടാകും, അത്രയേറെ സ്നേഹമാണ് അവൾക്ക് ഞങ്ങളോട്.

- കമല ഹാരിസിന്റെ മാതൃസഹോദരി ഡോ. സരള ഗോപാലൻ