mad

വാഷിംഗ്ടൺ: കൊവിഡ് വാക്‌സിൻ പെട്ടന്ന് ലഭ്യമാകാനായി മരുന്ന് കമ്പനിയായ മൊഡേണയുമായി 1500 കോടിയുടെ കരാറിൽ അമേരിക്ക ഒപ്പുവച്ചു. വാക്‌സിൻ പൂർണ സജ്ജമായാൽ ഒരു കോടി ഡോസുകൾ ലഭ്യമാക്കാനുള്ളതാണ് കരാർ. ഓപ്പറേഷൻ വാപ് സ്പീഡ് പദ്ധതിക്ക് കീഴിലാണ് ഈ നീക്കങ്ങൾ. വർഷാവസാനത്തോടെ വാക്‌സിൻ രാജ്യത്ത് ലഭ്യമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മൊഡേണ വാക്സിന്റെ ഒരു ഡോസിന് അവർ നിശ്ചയിച്ചിരിക്കുന്ന നിരക്ക് 30.5 ഡോളറാണ് (2282 രൂപ). ഒരാൾക്ക് രണ്ട് ഡോസ് വീതം വാക്‌സിൻ നൽകണം. വാക്‌സിൻ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ് മൊഡേണ. എം.ആർ.എൻ.എ-1273 എന്ന കോഡിലുള്ള വാക്‌സിന്റെ അവസാനഘട്ട മനുഷ്യരിലെ പരീക്ഷണം സെപ്തംബറിലാണ് പൂർത്തിയാവുക. ജോൺസൺ ആൻഡ് ജോൺസൺ, അസ്ട്രാസെൻക, ഫിസർ, ബയോൺടെക്, സനോഫി, ഗ്ലാക്‌സോസ്മിത്ക്ലിൻ തുടങ്ങിയ കമ്പനികളുടെ വാക്‌സിനുകൾക്ക് വേണ്ടിയും ട്രംപ് ഭരണകൂടം മുൻകൂർ വ്യാപാര കരാർ ഒപ്പുവച്ചിട്ടുണ്ട്. ഈ കരാറുകൾ എല്ലാം കൂടി ഏകദേശം അഞ്ച് കോടി വാക്സിൻ ഡോസുകൾ അമേരിക്ക റിസർവ് ചെയ്തിരിക്കുകയാണ്. അമേരിക്കയുടെ ചുവട് പിടിച്ച് ജപ്പാൻ, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളും മരുന്നുകമ്പനികളുമായി കരാറിലേർപ്പെടുന്നുണ്ട്.