മോസ്‌കോ: ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്‌സിനായ റഷ്യയുടെ 'സ്‌പുട്നിക് ഫൈവി'നായുള്ള കാത്തിരിപ്പിൽ ലോകരാജ്യങ്ങൾ. ഇതുവരെ 20 രാജ്യങ്ങളാണ് വാക്‌സിൻ മുൻകൂട്ടി ഓർഡർ ചെയ്തിരിക്കുന്നതെന്നാണ് റഷ്യ വ്യക്തമാക്കുന്നത്. കൊവിഡ് വാക്സിൻ പദ്ധതിക്ക് സാമ്പത്തിക സഹായം നൽകുന്ന റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ നേതൃസ്ഥാനം വഹിക്കുന്ന കിറിൽ ദിമിത്രിയേവാണ് ഈ വിവരം മാദ്ധ്യമങ്ങളുമായി പങ്കുവച്ചത്.
വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ബുധനാഴ്ച മുതൽ ആരംഭിക്കുമെന്നും വരുന്ന സെപ്തംബർ മാസത്തോടെ വ്യാവസായിക തലത്തിൽ വാക്‌സിൻ നിർമാണം ആരംഭിക്കുമെന്നും ദിമിത്രിയേവ് വ്യക്തമാക്കി. ഒരു ബില്ല്യൺ ഡോസുകൾക്കായുള്ള ഓർഡറുകളാണ് നിലവിൽ 20 രാജ്യങ്ങളിൽ നിന്നും ലഭിച്ചിരിക്കുന്നത്. വിദേശ പങ്കാളികളുമായി ചേർന്നുകൊണ്ട്, അഞ്ച് രാജ്യങ്ങളിലായി വാക്സിന്റെ 500 മില്ല്യൺ ഡോസുകൾ വർഷം തോറും നിർമിച്ചെടുക്കാനാണ് റഷ്യ പദ്ധതിയിടുന്നത്.
എന്നാൽ വാക്സിന്റെ വിശ്വാസ്യത നശിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് മാദ്ധ്യമങ്ങൾ വഴി നടക്കുന്ന മനഃപൂർവമുള്ള ആക്രമണങ്ങളെ ദിമിത്രിയേവ് അപലപിച്ചു. കൊവിഡിനെതിരെ സുസ്ഥിര പ്രതിരോധശേഷി നൽകുന്ന ആദ്യ വാക്സിൻ റഷ്യ വികസിപ്പിച്ചതായി പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചിരുന്നു. തന്റെ പെൺമക്കളിൽ ഒരാൾക്ക് കുത്തിവയ്പ് നടത്തിയതായും അദ്ദേഹം അറിയിച്ചിരുന്നു. ശീതയുദ്ധക്കാലത്ത് സോവിയറ്റ് റഷ്യ വികസിപ്പിച്ചെടുത്ത സാറ്റലൈറ്റിന്റെ പേരാണ് റഷ്യ വാക്സിനും നൽകിയിരിക്കുന്നത്.