wed

മൊഗാദിഷു: ബാല വിവാഹം അനുവദനീയമാക്കുന്ന ബിൽ പാർലമെന്റ് പരിഗണിക്കുന്നതിനെതിരെ സൊമാലിയയിൽ പ്രതിഷേധം ശക്തമാകുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ലൈംഗിക അവയവങ്ങൾക്ക് പക്വത വരുന്ന സാഹചര്യത്തിൽ, പെൺകുട്ടികളുടെ കുടുംബം സമ്മതം നൽകിയാൽ നിർബന്ധിത ബാല വിവാഹം അനുവദിക്കാമെന്നാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും യാഥാസ്ഥിതിക രാജ്യങ്ങളിലൊന്നിൽ സ്ത്രീകൾക്ക് കൂടുതൽ പരിരക്ഷ നൽകുന്നതിന് ഒരു നിർ‌ദ്ദിഷ്ട നിയമം മുന്നോട്ട് കൊണ്ടുവരുന്നതിനായി സിവിൽ സമൂഹം വർഷങ്ങളായി നടത്തിയ ശ്രമങ്ങൾക്ക് നാടകീയമായ തിരിച്ചടി നൽകിയിരിക്കയാണ് ഈ ബിൽ.

'സൊമാലിയയിൽ ഉൾപ്പെടെ, ലോകമെമ്പാടുമുള്ള ലൈംഗിക അതിക്രമങ്ങൾക്കെതിരായ പോരാട്ടത്തിന് ഈ ബിൽ വലിയ തിരിച്ചടിയായിരിക്കും. അത് ഉടൻ പിൻവലിക്കണം' - ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധിയായ പ്രമില പാറ്റൻ പറഞ്ഞു.

2014 - 15 വർഷത്തെ ഐക്യരാഷ്ട്ര സഭയുടെ വിശകലന പ്രകാരം സൊമാലിയയിലെ 45 ശതമാനത്തോളം സ്ത്രീകൾ 18 വയസിന് മുമ്പ് വിവാഹിതരായവരാണ്. ലൈംഗികാതിക്രമ നിയമങ്ങൾ ശക്തിപ്പെടുത്താമെന്ന് 2013ൽ സൊമാലിയ യു.എന്നിന് ഉറപ്പ് നൽകിയിരുന്നെങ്കിലും അത് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.