-20th-century-fox-

കാലിഫോർണിയ : എന്റർടെയ്ൻമെന്റ് ലോകത്തെ വിശ്വപ്രസിദ്ധമായ ഒരദ്ധ്യായത്തിന് വാൾട്ട് ഡിസ്നി കമ്പനി അന്ത്യം കുറിച്ചിരിക്കുന്നു; '20th സെഞ്ചുറി ഫോക്സ് '. ! ഈ പേര് കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. ഒട്ടേറെ സിനിമകളും ടി.വി ഷോകളുമൊക്കെ തുടങ്ങുമ്പോൾ സുവർണലിപികളിൽ എഴുതിച്ചേർത്ത ആ പേര് ഇനി കാണാനാകില്ല. ഹോളിവുഡിലെ പ്രൊഡക്ഷൻ ഹൗസായ 20th സെഞ്ചുറി ഫോക്സിന്റെ ബ്രാന്റ് നെയിം ഔദ്യോഗികമായി അവസാനിപ്പിക്കുകയാണെന്ന് ഡിസ്നി കമ്പനി അറിയിച്ചു.

തങ്ങളുടെ ടി.വി സ്റ്റുഡിയോകളിലൊന്നായ '20th സെഞ്ചുറി ഫോക്സ് ടെലിവിഷനെ' '20th ടെലിവിഷൻ ' എന്ന് റീബ്രാൻഡ് ചെയ്യാനൊരുങ്ങുകയാണെന്ന് കഴി‌ഞ്ഞ ദിവസം ഡിസ്നി അറിയിക്കുകയായിരുന്നു. പുതിയ പരിഷ്കാരമനുസരിച്ച് ' സെഞ്ചുറി', ' ഫോക്സ് ' എന്നിവ പുതിയ പേരിൽ നിന്നും ഒഴിവാക്കി. 85 വർഷം പഴക്കമുള്ള സ്റ്റുഡിയോ ബ്രാൻഡാണ് 20th സെഞ്ചുറി ഫോക്സ്. ജനുവരിയിൽ ഇതിന്റെ ഫിലിം വിഭാഗമായ '20th സെഞ്ചുറി ഫോക്സ് ' ബ്രാൻഡ് ഇനി മുതൽ ' '20th സെഞ്ചുറി സ്റ്റുഡിയോസ് ' എന്നാകും അറിയിപ്പെടുക എന്ന് ജനുവരിയിൽ ഡിസ്നി അറിയിച്ചിരുന്നു.

ബ്രാൻഡിന്റെ ലോഗോയിൽ മാറ്റമുണ്ടാകില്ലെങ്കിലും ഇപ്പോൾ ഒഴിവാക്കിയ പേരുകൾ ഒഴിവാക്കും. പുതിയ ലോഗോയും ഗ്രാഫിക്സും ഉടൻ തുടങ്ങാൻ പോകുന്ന 20th ടെലിവിഷൻ ടി.വി സീരീസിലൂടെ അവതരിപ്പിക്കും. 1935ലാണ് 20th സെഞ്ചുറി ഫോക്സ് ഫിലിം സ്റ്റുഡിയോ രൂപം കൊണ്ടത്. 20th സെഞ്ചുറി പിക്ചേഴ്സ്, ഫോക്സ് ഫിലിംസ് എന്നിവയുടെ ഭാഗമായിരുന്നു ഇത്. ' സ്റ്റാർ വാർസ്', ' ദ സൗണ്ട് ഒഫ് മ്യൂസിക് ', ' ഡൈ ഹാർഡ് ', ' ഹോം എലോൺ' തുടങ്ങി ഹോളിവുഡിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങൾ നിർമിച്ചത് ഈ ഫിലിം സ്റ്റുഡിയോ ആയിരുന്നു. ' ദ സിംപ്സൺസ് '. ' മോഡേൺ ഫാമിലി ' എന്നീ ടെലിവിഷൻ ഷോകളുടെ നിർമാതാക്കളും കമ്പനി തന്നെയായിരുന്നു.