മോസ്കോ: മലയാളം വായിക്കാൻ അറിയുമായിരുന്നേൽ, റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ ഇപ്പോൾ സന്തോഷംകൊണ്ട് കരഞ്ഞുപോയേനെ എന്നാണ് ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. അത്രയ്ക്കുണ്ടത്രെ മലയാളികൾക്ക് അദ്ദേഹത്തോടുള്ള നന്ദിയും സ്നേഹവും! കൊവിഡ് വാക്സിൻ കണ്ടുപിടിച്ചതുമായി ബന്ധപ്പെട്ടുള്ള പുടിന്റെ ഫേസ്ബുക്ക് പോസ്റ്റിനടിയിൽ നിറയെ ഇപ്പോൾ മലയാളത്തിലുള്ള കമന്റുകളാണ്. പുടിനെ അഭിനന്ദിച്ചുകൊണ്ടാണ് കമന്റുകൾ.
"പുട്ടേട്ടാ ഇങ്ങളെ ഓർക്കാത്ത ഒരുദിവസംപോലും ഞങ്ങൾ മലയാളികൾക്കില്ല.. ഇങ്ങളെയും പപ്പടോം കൂട്ടി ഞെരിച്ചുടച്ച് ദിവസവും തട്ടാറുണ്ട് ഞങ്ങൾ. അതുകൊണ്ട് പുട്ടുമായി ഞങ്ങൾക്കുള്ള അഭേദ്യമായ ബന്ധം പരിഗണിച്ച് ആദ്യത്തെ ബാച്ചിൽനിന്ന് ഒരുവലിയ പെട്ടി നിറയെ വാക്സിൻ ഇങ്ങോട്ടു കൊടുത്തുവിടുമെന്ന പ്രതീക്ഷയോടെ," ആൾ കേരള പുട്ടണ്ണൻ ഫാൻസ്........
"സഖാവ് വരുമ്പോൾ വീട്ടിൽവരണം. നാട്ടിൽ വെള്ളമാണ്. മുണ്ടൊന്ന് പൊക്കിക്കുത്തിയാൽ മതി. ഒരുകാലൻ കുട കൂടി കൈയിലെടുത്തോണം, ചാറ്റൽമഴ കാണും. നല്ല താറാവ് കറിയും വെള്ളേപ്പവും തരാം.. ഹാറ്റ്സ് ഒഫ് യൂ...." , " കുറച്ചുമരുന്ന് പെട്ടെന്ന് ഇങ്ങോട്ട് അയച്ചേക്ക്.. ആ പിന്നെ, ആ കാശ് അണ്ണൻ തരും..", ഇതൊക്കെ എന്ത് വാക്സിൻ.. അതിന് ഞങ്ങടെ ഇന്ത്യൻ ഗോമൂത്രം....", " റഷ്യയെയും പോളണ്ടിനെയും കുറിച്ച് ഞങ്ങൾ പണ്ടുമുതലേ ഒന്നും പറയാറില്ല. അതുകൊണ്ട് വാക്സിൻ ഇവിടേക്ക് കൂടി പെട്ടെന്ന് എത്തിക്കാനുള്ള ഏർപ്പാട് താങ്കൾ ചെയ്യണം.." എന്നിങ്ങനെ പോകുന്നു ഫേസ്‌ബുക്കിൽ മലയാളികളുടെ പുടിൻ സ്നേഹം.