kerala-assembly

തിരുവനന്തപുരം: ഈ മാസം 24 ന് നിയമസഭാ സമ്മേളനം നടത്തണമെന്ന് മന്ത്രിസഭ ഗവർണർക്ക് ശുപാർശ നൽകി. ധനബിൽ പാസാക്കുന്നതിനാണ് ഒറ്റദിവസത്തെ സമ്മേളനം. എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുളള തെരഞ്ഞെടുപ്പും അന്നുതന്നെ നടക്കും.

രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാല് വരെയാകും സമ്മേളനം. രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അഞ്ച് മണിക്ക് നടക്കും. ധനബിൽ പാസാക്കാൻ നിയമസഭാ സമ്മേളനം നേരത്തേ നിശ്ചയിച്ചിരുന്നതാണെങ്കിലും തിരുവനന്തപുരത്ത് സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സമ്മേളനം മാറ്റിവയ്ക്കുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം വിമർശനവുമായി എത്തിയിരുന്നു.