ബെയ്റൂട്ട് : 175 പേരുടെ മരണത്തിനിടയാക്കിയ ലെബനനിലെ ബെയ്റൂട്ട് സ്ഫോടനത്തെക്കുറിച്ച് രണ്ടാഴ്ച മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. ബെയ്റൂട്ട് തുറമുഖത്തിനടുത്തുള്ള ഗോഡൗണിൽ 2750 ടൺ അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരിക്കുന്നത് അപകടമുണ്ടാക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കഴിഞ്ഞമാസം പ്രധാനമന്ത്രിക്കും പ്രസിഡന്റിനും മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് സംബന്ധിച്ച രേഖകൾ ലഭിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേഴ്സ് അറിയിച്ചു.
മുന്നറിയിപ്പ് നൽകി രണ്ടാഴ്ച കഴിയും മുമ്പേ രാജ്യത്തെ നടുക്കിയ വൻ സ്ഫോടനമുണ്ടായി. ഇതുവരെ 175 പേർക്ക് ജീവൻ നഷ്ടമായി. 6000 പേർക്ക് ഗുരുതര പരിക്കേറ്റു. 6000ത്തിലധികം കെട്ടിടങ്ങൾ തകർന്നതായും മുനിസിപ്പൽ അധികൃതർ വ്യക്തമാക്കി. ജൂലായ് 20നാണ് സംസ്ഥാനത്തിന്റെ സുരക്ഷാ ചുമതലയുള്ള സ്റ്റേറ്റ് സെക്യൂരിറ്റി ഡയറക്ട്രേറ്റ് ജനറൽ സ്ഫോടന സാദ്ധ്യത ചൂണ്ടിക്കാട്ടി പ്രസിഡന്റ് മിഷേൽ ഔൻ, പ്രധാനമന്ത്രി ഹസൻ ദിയാബ് എന്നിവർക്ക് കത്തയച്ചത്. 'ഈ രാസവസ്തുക്കൾ അപകടകരമാണെന്നും അത് മോഷ്ടിച്ച് ഭീകരാക്രമണത്തിന് ഉപയോഗിക്കപ്പെടാമെന്നും' കത്തിൽ വ്യക്തമാക്കിയിരുന്നത്രേ. എന്നിട്ടും പ്രസിഡന്റോ പ്രധാനമന്ത്രിയോ കത്തിന് മറുപടി നൽകിയില്ല. അതേസമയം, കത്ത് ലഭിച്ച് 48 മണിക്കൂറിനുള്ളിൽ സുപ്രീം ഡിഫൻസ് കൗൺസിലിന് കൈമാറിയെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പ്രതികരിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി ദിയാബിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഒന്നടങ്കം രാജിവച്ചിരുന്നു.