up-child-rape

ല‌ക്‌നൗ: ഉത്തർപ്രദേശിൽ ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. സംഭവം നടന്ന് ആറ് ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാകാത്തതിനെ തുടർന്നാണ് പൊലീസ് നടപടി. വ്യാഴാഴ്ചയാണ് ഉത്തർ പ്രദേശിലെ ഹാപൂറിൽ ആറ് വയസുകാരി ക്രൂരപീഡനത്തിനിരയായത്. മീററ്റിലെ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്.

വീടിന് പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ ബൈക്കിലെത്തിയയാൾ തട്ടിക്കൊണ്ട് പോയി ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം ഉപേക്ഷിക്കുകയായിരുന്നു. കാണാനില്ലെന്ന പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അടുത്ത ദിവസം കുറ്റിക്കാട്ടിൽ നിന്നാണ് ഗുരുതര പരിക്കുകളോടെ പെൺകുട്ടിയെ കണ്ടെത്തിയത്.പെൺകുട്ടി ക്രൂര പീഡനത്തിനിരയായെന്നാണ് ഡോക്ടർമാർ പറയുന്നത്.

സ്വകാര്യഭാഗങ്ങളിലുണ്ടായ മുറിവുകളിൽ നിന്നുള്ള രക്തസ്രാവത്തെ തുടർന്ന് പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പെൺകുട്ടിയെ ബലംപ്രയോഗിച്ച് ബൈക്കിൽ കയറ്റി കൊണ്ടു പോകുന്നത് കണ്ട ദൃക്സാക്ഷികൾ നൽകിയ വിവരത്തിന്റെയും സി.സി.ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്. പ്രതിയുടെ രേഖാ ചിത്രം പുറത്തു വിട്ടിട്ടും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് പ്രതിയുടെ ചിത്രം പൊലീസ് പുറത്തു വിട്ടിരിക്കുന്നത്.

അതേസമയം അംറോഹ മേഖലയിൽ പ്രതിയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. വാറ്റു ചാരായവുമായിട്ടാണ് ഇയാളെ കണ്ടതെന്നാണ് പ്രദേശവാസികൾ നൽകിയ വിവരം. തിങ്കളാഴ്ചയാണ് ഇയാളെ കണ്ടത്. വനമേഖലയായ ഇവിടെ പൊലീസ് അന്വേഷണം നടത്തി വരികയാണ്. പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.