പ്രേക്ഷകരുടെ പ്രിയ ജോഡികളായ ചാക്കോച്ചനും ശാലിനിയും ഒന്നിച്ചെത്തിയ 'നിറം' മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. സിനിമ അന്നത്തെ ക്യാംപസുകളിലും തരംഗമായി. ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിന് കിട്ടേണ്ട ഇനിഷ്യല്‍ കളക്ഷന്‍ ആയിരുന്നു നിറം അന്ന് നേടിയെടുത്തത്. നിറത്തിന്റെ സെറ്റില്‍ വച്ച് നടന്ന ഒരു പ്രണയകഥയുമായി ബന്ധപ്പെട്ട കുറിപ്പാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറല്‍.
ചിത്രത്തിലെ ക്യാംപസ് രംഗങ്ങള്‍ ഒരു മാസത്തോളം എടുത്താണ് ഷൂട്ട് ചെയ്തത്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ ആയിരുന്നു ക്യാംപസ്. നിറത്തിന്റെ സെറ്റില്‍ ശാലിനി ജോയിന്‍ ചെയ്യുമ്പോള്‍ തമിഴ് സൂപ്പര്‍ഹീറോ അജിത് കുമാറുമായി പ്രണയത്തിലായിരുന്നു . ശാലിനി ഈ കാര്യം പറഞ്ഞിരുന്നത് കുഞ്ചാക്കോ ബോബനോട് മാത്രമായിരുന്നു. ശാലിനിയെ ലൊക്കേഷനിലേക്ക് വിളിക്കുന്നത് റിസ്‌കാണെന്ന് മനസിലാക്കിയ അജിത് പിന്നീട് കുഞ്ചാക്കോ ബോബന്റെ ഫോണ്‍ നമ്പര്‍ വാങ്ങി അതിലേക്ക് വിളിക്കുമായിരുന്നു.
സെല്‍ഫോണുകള്‍ അപൂർവമായിരുന്ന ക്കാലത്ത് ചാക്കോച്ചന്റെ പഴയ എറിക്സണ്‍ ഫോണിലേക്ക് അധികവും വന്നിരുന്നത് തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്തിന്റെ കോളുകള്‍ ആയിരുന്നു. മറ്റുള്ളവര്‍ ശ്രദ്ധിക്കാതിരിക്കാൻ ചാക്കോച്ചന്‍, ഒരു കോഡ് കണ്ടെത്തി. ഷൂട്ട് ബ്രേക്ക് വരുമ്പോള്‍ കുഞ്ചാക്കോ ശാലിനിയെ നോക്കി പറയും: 'മിസ് സോന ..AK -47 കോളിംഗ്.' പലപ്പോഴും ഇത് കേട്ട സംവിധായകൻ കമല്‍ ചാക്കോച്ചനിൽ നിന്നും കാര്യം മനസ്സിലാക്കി. അടുത്ത ദിവസത്തെ ഷൂട്ട് ബ്രേക്കില്‍ അജിത്തിന്റെ കോള്‍ കാത്തിരുന്ന ശാലിനിയെ നോക്കി കമല്‍ ചോദിച്ചു 'ഇന്ന് AK -47ന്റെ കോള്‍ വരില്ലേ?' ഇത് കേട്ട് ഞെട്ടിയ ശാലിനി ചുറ്റും നോക്കിയപ്പോള്‍ ചിരിക്കുന്ന ചാക്കോച്ചനെ ആണ് കണ്ടത്.