covid-sports

ന്യൂഡൽഹി : ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച ആഗോള കായികരംഗം സജീവമാകുന്നതിനിടെ കൊവിഡ് രോഗ ഭീഷണി വീണ്ടുമെത്തുന്നു. ബംഗളുരുവിലെ ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാമ്പിൽ രോഗബാധയുണ്ടായി ആറ് താരങ്ങൾ ആശുപത്രിയിലായതിന് പിന്നാലെ ഐ.പി.എല്ലിനായി ദുബായ്‌ക്ക് പോകാനിരുന്ന രാജസ്ഥാൻ റോയൽസ് ടീമിന്റെ പരിശീലകസംഘത്തിലെ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. ലിസ്ബണിൽ നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിനുള്ള സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ താരത്തിന് കഴിഞ്ഞയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. ബാഴ്സലോണയുടെ ഒരു കളിക്കാരനും രോഗമുള്ളതായി ഇന്നലെ ക്ലബ് അറിയിച്ചു.

ആറുപേരും ആശുപത്രിയിൽ

ബംഗളുരു സായ് സെന്ററിൽ കൊവിഡ് രോഗം ബാധിച്ച ആറ് താരങ്ങളെയും ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. അവസാനം രോഗം സ്ഥിരീകരിച്ച മൻദീപ് സിംഗിനെയാണ് ആദ്യം ആശുപത്രിയിലാക്കിയത്. രകതത്തിലെ ഒാക്സിജന്റെ അളവ് കുറഞ്ഞതിനെത്തുടർന്നായിരുന്നു നടപടി.എസ്.എസ്.സ്പർശ് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മൻദീപിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. മറ്റുള്ള താരങ്ങളെ സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് ഇതേ ആശുപത്രിയിലേക്ക് മാറ്റിയത്.

നായകൻ മൻപ്രീത് സിംഗ്, സുരേന്ദ്രർ കുമാർ,ജസ്കരൺ സിംഗ്,വരുൺ കുമാർ,കൃഷൻ ബഹദൂർ പഥക് എന്നിവരെയാണ് ഇന്നലെ ആശുപത്രിലേക്ക് മാറ്റിയിരിക്കുന്നത്.

ലോക്ക്ഡൗൺ കാലത്ത് സായ് സെന്ററിലെ പരിശീലനക്യാമ്പിലായിരുന്നു താരങ്ങളെല്ലാം. ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ നാട്ടിലേക്ക് പോയ താരങ്ങൾ മടങ്ങിവന്നപ്പോൾ നടത്തിയ പരിശോധനയിലാണ് ആറുപേർക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയത്. ഇവർ ഒരുമിച്ചാണ് പഞ്ചാബിൽ നിന്ന് ബംഗളുരുവിലേക്ക് വന്നത്. ഇൗ മാസം 20ന് ക്യാമ്പ് പുനരാരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇൗ സാഹചര്യത്തിൽ അത് നീട്ടിയേക്കും.

ദിഷാന്തിന് കൊവിഡ്

തങ്ങളുടെ മുൻ താരം കൂടിയായ ഇപ്പോടത്തെ ഫീൽഡിംഗ് കോച്ച് ദിഷാന്ത് യാഗ്നിക്കിന് രോഗം സ്ഥിരീകരിച്ചിരിക്കുന്നതായാണ് രാജസ്ഥാൻ റോയൽസ് അറിയിച്ചിരിക്കുന്നത്. യു.എ.ഇയിലേക്ക് മാറ്റിയ ഐ.പി.എല്ലിന് തിരിക്കുന്നതിന് മുമ്പ് നടത്തിയ പരിശോധനയിൽ രോഗം തിരിച്ചറിയുന്ന ആദ്യത്തെയാളാണ് ദിഷാന്ത്. അടുത്തയാഴ്ച ടീമംഗങ്ങൾ മുംബയ്‌യിൽ ഒത്തുചേർന്നശേഷം ദുബായ്‌യിലേക്ക് തിരിക്കാനായിരുന്നു പദ്ധതി.

ദിഷാന്തിനെ ക്വാറന്റൈനിലേക്ക് മാറ്റിയതായി അറിയിച്ച ക്ളബ് അധികൃതർ എല്ലാ കളിക്കാരെയും വകണ്ടും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പറഞ്ഞു. ബി.സി.സി.ഐ പ്രോട്ടോക്കോൾ അനുസരിച്ച് ഇനി തുടർച്ചയായി രണ്ട് ടെസ്റ്റുകളിൽ നെഗറ്റീവായാൽ മാത്രമേ ദിഷാന്തിന് ടീമിനാെപ്പം ചേരാനാകൂ. യു.എ.ഇയിലെത്തിയാലും ഒരാഴ്ച ക്വാറന്റൈനിൽ കഴിയുകയും മൂന്ന് ടെസ്റ്റുകൾക്ക് വിധേയനാവുകയും വേണം.യാത്ര തിരിക്കും മുമ്പും യു.എ.ഇയിലെത്തിയ ശേഷവും കളിക്കാരെയും പരിശീലകസംഘത്തെയും മറ്റ് സ്റ്റാഫുകളെയും ടെസ്റ്റിന് വിധേയമാക്കണമെന്ന് ബി.സി.സി.ഐ പ്രോട്ടോക്കോളിൽ നിർദ്ദേശമുണ്ട്.

ആളെ ഒഴിവാക്കി അത്‌ലറ്റിക്കോ

ഇന്ന് രാത്രി ലിസ്ബണിൽ നടക്കാനിരിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ക്വാർട്ടർ ഫൈനൽ മത്സരത്തിന് തിരിക്കും മുമ്പ് നടത്തിയ പരിശോധനയിലാണ് സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സംഘത്തിലെ രണ്ടുപേർക്ക് കൊവിഡെന്ന് റിപ്പോർട്ട് വന്നത്. ഇവർ കളിക്കാരാണോ സ്റ്റാഫാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. ഇവരെ വീടുകളിൽ ഐസൊലേഷനിലാക്കിയശേഷം മറ്റ് താരങ്ങളുമായി ടീം ലിസ്ബണിലെത്തുകയായിരുന്നു.

ബാഴ്സയിലും രോഗം

നാളെ രാത്രി നടക്കുന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനെ നേരിടാൻ ബാഴ്സലോണ ടീം ലിസ്ബണിൽ എത്തിയതിന് പിന്നാലെയാണ് ബാഴ്സലോണയിൽ തുടർന്നിരുന്ന ഒരു ജൂനിയർ താരത്തിന് കൊവിഡ് സ്ഥിരീകരിച്ചതായ വാർത്തയെത്തിയത്. ഇൗ താരം ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ എത്തിയിട്ടില്ലെന്നും എത്തിയ കളിക്കാരുമായി സമ്പർക്കമുണ്ടായിട്ടില്ലെന്നും ക്ളബ് അറിയിച്ചു. അതേസമയം ഇദ്ദേഹം പ്രീ സീസൺ മത്സരങ്ങൾക്ക് മുന്നോടിയായി പരിശീലനത്തിന് ഇറങ്ങിയിരുന്നു.