sudhakaran

തല്ലുകൊള്ളാൻ ചെണ്ടയും പണം വാങ്ങാൻ മാരാരും എന്നത് കാലങ്ങളായി പറഞ്ഞു കേൾക്കുന്ന ചൊല്ലാണ്. ഇപ്പോൾ ആ ചൊല്ല് അച്ചട്ടായിരിക്കുന്നത് മന്ത്രി ജി.സുധാകരന്റെ കാര്യത്തിലാണ്. ഒരു വിധത്തിലുള്ള ആമുഖവും വേണ്ടാത്ത രാഷ്ട്രീയ നേതാവാണ് ജി.സുധാകരൻ. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയുടെ കേരളത്തിലെ സ്ഥാപക നേതാക്കളിൽ പ്രമുഖൻ.

വിദ്യാർത്ഥി പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന നാളിൽത്തന്നെ ജയിൽവാസം അടക്കമുള്ള കഷ്ടപ്പാടുകൾ അനുഭവിച്ചാണ് ഇന്നത്തെ നിലവരെ എത്തിയത്. 'ഒരു സ്പെഷ്യൽ റിക്രൂട്ട്മെന്റിന്റെ'യും ആനുകൂല്യമില്ലാതെയാണ് അദ്ദേഹം ഓരോ പടവും കയറിയത്. ഓണാട്ടുകരയിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ചു വളർന്നതിനാൽ അതിന്റേതായ എല്ലാ ജീവിതക്ളേശങ്ങളും അനുഭവിക്കാൻ അദ്ദേഹത്തിന് ബാല്യത്തിൽത്തന്നെ യോഗമുണ്ടായിട്ടുണ്ട്. ഇക്കാരണത്താൽത്തന്നെ സാധാരണക്കാരന്റെ പ്രശ്നങ്ങളോട് മാനുഷികമായി ഇടപെടാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിക്കാറുമുണ്ട്. പാവപ്പെട്ടവർക്ക് തന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും എപ്പോഴും അദ്ദേഹത്തിൽ നിന്ന് ലഭിക്കും.

പരന്ന വായനാശീലമുള്ളതിനാലും പഠിച്ചത് ആംഗലേയ സാഹിത്യമായതിനാലും കമ്മ്യൂണിസവുമായി ബന്ധപ്പെട്ട് ഇനി അദ്ദേഹം എന്തെങ്കിലും വായിക്കണമെങ്കിൽ, അത് ആരെങ്കിലും എഴുതണം. നിയമസഭയിൽ കമ്യൂണിസത്തെ ആരെങ്കിലും തോണ്ടിയാൽ അവരെ കൈകാര്യം ചെയ്യാതെ സുധാകരകവി അടങ്ങില്ല. അഴിമതി എന്ന വാക്കു കേട്ടാൽ, താണ്ഡവത്തിനിറങ്ങുന്ന പരമശിവനെപ്പോലെയാകും അദ്ദേഹം. അഴിമതിക്കാരനെ പിച്ചിച്ചീന്തി ആ ചോരകൊണ്ട് നെറ്റിക്ക് മൂന്നു വരയും ഒരു അരിവാൾ ചുറ്റികയും വരയ്ക്കാതെ തൃപ്തിവരില്ല.

രാഷ്ട്രീയമായി എതിരാളികളെ ആക്രമിച്ച് പരിക്കേൽപ്പിക്കാൻ വിദഗ്ദ്ധരായ നിരവധി പേരുണ്ടെങ്കിലും അവരാരും സുധാകരനെ തൊടില്ല. കാരണം അഴിമതി ആരോപിക്കാൻ ഒരു തരിമ്പുപോലും കാണില്ല. മനസുകൊണ്ട് രാഷ്ട്രീയ എതിരാളികൾ പോലും നമിക്കുന്ന നേതാവെന്ന ഖ്യാതിയും അദ്ദേഹത്തിനുണ്ട്. വെറുതെ സ്തുതിക്കാനല്ല ഇതൊക്കെ കുറിക്കുന്നതെന്ന് വായിക്കുന്ന ആർക്കും മനസിലാവും. ഇനി കാര്യത്തിലേക്കു വരാം.

മഴക്കാലം മത്സ്യത്തൊഴിലാളികളുടെ ദുരിതകാലമാണ്. വള്ളവും കരയിൽ കയറ്റിവച്ച് തിരയെണ്ണിക്കഴിയുന്ന കാലം. ട്രോളിംഗ് നിരോധനം, കാലവർഷം തുടങ്ങിയ പതിവ് കലാപരിപാടികൾക്കു പുറമെ ഇക്കുറി കൊവിഡിന്റെ അവതാരവും കൂടിയായതോടെ ഇടിവെട്ടിയവന്റെ തലയിൽ പാമ്പുകടിച്ചു എന്നു പറയും പോലെ തീരദേശം കടുത്ത വറുതിയിലായി.ആലപ്പുഴയിലെ തീരദേശം കൂടി ഉൾപ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി സുധാകരന്റെ കവിഹൃദയം തീരമക്കളുടെ ദുരിതം കണ്ടപ്പോൾ വല്ലാതെ തേങ്ങി.

മന്ത്രി സുധാകരനല്ലാതെ മറ്റാരുണ്ട് അവരെ രക്ഷിക്കാൻ? മനസിൽ തീരമക്കളെക്കുറിച്ചുള്ള ഒരു വിലാപകാവ്യം തെളിഞ്ഞുവന്നെങ്കിലും അദ്ദേഹം കവിതയെഴുത്ത് മാറ്റിവച്ചു. പകരം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഒരു കത്തയച്ചു. തീരദേശ നിവാസികൾക്ക് സൗജന്യമായി ഭക്ഷ്യക്കിറ്റ് അനുവദിക്കണമെന്ന ന്യായവും മനുഷ്യത്വപരവുമായ ആവശ്യം ഉന്നയിക്കുന്നതായിരുന്നു തികച്ചും കാവ്യാത്മകമായ ആ കത്ത്.

കത്തെഴുതിയത് ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി.സുധാകരനായതിനാലും അദ്ദേഹത്തിന്റെ ആവശ്യം തീർത്തും ന്യായയുക്തമായതിനാലും സൗജന്യ ഭക്ഷ്യക്കിറ്റ് അനുവദിക്കാൻ സർക്കാർ ഉത്തരവായി. അത്താഴപ്പട്ടിണിക്കാരന് കഞ്ഞിവെള്ളം കൊടുത്താലും അതിന് ഒരു ഉദ്ഘാടനം വേണമെന്നത് നാട്ടുനടപ്പാണല്ലോ. ഇക്കാരണത്താൽ തന്നെ അമ്പലപ്പുഴ, ചേർത്തല, കാർത്തികപ്പള്ളി താലൂക്കുകളിലെ സൗജന്യ ഭക്ഷ്യക്കിറ്ര് വിതരണത്തിനും കൊവിഡ് നിയന്ത്രണങ്ങളും ദൂരപരിധിയും പാലിച്ച് ഉദ്ഘാടനച്ചടങ്ങും സംഘടിപ്പിച്ചു.

സാമ്പത്തിക ശാസ്ത്രത്തിന്റെ ഹിമാലയ മുകളിൽ കയറി താടിതടവിയും കണ്ണിറുക്കിയും വി.ഡി. സതീശൻ ഒഴികെ എല്ലാവരെയും അമ്പരപ്പിക്കുന്ന ധനമന്ത്രി ഡോ.തോമസ് ഐസക്ക്, വാ തുറന്നാൽ മത്സ്യത്തൊഴിലാളികളെക്കുറിച്ചു മാത്രം വാത്സല്യത്തോടെ സംസാരിക്കുന്ന മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ, കേരളത്തിൽ ഒരാൾപോലും അന്നം കഴിക്കാതെ അന്തിയുറങ്ങില്ലെന്ന് ഉറപ്പാക്കാൻ രാത്രിയിൽ ഔദ്യോഗിക വസതിയുടെ മുറ്റത്തു നിന്ന് 'അത്താഴപ്പഷ്ണിക്കാരുണ്ടോ' എന്ന് ഉറക്കെ ചോദിക്കുന്ന മന്ത്രി പി.തിലോത്തമൻ തുടങ്ങിയവരെല്ലാം അണിനിരന്ന് ഓൺലൈൻ വഴി സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന് ഉദ്ഘാടനം നിർവഹിച്ചു. അമ്പലപ്പുഴ താലൂക്കിലെ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മലയാള സിനിമയ്ക്ക് ലഭിക്കാൻ ഭാഗ്യം കിട്ടാതെ പോയ നാടകനടൻ എ.എം.ആരിഫ് എം.പിയും നിർവഹിച്ചു.

ഇത്രയുമൊക്കെ പുകിലുകൾ നടന്നിട്ടും അസാധാരണ പ്രതിഭ കൊണ്ട് മലയാള കാവ്യസാഹിത്യ ശാഖയ്ക്ക് നിരന്തരം സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന, ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി.സുധാകരനെ അവർ മറന്നു. സൗജന്യ ഭക്ഷ്യക്കിറ്റ് നൽകണമെന്ന് ആദ്യം മനസിൽ തോന്നിയത് മന്ത്രി സുധാകരന്. അതിനായി മിനക്കെട്ട് കത്തെഴുതിയതും അദ്ദേഹം. ജില്ലയിൽ തീരദേശ നിവാസികളുടെ പ്രശ്നത്തിൽ എപ്പോഴും ഉത്സാഹത്തോടെ ഇടപെടുന്നതും അദ്ദേഹം. എന്നിട്ടും അദ്ദഹത്തെ മറന്നാണ് ഇതെല്ലാം സംഭവിച്ചത്.

പക്ഷെ ഒരാൾ മാത്രം അദ്ദേഹത്തെ മറന്നില്ല. ചിത്തത്തിൽ എപ്പോഴും മത്സ്യത്തൊഴിലാളി ചിന്ത മാത്രമായി നടക്കുന്ന ആലപ്പുഴ നഗരത്തിലെ പ്രമുഖ നേതാവ്. അദ്ദേഹം ചടങ്ങിൽ പങ്കെടുത്തില്ലെന്നു മാത്രമല്ല, നടന്ന കാര്യങ്ങൾ വേണ്ടത്ര ഉപ്പും മുളകും പുളിയും പൊടിക്ക് പെട്രോളും ചേർത്ത് മന്ത്രിയുടെ ചെവിയിലെത്തിച്ച് രാഷ്ട്രീയക്കൂറ് കാണിച്ചു. ശുദ്ധനായ മന്ത്രിക്ക് രോഷം അണപൊട്ടാൻ ഇതൊക്കെ ധാരാളമാണല്ലോ. അദ്ദേഹം തനതു ശൈലിയിൽ പൊട്ടിത്തെറിച്ചു. പണ്ട് ഐ.എ.എസുകാർക്ക് കഴുത്തിൽ ബെൽറ്റണിയിച്ച ആ തന്റേടം അദ്ദേഹം കാട്ടി. പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തും അയച്ചു. പോരേ!

ഇതു കൂടി

കേൾക്കണേ

ആരെല്ലാം എന്തെല്ലാം പാരകൾ വച്ചാലും സാധാരണ ജനങ്ങളുടെ മനസിൽ മന്ത്രി ജി.സുധാകരന് ഒരു സ്ഥാനമുണ്ട്. ഇടതുകൈയും വലതു കൈയും കൊണ്ട് വാരിക്കൂട്ടി ദന്തഗോപുരത്തിൽ വാണരുളുന്ന രാഷ്ട്രീയക്കാരനല്ല സുധാകരൻ. സാധാരണക്കാരന് ഒപ്പം എപ്പോഴും നിൽക്കുന്ന മറ്റൊരു സാധാരണക്കാരൻ. ഓരോ തിരഞ്ഞെടുപ്പിലും ജനങ്ങൾ അദ്ദേഹത്തെ തലസ്ഥാനത്തേക്ക് വലിയ അംഗീകാരത്തോടെ അയയ്ക്കുന്നതും അതിനാലാണ്.