paris-mansion-

പാരീസ് : ഏകദേശം 35 ദശലക്ഷം യൂറോ വിലമതിക്കുന്ന പുരാതന ഫ്രഞ്ച് മാളിക. വർഷങ്ങൾക്ക് ശേഷം ഇവിടെ ചില പുനഃരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. ഇതിനായി എല്ലാ ഒരുക്കങ്ങളും തുടങ്ങി. പണിക്കായി ജോലിക്കാരുമെത്തി. എന്നാൽ മാളികയുടെ ബേസ്മെന്റിൽ 30 വർഷം പഴക്കം വരുന്ന അഴുകിയ നിലയിലുള്ള ഒരു മൃതശരീരം കണ്ടെത്തിയതോടെ കഥ മാറി.

നൂറ്റാണ്ടുകൾക്ക് മുമ്പ് സമ്പന്നരായ ഫ്രഞ്ചു പ്രഭുക്കൻമാർ താമസിച്ചിരുന്നതാണ് ഈ മാളിക. 18ാം നൂറ്റാണ്ടിന്റെ പകുതി മുതൽ ഇവിടം ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. വെറും 15 മിനിറ്റ് നീണ്ടു നിന്ന ലേലത്തിനൊടുവിൽ ഇക്കഴിഞ്ഞ ജനുവരിയിലാണ് ഒരു സ്വകാര്യ വ്യക്തിയ്ക്ക് കോട്ട വിറ്റത്. ജീൻ ബെർണാഡ് ലഫോണ്ട എന്ന ഇൻവെസ്‌റ്റ്മെന്റ് ബാങ്കർ 35.1 മില്യൺ യൂറോയ്ക്കാണ് മാളിക സ്വന്തമാക്കിയത്. ശോഷിച്ച 17,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ കെട്ടിടം മോടിപിടിപ്പിക്കാൻ ഇയാൾ തൊഴിലാളികളെ നിയോഗിച്ചു. നിർമാണ പ്രവർത്തനങ്ങൾക്കിടെ ബേസ്മെന്റിൽ തകർന്ന പലകകൾക്കിടെയിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്.

ഫ്രഞ്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്നും ഏതാനും മിനിറ്റുകൾ മാത്രം നടക്കാനുള്ള ദൂരമാണ് ഇവിടേക്കുള്ളത്. മൃതദേഹത്തിൽ നടത്തിയ പരിശോധനയിൽ കത്തികൊണ്ട് ആഴത്തിൽ മുറിവേറ്റിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവം കൊലപാതകമാണ്. ജീൻ - പിയെർ റീനോഡ് എന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാൾ ഇവിടുത്തെ തെരുവിൽ ജീവിച്ചിരുന്നയാളണത്രെ. ഫോറൻസിക് സംഘം നടത്തിയ പരിശോധനയിൽ 30 വർഷം മുമ്പാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. ഇതോടെ മാളികയുടെ മോടിപിടിപ്പിക്കൽ ജോലികളൊക്കെ നിറുത്തി വയ്ക്കാനും കൊലപാതകം അന്വേഷിക്കാനും അധികൃതർ ഉത്തരവിട്ടിരിക്കുകയാണ്. 30 വർഷമായി ഈ മൃതദേഹം ഈ കെട്ടിടത്തിൽ തന്നെയുണ്ടായിരുന്നോ അതോ ആരെങ്കിലും ഇവിടെ ഉപേക്ഷിച്ചതാണോ എന്ന് വ്യക്തമല്ല.