kamala

അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാകുന്ന ആദ്യ ഇന്ത്യൻ വംശജ

വാഷിംഗ്ടൺ: പാലക്കാട്ട് കുടുംബ വേരുകളുള്ള ഇന്ത്യൻ വംശജയും കറുത്ത വർഗ്ഗക്കാരിയുമായ കാലിഫോർണിയ സെനറ്റർ കമല ഹാരിസിനെ ( 55 )​ ഡെമോക്രാറ്റിക് പാർട്ടി അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.

അമേരിക്കയുടെ ചരിത്രത്തിലാദ്യമായാണ് ഒരു പാർട്ടി ഇന്ത്യൻ വംശജയായ ഒരു കറുത്ത വനിതയെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനാണ് ഇന്നലെ തന്റെ മത്സര പങ്കാളിയായി കമലയെ പ്രഖ്യാപിച്ചത്. നവംബറിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

കമല തിരഞ്ഞെടുക്കപ്പെട്ടാൽ ചരിത്രമാകും. ഇല്ലെങ്കിലും ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവായി 2024ലും 2028ലും അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാനും വഴി തെളിഞ്ഞിരിക്കയാണ്. അമേരിക്കൻ പ്രസിഡന്റ് ആകുന്ന ആദ്യവനിതയെന്ന ചരിത്രനേട്ടവും കമലയെ കാത്തിരിക്കുന്നുണ്ടാവാം.

ഇത്തവണ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാനായിരുന്നു കമലയുടെ ഉന്നം. 2019 ജനുവരിയിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. ആദ്യസംവാദത്തിൽ ബൈഡനെ നിശിതമായി വിമർശിച്ച കമല ഡിസംബറിൽ ഫണ്ടിന്റെ അപര്യാപ്തത കാരണം സ്ഥാനാർത്ഥിത്വം പിൻവലിക്കുകയായിരുന്നു.

ഇന്ത്യൻ ബന്ധം

1960കളിൽ അമേരിക്കയിലേക്ക് കുടിയേറി സ്തനാർബുദ ഗവേഷകയായ ചെന്നൈ സ്വദേശി ഡോ. ശ്യാമള ഗോപാലനും ജമൈക്കൻ വംശജനും സാമ്പത്തികശാസ്ത്രം പ്രൊഫസറുമായിരുന്ന ഡോണാൾഡ് ഹാരിസുമാണ് കമലയുടെ മാതാപിതാക്കൾ. മാതാപിതാക്കൾ വേർപിരിഞ്ഞു. അഭിഭാഷകയായ സഹോദരി മായ ഹിലരി ക്ലിന്റന്റെ ഉപദേശകയാണ്.