ഹോങ്കോംഗ്: ചൈനീസ് ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റിലായ ഹോങ്കോംഗിലെ മാദ്ധ്യമ വ്യവസായി ജിമ്മി ലായിക്ക് ജാമ്യം. ജനാധിപത്യാനുകൂലിയായ ആക്ടിവിസ്റ്റ് ആഗ്നസ് ചോവിനും ജാമ്യം ലഭിച്ചു. പോരാട്ടം തുടരുമെന്ന് ജാമ്യം ലഭിച്ച ശേഷം ജിമ്മി പറഞ്ഞു. ജാമ്യം ലഭിച്ച ജിമ്മിയെ ഒരു വീരനെപ്പോലെയാണ് ഹോങ്കോംഗ് ജനത വരവേറ്റത്. വിദേശശക്തികളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ഹോങ്കോംഗിലെ പ്രമുഖ വ്യവസായിയും നെക്സ്റ്റ് മീഡിയ മാദ്ധ്യമഗ്രൂപ്പ് സ്ഥാപകനുമായ ജിമ്മി ലായിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഹോങ്കോംഗിൽ ജനാധിപത്യത്തിനു വേണ്ടി വാദിക്കുന്ന ലായ് ചൈനയുടെ ഏകാധിപത്യ ഭരണത്തിന്റെ സ്ഥിരം വിമർശകനുമാണ്. ബ്രിട്ടീഷ് പൗരത്വം കൂടി ഉണ്ടായിരുന്നിട്ടും, ചൈനയിൽ നിന്ന് പ്രതികാര നടപടികൾ ഉണ്ടാകും എന്നുറപ്പായിട്ടും രാജ്യം വിട്ട് ഒളിച്ചോടാൻ ലായി തയ്യാറായിരുന്നില്ല. ലായിയെപ്പോലെ ബഹുമാന്യനായ ഒരാളെ യാതൊരു വിധ പരിഗണനയും കൂടാതെ പൊതുജനമദ്ധ്യത്തിലൂടെ കൈവിലങ്ങണിയിച്ച് നടത്തിക്കൊണ്ടു പോയത് ഹോങ്കോംഗിൽ ഏറെ പ്രതിഷേധം ഉണ്ടാക്കിയിരുന്നു.