വാഷിംഗ്ടൺ: 1958ലാണ് ശ്യാമള ഗോപാലൻ അമേരിക്കയിൽ കാലിഫോർണിയയിലെ ബർക്ക്ലിയിൽ എത്തിയത്. ഒറ്റയ്‌ക്ക്. 19 വയസ്. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം. ന്യൂട്രിഷൻ ആൻഡ് എൻഡോക്രൈനോളജിയിൽ ഗവേഷണത്തിന് വന്നതാണ്. ഇന്ത്യയ്‌ക്ക് പുറത്തേക്ക് ആദ്യയാത്ര.
ബേ ഏരിയ എന്ന സ്ഥലത്ത് താമസം ശരിയാക്കി. ശ്യാമളയുടെ ചുറുചുറുക്ക് അവിടത്തെ കറുത്ത വംശജരെ ആകർഷിച്ചു. അവർ ശ്യമളയെ ഇരുകൈയും നീട്ടി സ്വീകരിച്ചു. കാമ്പസിൽ ആ ഇന്ത്യൻ പെൺകുട്ടി പൗരാവകാശ പോരാളിയായി. അവിടെ ഒരു കൂട്ടുകാരനെ കിട്ടി. ജമൈക്കയിൽ നിന്ന് കുടിയേറിയ ഇക്കണോമിക്‌സ് ഗവേഷണ വിദ്യാർത്ഥി ഡൊണാൾഡ് ഹാരിസ്. പ്രണയം കടുത്തു. വിവാഹിതരായി. രണ്ട് പെൺമക്കൾ ജനിച്ചു. മൂത്തവൾ കമല. പിന്നെ മായ. രണ്ടും ഇന്ത്യൻ പേരുകൾ. അതിനേക്കാൾ മലയാളിത്തം തുളുമ്പുന്ന പേരുകൾ.
2019ൽ കമലഹാരിസ് എഴുതിയ ആത്മകഥയിൽ ( ദ ട്രൂത്ത് വി ഹോൾഡ് ) അമ്മയെ പറ്റി എഴുതുന്നു - ''ഇന്ത്യയിൽ നിന്ന് അമേരിക്കയിൽ എത്തിയ നിമിഷം അമ്മ കറുത്തവരെ കണ്ടെത്തി. അവർ അമ്മയെ കറുത്തവരുടെ കൂട്ടത്തിലാക്കി. അവരായിരുന്നു അമ്മയുടെ കുടുംബം. അമ്മ അവരുടെയും കുടുംബമായി''.
കമലയും മായയും കുട്ടികളായിരിക്കുമ്പോൾ തന്നെ മാതാപിതാക്കൾ വിവാഹമോചിതരായി. ശ്യാമള പൗരാവകാശ പോരാട്ടങ്ങൾ തുടർന്നു. ഒറ്റയ്ക്ക് പെൺകുട്ടികളെ വളർത്തി.
''തന്റെ പെൺമക്കളെ കറുത്തവർഗക്കാരായാണ് ജനം കാണുന്നതെന്ന ബോദ്ധ്യത്തോടെയാണ് അമ്മ ഞങ്ങളെ വളർത്തിയത്. അമ്മയാണ് എന്റെ ഏറ്റവും വലിയ സ്വാധീനം. ഞാൻ രാഷ്ട്രീയതിൽ ഇറങ്ങാൻ പ്രചോദനമായതും അമ്മയാണ് - കമല എഴുതുന്നു.
2009ൽ അമ്മ മരിച്ചു. അപ്പോഴേക്കും കമല എന്ന മകൾ അമേരിക്കയിലെ ഉന്നത പടവുകൾ കയറിത്തുടങ്ങിയിരുന്നു.
കമലയ്ക്ക് രാഷ്‌ട്രീയവും പോരാട്ടവും വിദ്യാഭ്യാസത്തിന്റെ ഈടുവയ്പും കുടുംബപരമായി പകർന്നുകിട്ടിയതാണ്. ആ പോരാട്ട വീര്യം കമലയ്ക്ക് ഒരു വിളിപ്പേര് സമ്മാനിച്ചിട്ടുണ്ട് - ഫീമെയിൽ ബറാക്ക് ഒബാമ!
കമലയുടെ മുത്തശി രാജം ഗോപാലം ( ശ്യാമളയുടെ അമ്മ )തന്റേടിയായ സാമൂഹ്യപ്രവർത്തകയായിരുന്നു. ഭർത്താവ് പി. വി.ഗോപാലൻ പ്രഗൽഭനായ നയതന്ത്രജ്ഞനായിരുന്നു. രാഷ്‌ടീയ പ്രബുദ്ധതയും നേതൃത്വ ഗുണങ്ങളുമൊക്കെ രക്തത്തിൽ അലിഞ്ഞ കുടുംബത്തിലാണ് അമ്മ വളർന്നത്. മുത്തച്ഛനിൽ നിന്നും മുത്തശിയിൽ നിന്നുമാണ് അമ്മ രാഷ്ട്രീയ ബോധം ഉൾക്കൊണ്ടത്. ചരിത്രം, പോരാട്ടം, അസമത്വം എന്നിവയെ പറ്റിയെല്ലാം നല്ല ബോദ്ധ്യം അമ്മയ്‌ക്കുണ്ടായിരുന്നു. ആത്മാവിൽ ആഴത്തിൽ കോറിയിട്ട നീതി ബോധവുമായാണ് അമ്മ ജനിച്ചതു തന്നെ. മുത്തച്ഛൻ പി. വി. ഗോപാലനാണ് അമ്മയുടെ നീതി ബോധം പുഷ്കലമാക്കിയത് - കമല പറയുന്നു
നയതന്ത്രപ്രതിനിധിയായിരിക്കെ പി. വി. ഗോപാലൻ ഇന്ത്യാ വിഭജനത്തെ തുടന്ന് പൂർവപാകിസ്ഥാനിൽ ( ബംഗ്ലാദേശ് )നിന്നുള്ള അഭയാർത്ഥികളെ പുനരധിവസിപ്പിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
പുരോഗമനാശയങ്ങളുള്ള പി. വി.ഗോപാലൻ മക്കളായ ശ്യാമളയെയും ബാലചന്ദ്രനെയും എല്ലാ സ്വാതന്ത്ര്യവും നൽകിയാണ് വളത്തിയത്. പെൺകുട്ടികൾ യാഥാസ്ഥിതികതയുടെ തടവിലായിരുന്ന കാലത്ത് പത്തൊൻപതാം വയസിൽ ശ്യാമളയെ ഒറ്റയ്‌ക്ക് അമേരിക്കയിലേക്ക് വിട്ടത് മക്കളിലുള്ള ഒരച്ഛന്റെ വിശ്വാസത്തിന്റെ തെളിവായിരുന്നു. അമേരിക്കയിൽ രണ്ടാം വർഷം മുതൽ ശ്യാമള ജോലി ചെയ്താണ് പഠനച്ചെലവ് വഹിച്ചത്.
ലോകത്ത് ഏറ്റവും പ്രിയപ്പെട്ട ഒരാളെന്നാണ് മുത്തച്ഛനെ കമല വിശേഷിപ്പിക്കുന്നത്. ഉപദേശം ചോദിച്ചാൽ മുത്തച്ഛൻ പറയും - ഞാൻ ഉപദേശം തരാം. പക്ഷേ നീ നിനക്ക് ഏറ്റവും നല്ലതെന്ന് തോന്നുന്നത്, എറ്റവും ഇഷ്‌ടപ്പെടുന്നത്, ഏറ്റവും നന്നായി ചെയ്യുക...'
''മുത്തച്ഛന്റെ കൈപിടിച്ച് മദ്രാസിൽ ബീച്ചിലൂടെയുള്ള നീണ്ട നടത്തങ്ങളാണ് ഓർമ്മയിൽ. മുത്തച്ഛന്റെ റിട്ടയർ ചെയ്ത സുഹൃത്തുക്കളും കാണും. രാഷ്‌ട്രീയവും അഴിമതിയും ഒക്കെ ചർച്ച ചെയ്തും തർക്കിച്ചും പൊട്ടിച്ചിരിച്ചുമാണ് നടത്തം. എന്റെ രാഷ്‌ട്രീയ വിദ്യാഭ്യാസമായിരുന്നു അത്. സത്യസന്ധതയും ധൈര്യവും ഉത്തരവാദിത്വവുമൊക്കെ എനിക്ക് പകർന്നു കിട്ടുകയായിരുന്നു....''