europa-league-

കൊളോൺ : യൂറോപ്പിലെ സെക്കൻഡ് ഡിവിഷൻ ഫുട്ബാൾ ലീഗായ യൂറോപ്പ ലീഗിൽ സ്പാനിഷ്ക്ളബ് സെവിയ്യയും ഉക്രേനിയൻ ക്ളബ് ഷാക്തർ ഡോണെസ്കും സെമിയിലെത്തി. കഴിഞ്ഞ രാത്രി ജർമ്മനിയിൽ നടന്ന ക്വാർട്ടർ ഫൈനലുകളിൽ സെവിയ്യ മറുപടിയില്ലാത്ത ഒരു ഗോളിന് ഇംഗ്ളീഷ് ക്ളബ് വോൾവർ ഹാംപ്ടണിനെയും ഷാക്തർ ഒന്നിനെതിരെ നാലുഗോളുകൾക്ക് സ്വിസ് ക്ളബ് എഫ്.സി ബാസലിനെയും കീഴടക്കി.

അഞ്ചുതവണ യൂറോപ്പ ലീഗ് നേടിയിട്ടുള്ള സെവിയ്യ 88-ാം മിനിട്ടിൽ ലൂക്കാസ് ഒക്കാംപോസ് നേടിയ ഗോളിനാണ് വോൾവറിനെതിരെ വിജയം കണ്ടത്. മത്സരത്തിന്റെ 11-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി കിക്ക് മിസാക്കിയതാണ് മത്സരത്തിൽ വോൾവറിന് ഏറ്റവും വലിയ തിരിച്ചടിയായത്. ഡീഗോ കാർലോസ് ബോക്സിനുള്ളിൽ നടത്തിയ ഫൗളിന് റഫറി വിധിച്ച പെനാൽറ്റി കിക്ക് ജിമിനേസ് സെവിയ്യ ഗോളി ബൗനോയ്ക്ക് നേരേ അടിക്കുകയായിരുന്നു. അധിക സമയത്തേക്കുകടക്കുമെന്ന് തോന്നിച്ച മത്സരത്തിന്റെ അവസാനസമയത്ത് എവർ ബനേഗയുടെ പാസിൽ നിന്നാണ് ഒക്കാംപോസ് വിജയഗോൾ നേടിയത്.

ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 12.30ന് നടക്കുന്ന ആദ്യ സെമിഫൈനലിൽ ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് സെവിയ്യ നേരിടേണ്ടത്. കഴിഞ്ഞ ദിവസം നടന്ന ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ ഡെന്മാർക്ക് ക്ളബ് കോപ്പൻഹേഗനെ 1-0ത്തിന് തോൽപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം നടന്ന മറ്റൊരു ക്വാർട്ടർ ഫൈനലിൽ സ്വിസ് എതിരാളികളെ നിർദ്ദയം കീഴടക്കിയാണ് ഷാക്തർ സെമിയിലേക്ക് മുന്നേറിയത്. രണ്ടാം മിനിട്ടിൽ തന്നെ ജൂനിയർ മൊറേയ്സിലൂടെ ഷാക്തർ ഗോളടി തുടങ്ങിയിരുന്നു. 22-ാം മിനിട്ടിൽ ടായ്സണും സ്കോർ ചെയ്തതോടെ ഇടവേളയിൽ ഷാക്തർ 2-0ത്തിന് ലീഡുചെയ്തു. 75-ാം മിനിട്ടിൽ അലൻ പാട്രിക്കാണ് മൂന്നാം ഗോൾ നേടിയത്. 88-ാം മിനിട്ടിൽ ഡോഡോ നാലാമതും വലകുലുക്കി. ഇൻജുറി ടൈമിൽ വാൻ വോവ്സ്വിങ്കേലാണ് ബാസലിന്റെ ആശ്വാസഗോളടിച്ചത്.

തിങ്കളാഴ്ച രാത്രി നടക്കുന്ന സെമി ഫൈനലിൽ ഷാക്തർ ഇറ്റാലിയൻ ക്ളബ് ഇന്റർമിലാനെ നേരിടും. ക്വാർട്ടറിൽ ജർമ്മൻ ക്ളബ് ബയേർ ലെവർകൂസനെ 2-1നാണ് ഇന്റർ കീഴടക്കിയിരുന്നത്.

സെവിയ്യ 1 - വോൾവർ ഹാംപ്ടൺ 0

ഷാക്തർ ഡൊണെസ്ക് 4- ബാസൽ 1

സെമി ഫിക്സചർ

ആഗസ്റ്റ് 16

മാഞ്ചസ്റ്റർ യുണൈറ്റഡ് Vs സെവിയ്യ

ആഗസ്റ്റ് 17

ഷാക്തർ Vs ഇന്റർ മിലാൻ