chinese-man

ബീജിംഗ് : വീട്ടുവളപ്പിലെ കിണറിൽ കുടുങ്ങിയ 127 കിലോഗ്രാം ഭാരമുള്ള ചൈനീസ് പൗരനെ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷപ്പെടുത്തി. മദ്ധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിലാണ് സംഭവം. ഭാഗ്യമെന്ന് പറയാമല്ലോ, ഇയാളുടെ കുടവയറാണ് ഇയാളെ രക്ഷപ്പെടുത്തിയത്.! 28 കാരനായ ലിയു എന്നയാളാണ് കിണറിന്റെ വക്കിൽ കുടുങ്ങിയത്. അമിത ഭാരം തന്നെയാണ് കിണറിന് താഴേക്ക് വീഴാതിരിക്കാൻ ഇയാളെ സഹായിച്ചതെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.

വെള്ളമില്ലാത്ത കിണറിലേക്ക് തടിയും മറ്റുമുപയോഗിച്ച് മറയ്ക്കാൻ ശ്രമിക്കുന്നതിനിടെ ലിയു കിണറിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഒരു ഡസനോളം രക്ഷാസേനാംഗങ്ങൾ ചേർന്ന് കയർ ഉപയോഗിച്ച് ലിയുവിന്റെ ശരീരത്തിൽ കെട്ടി സാഹസികമായാണ് പുറത്തെടുത്തത്. രക്ഷാപ്രവർത്തകർ പുറത്തെടുക്കുന്നതും കാത്ത് കൈയ്യുംകെട്ടി അക്ഷമനായി കാത്തുകിടക്കുന്ന ലിയുവിന്റെ ദൃശ്യങ്ങൾ അഗ്നിരക്ഷാപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഏതായാലും അമിതവണ്ണം തുണയായ ലിയു പരിക്കുകളൊന്നുമേൽക്കാതെ രക്ഷപ്പെട്ടു.