ലിസ്ബൺ : ഇന്ന് നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ രണ്ടാം ക്വാർട്ടർ ഫൈനലിൽ സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡ് ജർമ്മൻ ക്ളബ് ആർ.ബി ലെയ്പ്സിഗിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30ന് തുടങ്ങുന്ന മത്സരം സോണി സിക്സ് ചാനലിൽ ലൈവായി കാണാം.
ലോക്ക്ഡൗണിന് മുന്നേ ക്വാർട്ടർഫൈനൽ ബർത്ത് ഉറപ്പിച്ചിരിക്കുകയായിരുന്നു ഡീഗോ സിമയോണി പരിശീലിപ്പിക്കുന്ന അത്‌ലറ്റിക്കോ.നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനെയാണ് ഇരുപാദ പ്രീക്വാർട്ടിൽ 4-2 എന്ന ഗോൾ മാർജിനിൽ സ്പാനിഷ് ക്ളബ് കീഴടക്കിയത്. ആദ്യപാദത്തിൽ 1-0ത്തിന് ജയിച്ചിരുന്ന അത്‌ലറ്റിക്കോ രണ്ടാം പാദത്തിൽ 3-2ന് ജയം കാണുകയായിരുന്നു.
ചാമ്പ്യൻസ് ലീഗിനായി ലിസ്ബണിലേക്ക് തിരിക്കും മുമ്പ് ക്ളബിലെ ഒരംഗത്തിന് കൊവിഡ് രോഗം സ്ഥിരീകരിച്ചത് അ്‌ലറ്റിക്കോയെ ആശങ്കയിൽ ആഴ്ത്തിയിരുന്നു. രോഗബാധിതനെക്കൂടാതെയാണ് സിമയോണിയും സംഘവും ലിസ്ബണിലെത്തിയിരിക്കുന്നത്.
ക്വാർട്ടർ ഫൈനലിൽ കഴിഞ്ഞ വർഷത്തെ റണണർ അപ്പുകളായ ടോട്ടൻ്ഹാമിനെകീഴടക്കിയവരാണ് ലെയ്പ്സിഗ് . ലോക്ക്ഡൗണിന് മുമ്പായിരുന്നു ഇരുപാദ ക്വാർട്ടറുകളും . ആദ്യ പാദത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്ന ജർമ്മൻ ക്ളബ് രണ്ടാം പാദത്തിൽ 3-0 എന്ന സ്കോറിന് ജയം ആധികാരികമാക്കി.