riot

ബംഗളൂരു: ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ടതിനെ തുടർന്ന് ബംഗളൂരു നഗരത്തിൽ നടന്ന സംഘർഷത്തിൽ പൊലീസിന്റെ വെടിയേറ്റ് മൂന്നുമരണം. കലാപത്തിന് നേതൃത്വം നൽകിയ കുറ്റം ചുമത്തി എസ്.ഡി.പി.ഐ നേതാവ് മുസാമിൽ പാഷയെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്.ഡി.പി.ഐ പ്രവർത്തകനായ അയാസിനെ പൊലീസ് തിരയുന്നു. സംഭവത്തിൽ ഇതുവരെ 150 പേർ അറസ്റ്റിലായി.

സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് കർണാടക സർക്കാർ ഉത്തരവിട്ടു. മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷം ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യം അറിയിച്ചത്. ബംഗളൂരു നഗരത്തിൽ ചൊവ്വാഴ്ച രാത്രിയാണ് കലാപം നടന്നത്.

പുലികേശ നഗർ കോൺഗ്രസ് എം.എൽ.എ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധു സോഷ്യൽമീഡിയയിൽ വർഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റ് ഇട്ടതിനെ തുടർന്ന് ഒരു സംഘം എം.എൽ.എയുടെ വസതിക്ക് മുന്നിലെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. കിഴക്കൻ ബംഗളൂരുവിലുളള ഡി.ജെ ഹള്ളി, കെ.ജെ ഹള്ളി പ്രദേശങ്ങളിലേക്കും പൊലീസ് സ്‌റ്റേഷനുകൾക്കും നേരെ അക്രമം വ്യാപിച്ചു. 300ഓളം വാഹനങ്ങൾ കത്തിച്ചു. സംഘർഷം നിയന്ത്രിക്കാൻ പൊലീസ് വെടിയുതിർത്തതിനെ തുടർന്ന് മൂന്നുപേർ മരിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് പൊലീസിന് കലാപം നിയന്ത്രിക്കാനായത്.

സംഘർഷത്തിൽ 50ഓളം പേർക്കും അഡിഷണൽ കമ്മിഷണറടക്കം 60ഓളം പൊലീസുകാർക്കും പരിക്കേറ്റു. ഡി.ജെ ഹള്ളി, കെ.ജെ ഹള്ളി എന്നിവിടങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി.

സംഘർഷത്തിന് മുമ്പായി അക്രമകാരികൾക്ക് ഒരാൾ പണം വിതരണം ചെയ്യുന്നത് പൊലീസ് ശേഖരിച്ച സി.സി ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ടതിന് നവീൻ എന്നയാളേയും അറസ്റ്റ് ചെയ്തു.

അമ്പലത്തിന് ചുറ്റും മനുഷ്യചങ്ങല

കലാപകാരികളിൽ നിന്ന് ഹനുമാൻ ക്ഷേത്രത്തെ സംരക്ഷിക്കാൻ നൂറോളം മുസ്ലിം യുവാക്കൾ മനുഷ്യചങ്ങല തീർത്തത് മാതൃകയായി. ഡി.ജെ.ഹള്ളിയിൽ അക്രമികൾ സകലതിനും തീ വയ്ക്കുന്നതിനിടെയാണ് സമീപവാസികളായ മുസ്ളിം യുവാക്കൾ ഷംപുര മെയിൻറോഡിലെ ഹനുമാൻ ക്ഷേത്രത്തിന് ചുറ്റും മനുഷ്യചങ്ങല തീർത്തത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

കർശനനടപടി: യെദിയൂരപ്പ

കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. കഴിഞ്ഞ 25 വർഷത്തിനിടെ ഇത്തരത്തിലൊരു സംഭവമുണ്ടായിട്ടില്ല. നഗരത്തിലെ ക്രമസമാധാന നില പുനഃസ്ഥാപിക്കുന്നതിനായി നടപടിയെടുത്തിട്ടുണ്ട്. നഗരത്തിൽ സമാധാനം നിലനിറുത്തണമെന്ന് കോൺഗ്രസും ആഹ്വാനം ചെയ്തിട്ടുണ്ട്.