തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് റിക്കവറിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തെറ്റായ വിവരങ്ങൾ പറഞ്ഞു എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി പിണറായി വിജയൻ. കൊവിഡ് പരിശോധനയിൽ ഇളവ് വരുത്തിയിട്ടില്ലെന്നും ഫലം നെഗറ്റീവാകാതെ ആരെയും ഡിസ്ചാർജ് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെന്നിത്തല ഒന്നും കാണുകയും കേൾക്കുകയും ചെയ്യുന്നില്ലെന്നും താൻ നുണപറഞ്ഞുവെന്ന് വരുത്തി തീർക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു തവണ മാത്രം കൊവിഡ് ടെസ്റ്റ് നെഗറ്റീവായാൽ രോഗികളെ വീട്ടിലേക്ക് പറഞ്ഞുവിടുന്നുവെന്നാണ് ചെന്നിത്തല ആരേപിച്ചിരുന്നത്.തുടക്കത്തിൽ മൂന്ന് തവണ പരിശോധനാ ഫലം നെഗറ്റീവായാൽ മാത്രമായിരുന്നു കൊവിഡ് രോഗികളെ വീട്ടിലേക്ക് വിട്ടിരുന്നതെന്നും എന്നാൽ രോഗികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വിദഗ്ദ്ധ സമിതിയുടെ അഭിപ്രായം കണക്കിലെടുത്താണ് പുതിയ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച വിവരങ്ങൾ നേരത്തെ തന്നെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.