സതാംപ്ടൺ : ഇംഗ്ളണ്ടും പാകിസ്ഥാനും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് സതാംപ്ടണിൽ തുടക്കമാകും. മാഞ്ചസ്റ്ററിൽ നടന്നആദ്യ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയിട്ടും പാകിസ്ഥാൻ തോറ്റിരുന്നു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ഇതിന് മുമ്പുനടന്ന വിൻഡീസിനെതിരായ പരമ്പരയിലും മിന്നുന്ന ഫോമിലായിരുന്ന ആൾറൗണ്ടർ ബെൻ സ്റ്റോക്സ് ഇല്ലാതെയാണ് ഇംഗ്ളണ്ട് ഇറങ്ങുന്നത്. സുഖമില്ലാതെ ന്യൂസിലാൻഡിൽ കഴിയുന്ന പിതാവിനെ കാണാനായി പോയിരിക്കുന്നതിനാലാണ് ബെൻ അവസാന രണ്ട് ടെസ്റ്റുകളിൽ നിന്നും വിട്ടുനിൽക്കുന്നത്.ബെൻ സ്റ്റോക്സിന് പകരം ഫാസ്റ്റ് ബൗളർ ഒല്ലീ റോബിൻസണിനെ ഇംഗ്ളണ്ട് 14 അംഗടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജോ റൂട്ട് ആണ് ഇംഗ്ളീഷ് ക്യാപ്ടൻ. കഴിഞ്ഞ കളിയിൽ മികച്ച പ്രകടനം കാഴ്ചവച്ച ജോസ് ബട്ട്‌ലർ , ക്രിസ് വോക്സ്, സിബിലി തുടങ്ങിയവരിലാണ് ആതിഥേയരുടെ പ്രതീക്ഷ.
അതേസമയം ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തോൽവി പാകിസ്ഥാൻ നായകൻ അസ്ഹർ അലിയെ സമ്മർദത്തിലാക്കിയിട്ടുണ്ട്. അസ്ഹറിന്റെ പരിചയക്കുറവുമൂലമാണ് കളിതോറ്റതെന്ന് മുൻ നായകൻ വാസിം അക്രം ഉൾപ്പടെയുള്ളവർ വിമർശിച്ചിരുന്നു.