flood-

രണ്ട് വര്‍ഷം മുന്‍പ് കേരളത്തെ മുക്കിയ മഹാപ്രളയത്തിന് സമാനമായ കാലവര്‍ഷത്തിനാണ് സംസ്ഥാനം കഴിഞ്ഞ കുറച്ച് ദിവസമായി സാക്ഷിയാവുന്നത്. ആഗസ്റ്റ് മാസത്തില്‍ ലഭിക്കേണ്ട മഴയേക്കാളും അധികം മഴ പത്ത് ദിവസം കൊണ്ട് മാത്രം കേരളത്തിന് ലഭിച്ചുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. എന്നാല്‍ വേണ്ടവിധം മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഇക്കുറി ഏര്‍പ്പെടുത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്. ഡാം മാനേജ്‌മെന്റ് ഫലപ്രദമായി നടപ്പാക്കിയത് കൊണ്ടാണ് പ്രളയം തടുത്തു നിര്‍ത്തിയതെന്ന് കെ എസ് ഇ ബി അവകാശപ്പെട്ടിരുന്നു. നദികളില്‍ വെള്ളമില്ലാത്ത സമയത്ത് ഡാമുകളില്‍ നിന്ന് കൃത്യമായി വെള്ളം തുറന്നു വിട്ടും, നദികളില്‍ വെള്ളമുള്ള സമയത്ത് ഡാമുകളില്‍ വെള്ളം ശേഖരിച്ചുമാണ് ഇത് നടപ്പിലാക്കിയത്. എന്നാല്‍ ഇപ്പോള്‍ ഡാം മാനേജ് ഫലപ്രദമായതിനാലാണ് പ്രളയത്തെ തടഞ്ഞതെന്ന് അവകാശപ്പെടുമ്പോള്‍ 2018 ല്‍ ഇതൊന്നും ചെയ്യാതിരുന്നതാണ് മഹാപ്രളയത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ ആരോപിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രണ്ട് വര്‍ഷം മുന്‍പത്തെ പ്രളയം മനുഷ്യനിര്‍മ്മിതമായിരുന്നു എന്ന ഗുരുതര ആരോപണം ഉയര്‍ത്തുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നദികളില്‍ വെള്ളമില്ലാത്ത സമയത്ത് ഡാമുകളില്‍ നിന്ന് കൃത്യമായി വെള്ളം തുറന്നു വിട്ടും, നദികളില്‍ വെള്ളമുള്ള സമയത്ത് ഡാമുകളില്‍ വെള്ളം ശേഖരിച്ചും ഡാം മാനേജ്‌മെന്റ് ഫലപ്രദമായി നടപ്പാക്കിയത് കൊണ്ടാണ് ഇപ്രാവശ്യം പ്രളയം തടുത്തു നിര്‍ത്താന്‍ കഴിഞ്ഞതെന്ന് കെ എസ് ഇ ബി.
2018 ല്‍ ഇതൊന്നും ചെയ്യാതെ (ജൂണിലും ജൂലൈയിലും ധാരാളം മഴ പെയ്ത് നദികള്‍ നിറഞ്ഞു കവിഞ്ഞു കിടന്നപ്പോഴും ) എല്ലാ ഡാമുകളും ഒരുമിച്ച് മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടതു കൊണ്ടുണ്ടായ മനുഷ്യനിര്‍മ്മിത പ്രളയമാണ് ഉണ്ടായതെന്നതിന് ഇതിനേക്കാളും വലിയ സാക്ഷ്യപത്രം വേറെ വേണ്ടല്ലോ!!!

മനസ്സിലാകാന്‍ രണ്ടു വര്‍ഷമെടുത്തു !!!