മാഞ്ചസ്റ്റർ : ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പാക്ക് താരം യാസിർ ഷായോട് മോശമായി സംസാരിച്ച ഇംഗ്ളീഷ് പേസർ സ്റ്റുവർട്ട് ബ്രോഡിൽ നിന്ന് പിഴ ഈടാക്കാൻ ശുപാർശ ചെയ്തതു സ്വന്തം പിതാവുകൂടിയായ മാച്ച് റഫറി ക്രിസ് ബ്രോഡാണ്. ക്രിസിന്റെ ശുപാർശ ഐ.സി.സി നടപ്പാക്കുകയും ചെയ്തു.
മാച്ച് ഫീയുടെ 15 ശതമാനം സ്റ്റുവർട്ട് പിഴയടയ്ക്കുന്നതുകൂടാതെ, ഒരു ഡീമെറിറ്റ് പോയിന്റ് താരത്തിന്റെ പേരിൽ ചേർക്കുകയും ചെയ്യും. കഴിഞ്ഞ 2 വർഷത്തിനിടെ താരത്തിന്റെ പേരിലെടുക്കുന്ന 3–ാമത്തെ നടപടിയാണിത്. ഫീൽഡ് അമ്പയർമാരായ റിച്ചെഡ് കെറ്റിൽബറോയും റിച്ചെഡ് ഇല്ലിങ്വർത്തുമാണു സംഭവം ക്രിസ് ബ്രോഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്നാണ് അദ്ദേഹം നടപടിയെടുത്തത്.
സാധാരണ ഗതിയിൽ മകൻ മത്സരിക്കുന്ന കളികൾ ക്രിസ് ഒഫിഷ്യേറ്റ് ചെയ്യാറില്ല. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് മാച്ച് റഫറിമാരെ എത്തിക്കുന്നത് ബുദ്ധിമുട്ടായതിനാൽ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.തന്റെ തെറ്റിന് ശിക്ഷയായി ഇത്തവണ അച്ഛൻ ക്രിസ് മസ് കാർഡ് അയയ്ക്കുകയോ സമ്മാനം നൽകുകയോ ചെയ്യാൻ സാദ്ധ്യതയില്ലെന്ന് തമാശയായി സ്റ്റുവർട്ട് ബ്രോഡ് പറഞ്ഞു.