തിരുവനന്തപുരം : കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനവും സി.ബി.എസ്.ഇ മാതൃകയിൽ സ്കൂൾ സിലബസ് 30 ശതമാനം വെട്ടിക്കുറച്ചേക്കും. വിദ്യാലയങ്ങൾ തുറക്കുന്നത് കേന്ദ്രം ഡിസംബർ വരെ നീട്ടുകയും ഒാൺ ലൈൻ അദ്ധ്യയനം തുടരേണ്ടിവരികയും ചെയ്യുന്ന സാഹചര്യത്തിലാണിത്.
ഡിസംബർ വരെ തുടർച്ചയായി ഒാൺലൈൻ ക്ളാസ് നടത്തിയാലും പാഠഭാഗങ്ങളിൽ പകുതി പോലും പഠിപ്പിച്ചു തീർക്കാനാവില്ല. സ്കൂളുകളിൽ ഒരു ദിവസം കുറഞ്ഞത് അഞ്ച് മണിക്കൂർ അദ്ധ്യയനത്തിന് ലഭിക്കുമ്പോൾ, ഒാൺലൈനിൽ ഇത് രണ്ട് മണിക്കൂറിൽ താഴെയാണ്.
ഡിസംബറിലോ ജനുവരിയിലോ റഗുലർ ക്ലാസ് തുടങ്ങാൻ സാധിച്ചാൽ തന്നെ ഈ അദ്ധ്യയന വർഷത്തിൽ പിന്നെ അവശേഷിക്കുക രണ്ടോ മൂന്നോ മാസമാണ്. ഈ പശ്ചാത്തലത്തിൽ നിലവിലെ സിലബസിൽ 30 ശതമാനം വരെ വെട്ടിക്കുറവ് വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. എന്നാൽ എസ്.എസ്.എൽ.സി, പ്ലസ് ടു പാഠഭാഗങ്ങളുടെ കാര്യത്തിൽ ഇതെത്രമാത്രം സാദ്ധ്യമാവുമെന്ന പ്രശ്നമുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം വിശദമായി പരിശോധിക്കും.
സ്കൂളുകളിൽ ജൂൺ ഒന്ന് മുതൽ ഒാൺലൈൻ പഠനം ആരംഭിച്ചത് രണ്ട് മാസത്തെ ഷെഡ്യൂൾ നിശ്ചയിച്ചായിരുന്നു. എന്നാൽ, കൊവിഡ് വ്യാപനം രൂക്ഷമായതോടെ കണക്കുകൂട്ടലുകൾ തെറ്റി.
സി.ബി.എസ്.ഇയിൽ
പ്രാബല്യത്തിൽ
സ്കൂൾ, പ്ലസ് ടു സിലബസ് 30 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള സി.ബി.എസ്.ഇ തീരുമാനം സ്കൂളുകൾ നടപ്പിലാക്കിത്തുടങ്ങി. 9 മുതൽ 12 വരെ ക്ളാസുകളിലെ പാഠഭാഗങ്ങളാണ് ആദ്യം കുറച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒാരോ ക്ളാസിലെയും പുസ്തകങ്ങളിൽ പഠിക്കേണ്ടതും ഒഴിവാക്കേണ്ടതും ഏതൊക്കെ പാഠങ്ങളാണെന്നതു സംബന്ധിച്ച ധാരണ അദ്ധ്യാപകർ കുട്ടികൾക്ക് കൈമാറിയിട്ടുണ്ട്.
ഒാൺ ലൈൻ പരീക്ഷയും
പരിഗണനയിൽ
സ്കൂളുകളിൽ ഒാണം, ക്രിസ്മസ് പരീക്ഷകൾ ഓൺലൈനാക്കുന്നതും പരിഗണിക്കുന്നു. ഒാൺലൈൻ പഠനത്തിന്റെ നിലവാരം നിർണയിക്കുന്നതിനും ഇതാവശ്യമാണ്. സി.ബി.എസ്.ഇ സ്കൂളുകൾ ഓൺലൈൻ യൂണിറ്റ് പരീക്ഷ പൂർത്തിയാക്കിക്കഴിഞ്ഞു. സംസ്ഥാന സിലബസ് സ്കൂളുകളിൽ ഒാൺലൈനായി സെപ്തംബറിൽ ആദ്യപാദ പരീക്ഷയും ഡിസംബറിൽ അർദ്ധ വാർഷിക പരീക്ഷയും നടത്തണമെന്നും, അർദ്ധ വാർഷിക പരീക്ഷ മതിയെന്നുമുള്ള നിർദ്ദേശവും ഉയർന്നിട്ടുണ്ട്. ഇതിന്റെ സാദ്ധ്യതകളും പ്രായോഗികതയും പരിശോധിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഖാൻ പറഞ്ഞു.