റായ്പുർ: ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബസ്തർ വനമേഖലയിൽ ഇന്നലെ രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുപയോഗിച്ചിരുന്ന ആയുധങ്ങൾ സി.ആർ.പി.എഫ് പിടിച്ചെടുത്തു. വനമേഖലയിൽ ഡിസ്ട്രിക് റിസർവ് ഗാർഡും സി.ആർ.പി.എഫ് കോബ്ര ഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മാവോയിസ്റ്റുകൾ തമ്പടിച്ച പ്രദേശം കണ്ടെത്തിയത്. സുരക്ഷ സേനയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ മാവോയിസ്റ്റുകൾ സേനാംഗങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. 20 മിനിറ്റോളം വെടിവയ്പ്പ് നീണ്ടുനിന്നതായി ബസ്തർ റേഞ്ച് ഐജി പി. സുന്ദരരാജ് പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് തോക്കുകളും സ്‌ഫോടകവസ്തുക്കൾ അടക്കമുള്ളവയും കണ്ടെടുത്തു.