shripad-naik

ന്യൂഡൽഹി : കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായികിന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതനായ വിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് രോഗ ലക്ഷണങ്ങളൊന്നുമില്ലെന്നും സുരക്ഷിതനാണെന്നും ഹോം ഐസൊലേഷനിലാണെന്നും മന്ത്രി വ്യക്തമാക്കി. താനുമായി സമ്പർക്കത്തിലേപ്പെട്ടവർ പരിശോധനയ്ക്ക് വിധേയമാകണമെന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി അറിയിച്ചു. നായികിന്റെ രോഗ ഉറവിടം വ്യക്തമല്ല. കൊവിഡ് പോസിറ്റീവാകുന്ന അഞ്ചാമത്തെ കേന്ദ്രമന്ത്രിയാണ് നായിക്.

കഴിഞ്ഞാഴ്ച പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന് കൊവിഡ് സ്ഥിരീകരിക്കുകയും ഹരിയാനയിലെ മേദാന്താ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈ മാസം ആദ്യം ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പാർലമെന്ററികാര്യ - വ്യവസായ സഹമന്ത്രി അർജുൻ മേഘ്‌വാൾ, കൃഷി വകുപ്പ് സഹമന്ത്രി കൈലാഷ് ചൗധരി എന്നിവർക്കും കൊവിഡ് പോസിറ്റീവായിരുന്നു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവർക്കും രോഗം ഭേദമായി.