തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇനി താനുണ്ടാകില്ലെന്ന് വ്യക്തമാക്കി ലോക് താന്ത്രിക്കുന്നതാദൾ (എൽ.ജെ.ഡി ) സംസ്ഥാന അദ്ധ്യക്ഷൻ എം.വി ശ്രേയംസ്‌കുമാർ. നിയമസഭ തിരഞ്ഞെടുപ്പുകളിൽ മത്സര രംഗത്ത് ഇനിയുണ്ടാകില്ലെന്നത് തന്റെ നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കില്ല. യാതൊരു ഉപാധിയുടെയും പുറത്തല്ല ഞങ്ങൾക്ക് രാജ്യസഭ സീറ്റ് ലഭിച്ചത്. 2022 കഴിഞ്ഞുള്ള സാഹചര്യം എന്താണ് എന്നതിനെപ്പറ്റിയുള്ള ചിന്ത ഇപ്പോഴില്ല. അക്കാര്യം അപ്പോൾ നോക്കാമെന്നാണ് കരുതുന്നത്. ഇപ്പോൾ വന്ന ഒഴിവിലേക്കാണ് ഞാൻ മത്സരിക്കുന്നത്. അതിനു ശേഷം എന്തുവേണമെന്ന് മുന്നണി ചർച്ച ചെയ്‌ത് തീരുമാനിക്കും. ജനതാദൾ എസുമായുള്ള ലയന ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് നോമിനേഷൻ കൊടുക്കുന്നതിനാൽ തന്നെ എം.പിയായി തിരഞ്ഞെടുക്കപ്പെടും മുമ്പ് ലയനത്തിനുള്ള സാദ്ധ്യതയില്ല. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് ലയനകാര്യത്തിൽ തീരുമാനമുണ്ടാകും. എം.വി ശ്രേയംസ് കുമാർ 'ഫ്ലാഷി'നോട് സംസാരിക്കുന്നു:
എം.പി ഫണ്ടില്ലെങ്കിലും പ്രവർത്തിക്കാം
ഇടതുപക്ഷ-സോഷ്യലിസ്റ്റ് ആശയങ്ങളിൽ ഊന്നികൊണ്ടുള്ള പ്രവർത്തനങ്ങളായിരിക്കും ഒരു എം.പിയെന്ന നിലയിൽ എന്റെ ഭാഗത്ത് നിന്നുണ്ടാവുക. ലോകം മുഴുവൻ ഒരു ദുരന്തമുഖത്താണ്. അതിനിടയിലാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ പോകുന്നതെന്ന കൃത്യമായ ബോദ്ധ്യമുണ്ട്. പാർലമെന്റ് ചേരുന്നതിനെപ്പറ്റി പോലും ആശയക്കുഴപ്പങ്ങൾ രാജ്യത്തുണ്ട്. വെർച്വലായി പാർലമെന്റ് ചേരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. വികസനത്തിന് വേണ്ടിയുള്ള എം.പി ഫണ്ട് കേന്ദ്രസർക്കാർ റദ്ദ് ചെയ്‌തത് വലിയൊരു പ്രശ്‌നമാണ്. കൊവിഡിനെ തുടർന്ന് രണ്ടു വർഷത്തേക്കാണ് റദ്ദ് ചെയ്‌തിരിക്കുന്നത്. എന്റെ കാലാവധിയും രണ്ട് വർഷമാണ്. ചുരുക്കത്തിൽ എം.പി ഫണ്ട് വിനിയോഗിക്കാൻ ആവാത്ത സ്ഥിതി വരും. എം.പി ഫണ്ടില്ലാതെയും ജനങ്ങൾക്ക് വേണ്ടി കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. എം.പി ഫണ്ടൊക്കെ കുറച്ച് കാലം മുമ്പാണ് വന്നത്. എം.പി ഫണ്ട് ഇല്ലാതിരുന്ന കാലത്തും പാർലമെന്റിൽ പോയി എം.പിമാർ പ്രവർത്തിച്ചിരുന്നു. നിയമനിർമ്മാണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇടപെടാനും പൊതുവെ ജനങ്ങൾക്ക് അനുകൂലമായ കാര്യങ്ങൾ ചെയ്യാനും സാധിക്കും. ആ കാര്യങ്ങളെല്ലാം രാഷട്രീയത്തിന് അതീതമായിരിക്കും.
അച്ഛന്റെ പിൻഗാമി
അച്ഛന് കിട്ടിയ ഒരു അവസരത്തിന്റെ തുടർച്ചയാണ് എനിക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ വളരെ വലുതാണ്. അച്ഛന് ഉള്ളതുപോലത്തെ രാഷ്ട്രീയ പരിചയമൊന്നും എനിക്കില്ല. പക്ഷേ, ആശയപരമായി അദ്ദേഹം സ്വീകരിച്ചിരുന്ന അതേ നിലപാട് തന്നെയാണ് എനിക്കുമുള്ളത്. എനിക്ക് അച്ഛന്റെ വിടവ് നികത്താൻ സാധിക്കില്ല.
പാർലമെൻ്റിലെ നിലപാട്
പാർലമെന്റിൽ എന്റെ നിലപാട് എന്തായിരിക്കുമെന്ന കാര്യം വളരെ വ്യക്തമാണ്. ഇടതുമുന്നണിയുടെ ഭാഗമായി കേന്ദ്രത്തിൽ ഉറച്ചുനിൽക്കും. പണ്ട് ദേവഗൗഡയുടെ മകൻ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ സമയത്ത് ജനതാദൾ എസിൽ നിന്ന് ഞങ്ങൾ പുറത്തു വന്ന് പ്രത്യേക പാർട്ടിയുണ്ടാക്കുകയായിരുന്നു. നിതീഷ് കുമാർ ബി.ജെ.പിയുമായി സഖ്യം ചേരാൻ പോയ സമയത്തും ഞങ്ങൾ ഒപ്പം നിന്നില്ല. ആ മതേതര നിലപാട് എപ്പോഴുമുണ്ടാകും. പ്രതിപക്ഷമെന്ന നിലയിൽ സഹകരിക്കേണ്ട സാഹചര്യങ്ങളിൽ കോൺഗ്രസുമായി സഹകരിക്കും.
ഇടതിന് ഭരണതുടർച്ച
എന്തൊക്കെ വിവാദങ്ങൾ ഉണ്ടായാലും ജനങ്ങൾ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളാകും നോക്കുക. അഞ്ച് വർഷം ഈ സർക്കാർ എന്തൊക്കെ ചെയ്‌തു, ഏതൊക്കെ രീതിയിലാണ് നാടിന് പുരോഗതിയുണ്ടായിട്ടുള്ളത് ഇതൊക്കെയാകും ജനങ്ങൾ വിലയിരുത്തുക. നാട്ടിൽ നടന്ന ദുരന്തങ്ങളും അത് മറികടക്കാനായി ഈ സർക്കാർ ചെയ്‌ത പ്രവൃത്തികളും ഉറപ്പായും തിരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാകും. അത്തരം കാര്യങ്ങൾ വിലയിരുത്തുമ്പോൾ ഉറപ്പായും ഇടതു സർക്കാരിന് ഭരണതുടർച്ചയുണ്ടാകും. അതേ തുടർന്നുള്ള അങ്കലാപ്പാണ് ഇപ്പോൾ പ്രതിപക്ഷം കാണിച്ചുകൊണ്ടിരിക്കുന്നത്.