കൊച്ചി: നല്ല മഴയുള്ളപ്പോള്‍ ടാറിട്ട റോഡില്‍ വാഹനങ്ങള്‍ക്ക് ബ്രേയ്ക്ക് കിട്ടാത്ത വരികയും തെന്നി തെറിക്കുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ? ഏറെക്കുറെ അക്വാ പ്ലെയിനിംഗ് ആയിരിക്കും ഇതിന് പിന്നില്‍. മഴക്കാലത്തെ ഒളിച്ചിരിക്കുന്ന അപകടമാണ് അക്വാ പ്ലെയിനിംഗ് .
എന്താണ് അക്വാ പ്ലെയിനിംഗ് ?
നിരത്തുകളില്‍ വാഹനത്തിന്റെ മുന്നോട്ടുള്ള കുതിപ്പും ബ്രേക്കിംഗും, സ്റ്റീയറിംഗ് ആക്ഷനുകളും എല്ലാം വാഹനത്തിലെ യാന്ത്രങ്ങളുടെ പ്രവര്‍ത്തനം മൂലമാണെങ്കിലും അന്തിമമായി പ്രവര്‍ത്തന ഘട്ടം ടയറും റോഡും തമ്മിലുള്ള ഫ്രിക്ഷന്‍ മൂലമാണ്. വെള്ളം കെട്ടി നില്‍ക്കുന്ന റോഡില്‍ വേഗത്തില്‍ വാഹനം ഓടിക്കുമ്പോള്‍ ടയറിന്റെ പമ്പിംഗ് ആക്ഷന്‍ മൂലം ടയറിന്റെ താഴെ വെള്ളത്തിന്റെ ഒരു പാളി രൂപപ്പെടുന്നു. സാധാരണ ഗതിയില്‍ ടയര്‍ റോഡില്‍ സ്പര്‍ശിക്കുന്നിടത്ത് ജലം ടയറിന്റെ ത്രെഡിന്റെ സഹായത്തോടെ ചാലുകളില്‍ കൂടി പമ്പ് ചെയ്ത് കളഞ്ഞ്, ടയറും റോഡും തമ്മിലുള്ള കോണ്‍ടാക്റ്റ് നിലനിര്‍ത്തും. എന്നാല്‍ ടയറിന്റെ വേഗത കൂടുന്തോറും പമ്പ് ചെയ്ത് പുറന്തള്ളാന്‍ കഴിയുന്ന അളവിനേക്കാള്‍ കൂടുതല്‍ വെള്ളം ടയറിനും റോഡിനും ഇടയിലേക്ക് അതിമര്‍ദ്ദത്തില്‍ ട്രാപ് ചെയ്യപ്പെടുകയും വെള്ളം കംപ്രസിബിള്‍ അല്ലാത്തത് കൊണ്ട് തന്നെ ഈ മര്‍ദ്ദം മൂലം ടയര്‍ റോഡില്‍ നിന്ന് ഉയരുകയും ചെയ്യും.അങ്ങിനെ ടയറിന്റെയും റോഡിന്റെയും തമ്മിലുള്ള ബന്ധം വിഛേദിക്കുന്ന അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോപ്ലെയിനിംഗ് അഥവാ അക്വാ പ്ലെയിനിംഗ്.
അക്വാ പ്ലെയിനിംഗ് മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാല്‍ ഡ്രൈവര്‍ ഉടന്‍ തന്നെ ആക്‌സിലറേറ്ററില്‍ നിന്ന് കാല് പിന്‍വലിക്കേണ്ടതും സഡന്‍ ബ്രേക്കിംഗും സ്റ്റിയറിംഗ് വെട്ടി തിരിക്കുന്നതും ഒഴിവാക്കേണ്ടതാണ്. വാഹനത്തിന്റെ വേഗത കുറക്കുക എന്നതു തന്നെയാണ് ഏറ്റവും പ്രധാനം.