ന്യൂഡല്‍ഹി : വികസിത രാജ്യമായ അമേരിക്കയിലേത് പോലെ ഇന്ത്യയിലും സ്വകാര്യ സ്പേസ് ഏജന്‍സിയുടെ പ്രവര്‍ത്തനം വിപുലമാവുന്നു. രാജ്യത്തെ ശാസ്ത്ര പുരോഗതിയുടെ കുതിച്ച് ചാട്ടത്തിന് കാരണമായേക്കാവുന്ന റോക്കറ്റ് വിക്ഷേപണം അടുത്ത വര്‍ഷമുണ്ടാകുമെന്ന് സ്കൈറൂട്ട് എയ്റോസ്പേസിന്റെ വക്താക്കള്‍ അറിയിച്ചു. സ്റ്റാര്‍ട്ടപ്പ് കമ്പനിയായി ആരംഭിച്ച സ്കൈറൂട്ട് എയ്റോസ്പേസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രതീക്ഷയുളവാക്കുന്നതാണ്. രാജ്യത്തിന്റെ അഭിമാനമായ ഐ എസ് ആര് ഒയിലെ ശാസ്ത്രജ്ഞന്മാരായിരുന്ന പവന് കുമാര്‍ ചന്ദനയും, നാഗ ഭാരത് ഡാക്കയുമാണ് സ്കൈറൂട്ട് എയ്റോസ്പേസ് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി ആരംഭിച്ചത്. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിക്ഷേപണ വാഹന നിര്‍മാതാക്കളില്‍ ഒരാളായിരിക്കും സ്കൈറൂട്ട് എയ്റോസ്പേസ് എന്ന് കഴിഞ്ഞ വര്‍ഷം സ്ഥാപനത്തിന്റെ സഹസ്ഥാപകരില്‍ ഒരാളായ ഭരത് ഡാക്ക പ്രസ്താവിച്ചിരുന്നു.
കേവലം ഒരു വര്‍ഷം പിന്നിടുമ്പോള്‍ തന്നെ റോക്കറ്റ് വിക്ഷേപണത്തിന്റെ സമയം കുറിക്കുവാന്‍ കമ്പനിക്കായി. ഇതിലേക്കായി ഘട്ടം ഘട്ടമായി റോക്കറ്റിന്റെ പ്രവര്‍ത്തന പരീക്ഷണങ്ങള്‍ നടത്തുവാനാണ് കമ്പനിയുടെ തീരുമാനം. ഇപ്പോള്‍ നടത്തിയ റോക്കറ്റിന്റെ എന്ജിന് പരീക്ഷണം വിജയകരമായിരുന്നെന്നും കമ്പനി അവകാശപ്പെടുന്നു. വരുന്ന ആറുമാസത്തിനുള്ളി കൂടുതല്‍ പരീക്ഷണം നടത്തും. ത്രീ ഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് റോക്കറ്റ് നിര്‍മ്മാണം സാദ്ധ്യമാക്കുന്നത്.
ഇപ്പോള്‍ നടക്കുന്ന എന്ജിന് പരീക്ഷണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയായാല്‍ 2021 ഡിസംബറില്‍ ആദ്യത്തെ റോക്കറ്റ് പരീക്ഷിക്കുകയും വിജയകരമായി തീര്‍ന്നാല്‍ ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങള്‍ അയയ്ക്കുന്ന പദ്ധതിക്ക് രൂപം നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ഒരൊറ്റ ദൗത്യത്തില്‍ വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ ഉപഗ്രഹങ്ങളെത്തിക്കുവാനുള്ള സാങ്കേതിക വിദ്യ പരീക്ഷിക്കുവാനും സ്വകാര്യ സ്പേസ് ഏജന്‍സി തയ്യാറെടുക്കും. അടുത്തിടെ സ്വകാര്യ മേഖലയെ ഐ എസ് ആര് ഒയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു. രാജ്യത്തെ ശാസ്ത്ര പുരോഗതിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരും വര്ഷങ്ങളിലുണ്ടാവും എന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍.
പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ചിലവ് കുറഞ്ഞതും വിജയകരവുമായ ബഹിരാകാശ ദൗത്യങ്ങളാണ് ഐ എസ് ആര് ഒയുടെ മുഖമുദ്ര. ഈ മേഖലയിലേക്ക് സ്വകാര്യ പങ്കാളിത്തം കൂടിയെത്തുമ്പോള്‍ ഉപഗ്രഹ വിക്ഷേപണത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ പ്രസക്തി വര്‍ദ്ധിക്കുമെന്ന് ഉറപ്പാണ്.