ന്യൂഡൽഹി : കോൺഗ്രസ് നേതാവും പാർട്ടിയുടെ ദേശീയ വക്താവുമായ രാജീവ് ത്യാഗി അന്തരിച്ചു. വൈകിട്ട് ഏഴ് മണിയോടെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. മാദ്ധ്യമ ചർച്ചകളിൽ കോൺഗ്രസിന്റെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന ത്യാഗി മരണത്തിന് തൊട്ടുമുമ്പും ചാനൽ ചർച്ചയിൽ പങ്കെടുത്തിരുന്നു.
ഇന്ന് വൈകിട്ട് 5 മുതൽ 6 വരെ ബംഗളൂരു സംഘർഷവുമായി ബന്ധപ്പെട്ട് ആജ്തക് ചാനലിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത ശേഷം ഗാസിയാബാദിലുള്ള വീട്ടിൽ തിരിച്ചെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ഗാസിയാബാദിലെ യശോദ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉത്തർപ്രദേശ് കോൺഗ്രസിന്റെ ജനറൽ ജനറൽ സെക്രട്ടറിയും വക്താവുമായി പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും വിവിധ പാർട്ടി നേതാക്കളും രാജീവ് ത്യാഗിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.