tenerife-plane-crash

കരിപ്പൂരിലെ വിമാന ദുരന്തത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ,​ വീണ്ടും ഓർമ വന്നത് ആറുവർഷം പിറകിലെ ഒരു മാർച്ച് മാസത്തെക്കുറിച്ചാണ്. കൃത്യമായി പറഞ്ഞാൽ,​ 2014 മാർച്ച് എട്ട് . അന്നാണ് 227 യാത്രക്കാരും 12ജീവനക്കാരുമായി എംഎച്ച് 370 എന്ന മലേഷ്യൻ യാത്രാവിമാനം ആകാശയാത്രയ്ക്കിടെ അപ്രത്യക്ഷമായത്. സാദ്ധ്യമായ എല്ലാ സങ്കേതങ്ങളുമുപയോഗിച്ച് തിരഞ്ഞിട്ടും ഇതുവരെ ആ വിമാനം കണ്ടെത്തിയിട്ടില്ല.

മലേഷ്യയിലെ ക്വാലലംപൂരിൽനിന്നു ചൈനയിലെ ബീജിംഗിലേക്കുപുറപ്പെട്ട വിമാനമാണ് എംഎച്ച് 370. പക്ഷേ,​ വിമാനം ബീജിംഗിലെത്തിയില്ല. പിന്നീടാരും ആ വിമാനമോ അതിലെ യാത്രക്കാരെയോ കണ്ടിട്ടുമില്ല. തകർന്നുവീണതാണോ ? എങ്കിൽ എങ്ങനെ ? എവിടെവച്ച് ? ആരെങ്കിലും റാഞ്ചിയതാണോ ? എങ്കിൽ ആര്? എന്തിനുവേണ്ടി ? വിമാനത്തിലുണ്ടായിരുന്ന 239 പേർക്ക് എന്തുസംഭവിച്ചു ? വിമാനം തകർന്നുവീണതാണെങ്കിൽ അതിന്റെ അവശിഷ്ടങ്ങൾ എവിടെ ? ഇത്തരം ചോദ്യങ്ങൾക്കൊന്നും ആറുവർഷങ്ങൾക്കുശേഷവും കൃത്യമായ ഉത്തരമില്ല,​ ഊഹാപോഹങ്ങളല്ലാതെ..

ആറു മണിക്കൂർ യാത്രയ്ക്കായി പ്രാദേശിക സമയം പുലർച്ചെ 12. 41 നു വിമാനം പുറപ്പെട്ടു. മുക്കാൽ മണിക്കൂറിനകം എയർ ട്രാഫിക് സംവിധാനവുമായുള്ള അതിന്റെ ബന്ധം അറ്റുപോവുകയും റഡാർ സ്ക്രീനുകളിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. എന്തെങ്കിലും പ്രശ്നമുണ്ടെന്ന സൂചനകളൊന്നും കൺട്രോൾ കേന്ദ്രങ്ങളിൽ ലഭിച്ചിരുന്നില്ല. കാലാവസ്ഥ പൊതുവിൽ ശാന്തവുമായിരുന്നു. പിന്നീട് ഒരു മണിക്കൂറിനുശേഷം വിമാനം പെട്ടെന്നു ദിശമാറി പറക്കുന്നതു ഉപഗ്രഹ ക്യാമറകളിൽ പതിഞ്ഞു. വടക്കു കിഴക്കുള്ള ബീജിംഗിന്റെ ഭാഗത്തേക്കു പോകാതെ തെക്കു പടിഞ്ഞാറു മലേഷ്യൻ അർധദ്വീപിന്റെ ഭാഗത്തേക്കു തിരിഞ്ഞു. പിന്നീട് വടക്കു പടിഞ്ഞാറു ഭാഗത്തേക്കു മാറി മലാക്ക കടലിടുക്കിനു മുകളിലൂടെ മുന്നോട്ടു പോവുകയും ചെയ്തു. ഒടുവിൽ വിമാനം അതിവേഗത്തിൽ താഴേക്കു കുതിക്കുന്നതും ഉപഗ്രഹ ചിത്രങ്ങളിൽ കണ്ടു. പിന്നീട് എന്ത് സംഭവിച്ചെന്ന് ഇന്നും ആർക്കുമറിയില്ല. വിമാനത്തിന്റേതെന്നു കരുതുന്ന അവശിഷ്ടം ആദ്യമായി ഇന്ത്യാസമുദ്രത്തിൽ കണ്ടെത്തിയത് ഒന്നേകാൽ വർഷത്തിനുശേഷമാണ്. സാങ്കേതികത്തകരാറും തട്ടിക്കൊണ്ടുപോകലും തുടങ്ങി പൈലറ്റിന്റെ ആത്മഹത്യ വരെ കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടു. അത്യാധുനിക സങ്കേതങ്ങൾ ഉപയോഗിച്ച്,​ കോടിക്കണക്കിന് രൂപ ചെലവഴിച്ച് തെരച്ചിൽ തുടർന്നു. എന്നിട്ടും വിമാനത്തിന്റെ മുഖ്യഭാഗം കണ്ടെത്താനായില്ല. വിമാനത്തിൽ എന്തു സംഭവിച്ചുവെന്ന നിർണായക വിവരം നൽകാൻ കഴിയുന്ന ബ്ളാക്ക് ബോക്സും എവിടെയോ മറഞ്ഞുകിടക്കുന്നു.

മറ്റൊരു മാർച്ച്: ടെനറീഫ് ദുരന്തം

വിമാനാപകടങ്ങളുടെ പട്ടികയിൽ ലോകം നടുങ്ങിയ ഒരു അപകടത്തിന്റെ പേരുണ്ട്. ടെനറീഫ് എയർ ക്രാഷ്. സ്പെയിനിലെ ടെനറീഫ് ദ്വീപിലെ റൺവേയിൽ രണ്ട് യാത്രാവിമാനങ്ങൾ കൂട്ടിയിടിച്ച് തകർന്നപ്പോൾ മരിച്ചത് 583 പേരാണ്. ലോകത്ത് ഏറ്റവും കൂടുതൽ പേർ മരിച്ച വിമാന ദുരന്തമാണിത്. 1977 മാർച്ച് 27നായിരുന്നു അത്. ഇപ്പോൾ ടെനറീഫ് നോർത്ത് എയർപോർട്ട് എന്നറിയപ്പെടുന്ന ലോസ് റോഡിയോസ് എയർപോർട്ടിന്റെ റൺവേയിൽ രണ്ട് ബോയിംഗ് വിമാനങ്ങൾ നേർക്കുനേർ വരികയായിരുന്നു.

സ്പെയിനിലെ ഗ്രാൻ കനേരിയ വിമാനത്താവളത്തിൽ തീവ്രവാദഭീഷണിയെ തുടർന്ന് നിരവധി വിമാനങ്ങൾ ടെനറീഫിലെ ലോസ് റോഡിയോസ് വിമാനത്താവളത്തിലേക്ക് വഴിതിരിച്ച് വിട്ടിരുന്നു. അപകടത്തിൽപ്പെട്ട വിമാനങ്ങളും വഴിതിരിച്ച് വിട്ടവയാണ്. വിമാനങ്ങൾ വഴിതിരിച്ച് വിട്ടതോടെ ടെനറീഫിലെ വിമാനത്താവളത്തിന് ഉൾക്കൊള്ളാവുന്നതിലേറെ വിമാനങ്ങളായി. ഒരു റൺവേയും ഒരു ടാക്‌സിവേയും മാത്രമുള്ള വിമാനത്താവളത്തിൽ വലിയ വിമാനങ്ങളെ ഒരുമിച്ച് ഉൾക്കൊള്ളുക പ്രയാസമായിരുന്നു.കനത്ത മൂടൽമഞ്ഞ് പൈലറ്റിന്റെയും എയർ ട്രാഫിക് കൺട്രോളിന്റെയും കാഴ്ച മറയ്ക്കുന്നുണ്ടായിരുന്നു. ഗ്രാൻ കനേരിയ എയർപോർട്ട് വീണ്ടും തുറന്നു എന്ന അറിയിപ്പ് കിട്ടിയ ശേഷം പുറപ്പെടാനൊരുങ്ങിയ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. ഡച്ച് കമ്പനിയായ കെ.എൽ.എമ്മിന്റെ 4805 വിമാനവും പാൻ അമേരിക്കൻ എയർലൈൻസിന്റെ 1736 വിമാനവുമാണ് ദുരന്തത്തിൽ പെട്ടത്. എയർ ട്രാഫിക് കൺട്രോളർക്കോ പൈലറ്റുമാർക്കോ രണ്ടുവിമാനങ്ങളും മൂടൽമഞ്ഞ് കാരണം കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. പറന്നുയരാനായി കുതിച്ച കെ.എൽ.എം വിമാനത്തിന്റെ വലത് ചിറകും എൻജിനുകളും ലാൻഡിംഗ് ഗിയറും പാൻ എ.എം വിമാനത്തിന്റെ മുകളിൽ വന്നിടിച്ചു. പാൻ എ.എം വിമാനത്തിന്റെ മുകൾവശം മുഴുവനായി തകർന്നു. തീഗോളങ്ങൾ ആകാശത്തേക്കുയർന്നു. കെ.എൽ.എം വിമാനത്തിലുണ്ടായിരുന്ന 248 പേരിൽ ഒരാൾ പോലും രക്ഷപ്പെട്ടില്ല. പാൻ എ.എം വിമാനത്തിലെ 335 പേർ മരിച്ചു. 61 പേർ രക്ഷപ്പെട്ടു. 583 പേർ മരിച്ച വിമാനദുരന്തം ലോകം കണ്ട എക്കാലത്തെയും വലിയ വിമാന ദുരന്തമായി.

സ്പെയിൻ നടത്തിയ അന്വേഷണത്തിൽ കെ.എൽ.എം വിമാനത്തിലെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ നിന്ന് നിർദേശം ലഭിച്ചെന്ന വിശ്വാസത്തിൽ വിമാനം ടേക്ഓഫിന് ഒരുങ്ങിയതാണ് അപകടത്തിന്റെ പ്രാഥമിക കാരണമെന്ന് കണ്ടെത്തി. ആശയവിനിമയത്തിലെ പിഴവുകളാണ് പ്രധാന കാരണമെന്ന് ഡച്ച് അന്വേഷണത്തിൽ ചൂണ്ടിക്കാട്ടുന്നു. എങ്കിലും, അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത കെ.എൽ.എം ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ തയാറായി.

കുറിപ്പ്: ഈ ദുരന്തം പിന്നീട് വൈമാനിക മേഖലയിൽ നിരവധി മാറ്റങ്ങൾക്ക് വഴിമരുന്നായി. സുരക്ഷ വർധിപ്പിക്കുന്നതിന്റെയും ആശയവിനിമയം കൃത്യമായിരിക്കേണ്ടതിന്റെയും പ്രാധാന്യം ദുരന്തത്തോടെ അധികൃതർ തിരിച്ചറിഞ്ഞു.