imran-khan-

ഇസ്ളാമാബാദ് : കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് അഞ്ചിന് ഭരണഘടനയിലെ 370 അനുച്ഛേദം റദ്ദാക്കി ജമ്മുകാശ്മീരിന്റെ സവിശേഷ അധികാരങ്ങള്‍ ഇന്ത്യ റദ്ദാക്കിയത് മുതല്‍ ഇരിക്കപ്പൊറുതി ഇല്ലാതെയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രസ്താവനകള്‍ നടത്തിയത്. കാശ്മീരിന്റെ കാര്യം യു എന്നിലടക്കം പലകുറി ഉയര്‍ത്തിയെങ്കിലും ലോകരാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കാന്‍ പാകിസ്ഥാനായില്ല. ഇസ്ലാമിക രാഷ്ട്രങ്ങളുടെ പിന്തുണ പോലും നേടാനാവാതെ വന്നപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളോടുള്ള പരിഭവം തുറന്ന് പറയാനും പാക് ഭരണാധികാരി തയ്യാറായി. മലേഷ്യ തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ലഭിച്ച പിന്തുണയാണ് പാകിസ്ഥാന് ഇതിന് ധൈര്യം പകര്‍ന്നത്. എന്നാല്‍ സാമ്പത്തിക സ്ഥിതിയ കഷ്ടതയിലായതോടെ സൗദി നല്‍കുന്ന കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വായ്പകള്‍ നിലയ്ക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ ഇപ്പോഴത്തെ പോക്ക്.

ഫ്രീ പെട്രോള്‍ നിലച്ചു

ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ നില്‍ക്കാന്‍ ഓര്‍ഗനൈസേഷന്‍ ഒഫ് ഇസ്ലാമിക് കോര്‍പ്പറേഷനെ(ഒ.ഐ.സി) അനുവദിക്കാത്തതില്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി സൗദി അറേബ്യയെ പരസ്യമായി ആക്ഷേപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അനുദിനം വഷളാകുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സൗദിയില്‍ നിന്നും ലഭിച്ച ഒരു ബില്യണ്‍ ഡോളര്‍ വായ്പ അടയ്ക്കാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതമായിരുന്നു. 2018 ല്‍ 6.2 ബില്യണ്‍ ഡോളര്‍ പാകിസ്ഥാന് വായ്പ നല്‍കിയിരുന്നു. ഇതില്‍ മൊത്തം 3 ബില്യണ്‍ ഡോളര്‍ വായ്പയും 3.2 ബില്യണ്‍ ഡോളര്‍ ഓയില്‍ ക്രെഡിറ്റുമായിരുന്നു. പാകിസ്ഥാനിലെ എണ്ണവില മറ്റു ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് കുറച്ച് നിര്‍ത്തിയിരുന്നത് ഇത്തരത്തില്‍ സൗജന്യമോ കുറഞ്ഞ നിരക്കിലോ ലഭിക്കുന്ന 'എണ്ണസമ്മാന'ത്തിലൂടെയായിരുന്നു. ഇസ്ലാമാബാദിന്റെ വിമര്‍ശനത്തെത്തുടര്‍ന്ന് സൗദി അറേബ്യ പാകിസ്ഥാനിലേക്കുള്ള വായ്പയും അനുബന്ധ എണ്ണ വിതരണവും അവസാനിപ്പിച്ചുവെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്ലാമിക ലോകത്തെ സൗദി അറേബ്യയുടെ അപ്രമാദിത്വത്തെ വെല്ലുവിളിക്കാന്‍ ആഗ്രഹിക്കുന്ന തുര്‍ക്കിയാണ് പാകിസ്ഥാന്റെ നിലപാടിനെ പിന്തുണയ്ക്കുന്നത്. കാശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ കലവറയില്ലാത്ത പിന്തുണ തുര്‍ക്കി നല്‍കുമെന്ന പ്രതീക്ഷയും പാകിസ്ഥാനുണ്ട്. എന്നാല്‍ തൊട്ടയലത്തെ നല്ല സൗഹൃദത്തെ പിണക്കുന്ന പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ നീക്കം നിലനില്‍പിനെത്തന്നെ അവതാളത്തിലാക്കുമെന്ന് ചില പാക് നിരീക്ഷകര്‍ വിശ്വസിക്കുന്നു.