മോസ്‌കോ:കൊവിഡിനെതിരെ വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ആദ്യ ബാച്ച് രണ്ടാഴ്ചക്കുളളിൽ വിതരണത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യൻ ആരോഗ്യമന്ത്രി മിഖായേൽ മുറാഷ്‌കോ. ആദ്യഘട്ടത്തിൽ ആഭ്യന്തര വിപണിയെയാണ് പരിഗണിക്കുന്നതെന്നുംതുടർന്ന് വൻതോതിൽ കയറ്റുമതിക്കും സാദ്ധ്യതയുണ്ടെന്ന് മിഖായേൽ മുറാഷ്‌കോ മാധ്യമങ്ങളോട് പറഞ്ഞു.
'വാക്‌സിന്റെ ആദ്യ ബാച്ച് രണ്ടാഴ്ചക്കുളളിൽ വിതരണത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.കുത്തിവെയ്പ് സ്വമേധയാ തെരഞ്ഞെടുക്കാം.നിലവിൽ തന്നെ നിരവധി ഡോക്ടർമാർക്ക് കോവിഡിനെതിരെയുളള സ്വാഭാവികമായ രോഗപ്രതിരോധശേഷി ലഭിച്ചിട്ടുണ്ട്. ഇത് ഏകദേശം 20 ശതമാനം വരും. കുത്തിവെയ്പ് വേണോ, വേണ്ടയോ എന്ന് ഡോക്ടർമാർക്ക് തീരുമാനിക്കാം. നിലവിൽ വാക്‌സിൻ വിതരണത്തിൽ സ്വന്തം രാജ്യത്തിനാണ് മുൻഗണന. ഭാവിയിൽ വാക്‌സിൻ കയറ്റുമതി ചെയ്യും. ഇതിന് വലിയ തോതിലുളള സാധ്യത ഉണ്ടെന്ന് അറിയാം. വിദേശരാജ്യങ്ങൾക്ക് നിശ്ചമായും വാക്‌സിൻ കൈമാറും. എന്നാൽ ആഭ്യന്തര വിപണിക്കാണ് ഇപ്പോൾ പരിഗണന' മിഖായേൽ മുറാഷ്‌കോ പറഞ്ഞു.
കഴിഞ്ഞദിവസമാണ് കൊവിഡ് വാക്‌സിൻ വിജയകരമായി വികസിപ്പിച്ചെടുത്തതായി പ്രസിഡന്റ് വ്‌ളാമഡിമിർപുടിൻ പ്രഖ്യാപിച്ചത്. ഉപയോഗത്തിനായി വാക്‌സിൻ രാജ്യത്ത് രജിസ്റ്റർ ചെയ്തതായും പുടിൻ വ്യക്തമാക്കിയിരുന്നു.സ്പുട്‌നിക് അഞ്ച് എന്ന് പേരിട്ടിരിക്കുന്ന വാക്‌സിൻ റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് വികസിപ്പിച്ചത്. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം വാക്‌സിൻ വിജയകരമായി വികസിപ്പിച്ചെടുത്തതായി പ്രഖ്യാപനം നടത്തിയത്.